അവിവാഹിതരായ ക്രൈസ്തവ യുവാക്കളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു! മുന്നറിയിപ്പ് സന്ദേശവുമായി സീറോ മലബാര്‍ സഭ

കേരളത്തിലെ ക്രൈസ്തവ ജനസംഖ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവില്‍ ആശങ്ക പ്രകടിപ്പിച്ച് സീറോ മലബാര്‍ സഭ. കേരളത്തിലെ കത്തോലിക്കാ സമൂഹം ഈ അപകടകരമായ വസ്തുതയെ ഗൗരവമായി കാണണമെന്ന മുന്നറിയിപ്പും സഭ നല്‍കിയിരിക്കുകയാണ്. ചങ്ങനാശേരി അതിരൂപാതാധ്യക്ഷന്‍, മാര്‍ ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സീറോ മലബാര്‍ സഭയ്ക്ക് കീഴില്‍ മാത്രം ഒരു ലക്ഷത്തിലധികം യുവാക്കളാണ് വിവാഹപ്രായം കഴിഞ്ഞിട്ടും പങ്കാളിയെ കണ്ടെത്താനാവാത്ത അവസ്ഥയിലുള്ളതെന്നും ഇത് സഭയ്ക്കും സഭാംഗങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണെന്നും സര്‍ക്കുലര്‍ വിലയിരുത്തുന്നു. സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ..

‘കേരള ക്രൈസ്തവ സമൂഹത്തിന്റെ ദുരവസ്ഥകളെ കുറിച്ചും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും ഗൗരവമായി ചിന്തിക്കുകയും ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇവിടുത്തെ ക്രൈസ്തവസമൂഹം അടിക്കടി പിന്നോക്കാവസ്ഥ യിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരള സംസ്ഥാന രൂപീകരണ സമയത്ത് ഇവിടുത്തെ രണ്ടാമത്തെ വലിയ സമൂഹം ആയിരുന്ന ക്രൈസ്തവര്‍ ഇന്ന് 18.3 8 % മാത്രമാണ് സമീപ വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികളുടെ ജനനനിരക്ക് 14 % ആയി കുറഞ്ഞിരിക്കുന്നു. ഇതു വളരെ ആശങ്കാകരമായ ഒരു സ്ഥിതിവിശേഷമാണ്. നമ്മുടെ യുവജനങ്ങള്‍ മിക്കവരും പ്രവാസികളായി കൊണ്ടിരിക്കുകയാണ്.

30 വയസ്സിനു മുകളില്‍ പ്രായം ആയിട്ടും വിവാഹം കഴിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന പുരുഷന്മാരുടെ എണ്ണം സീറോ മലബാര്‍ സഭയില്‍ തന്നെ ഒരു ലക്ഷത്തിനടുത്ത് വരും എന്ന് ഈയിടെ നടത്തിയ ഒരു അനൗദ്യോഗിക കണക്കെടുപ്പ് സൂചിപ്പിക്കുന്നു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയാണ് ഇതിനെല്ലാം പ്രധാന കാരണം. ക്രൈസ്തവരുടെ ഇടയില്‍ ആണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നത് എന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ഈയിടെ പാര്‍ലമെന്റില്‍ പ്രസ്താവിക്കുയുണ്ടായല്ലോ കാര്‍ഷിക മേഖല തകര്‍ന്നു കഴിഞ്ഞു . ചെറുകിട ബിസിനസുകള്‍ യുടെയും വ്യവസായങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം കൂടി കേരള ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തില്‍ ആക്കിയിരിക്കുകയാണ്.ഇവയ്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ച് നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

നിലനില്‍പ്പ് അപകടത്തില്‍ ആയിരിക്കുന്ന സമൂഹങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുകയും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്. 4700 കോടി രൂപയാണ് നിലവില്‍ വാര്‍ഷിക ബഡ്ജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി നീക്കിവച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ വേറെയുമുണ്ട്. ഒരു കോടിയോളം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നത് കൂടാതെ പി എസ് സി, ബാങ്ക് കോച്ചിംഗ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കായി സൗജന്യ പരിശീലന കേന്ദ്രങ്ങള്‍, സ്വയം തൊഴില്‍ പരിശീലനങ്ങള്‍ എന്നിവ നടത്തുകയും വിദ്യാഭ്യാസ സ്വയംതൊഴില്‍ വായ്പകള്‍ കുറഞ്ഞ പലിശയില്‍ നല്‍കുകയും ചെയ്തുവരുന്നു.

എന്നാല്‍ ക്രൈസ്തവര്‍ ഇത്തരം പദ്ധതികളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയോ യഥാസമയം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പരാജയമാണ്. അതോടൊപ്പം സര്‍ക്കാര്‍ ജോലികളില്‍ നിന്നും നമ്മുടെ സമൂഹം മുഖം തിരിച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജോലികള്‍ വെറും ഉപജീവനമാര്‍ഗ്ഗം മാത്രമല്ല സമുദായത്തിന് അധികാരത്തിലുള്ള പങ്കാളിത്തം കൂടിയാണ്. ഇപ്പോള്‍ സാമ്പത്തിക സംവരണം നിലവില്‍ വന്നിരിക്കുന്നതിനാല്‍ നമ്മുക്ക് ശുഭപ്രതീക്ഷകളാണ് ഉള്ളത്. ഈ സുവര്‍ണ്ണ അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ടതുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലും നടപ്പാക്കലും ക്രൈസ്തവ സമൂഹം തികഞ്ഞ അനീതികളെ നേരിട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. പദ്ധതികള്‍ നടപ്പിലാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണങ്കിലും പദ്ധതി നിര്‍വഹണത്തിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഇതിനായി രൂപീകരിച്ച വകുപ്പുകളിലും സമിതികളിലും ക്രൈസ്തവ പ്രാതിനിധ്യം തുലോം തുച്ഛമാണ്. മാത്രമല്ല ഈ പദ്ധതികളെല്ലാം തികച്ചും അനീതിപരമായി ആണ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് ഒരു പരിശീലന കേന്ദ്രം പോലും അനുവദിച്ച് നല്‍കിയിട്ടില്ല.

നമുക്കുവേണ്ടി യാതൊരു ക്ഷേമ പദ്ധതികളും നടപ്പിലാക്കപ്പെടുന്നില്ല. നമ്മുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ അവഗണനയ്‌ക്കെതിരെ നമ്മുടെ സമുദായത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. കൂടാതെ നമ്മുടെ പിന്നോക്കാവസ്ഥയെ കുറിച്ചും ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും അവയുടെ നടപടിക്രമങ്ങളെകുറിച്ചും നിരന്തരമായ ബോധവല്‍ക്കരണം നടത്തേണ്ടതുമുണ്ട്’.