അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി ഓസ്‌ട്രേലിയയിലെ സഭയുടെ അഭ്യര്‍ത്ഥന

അഭയം നല്‍കാനുദ്ദേശിക്കുന്ന അഫ്ഗാനിസ്ഥാന്‍കാരായ അഭയാര്‍ത്ഥികളുടെ എണ്ണം കൂട്ടാന്‍ ഓസ്‌ട്രേലിയയിലെ കത്തോലിക്കാ മെത്രാന്‍സംഘം അന്നാടിന്റെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ആഗസ്റ്റ് 15 -ന് താലിബാന്‍ ഇസ്ലാം തീവ്രവാദ സംഘടന അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഭയവിഹ്വലരായി പ്രാണരക്ഷാര്‍ത്ഥം അന്യനാടുകളിലേക്ക് പലായനം ചെയ്യുന്നവരില്‍ ചുരുങ്ങിയത് ഇരുപതിനായിരം പേര്‍ക്കെങ്കിലും ഓസ്‌ട്രേലിയ അഭയം നല്‍കണമെന്ന് മെത്രാന്‍സംഘത്തിന്റെ അദ്ധ്യക്ഷന്‍, ബ്രിസ്‌ബെയിന്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ക്ക് കൊളെറിഡ്ജ് ഓസ്‌ട്രേലിയായുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്ണിന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

3000 പേരെ മാത്രം സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ്പ് കൊളെറിഡ്ജ് ഈ അഭ്യര്‍ത്ഥന നടത്തിയത്. ഇക്കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഓസ്‌ട്രേലിയ 8000 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയത് അനുസ്മരിക്കുന്ന അദ്ദേഹം, അത് സത്താപരമായ ഒരു പ്രവര്‍ത്തി തന്നെയാണെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും പറയുന്നു. താലിബാനെ എതിര്‍ക്കുന്നവരോ, ഭിന്നമത ജീവിതരീതികള്‍ പിന്തുടരുന്നവരോ പീഡിപ്പിക്കപ്പെടുന്ന അപകടസാധ്യതയെക്കുറിച്ചു സൂചിപ്പിക്കുന്ന ആര്‍ച്ചുബിഷപ്പ് കൊളെറിഡ്ജ്, ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും അഭയം നല്‍കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു.

തങ്ങള്‍ പഴയ ശൈലി മാറ്റി കൂടുതല്‍ സഹിഷ്ണുതയുള്ള പുതിയ രീതിയാണ് അവലംബിക്കുകയെന്ന് പറയുന്നുണ്ടെങ്കിലും തലിബാന്‍ അക്രമശൈലി തന്നെ തുടരുന്നതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.