ക്രിസ്തുമസ് ചിന്തകൾ 05: എലിസബത്ത് 

ഫാ. സാജന്‍ ജോസഫ്‌

വിവാഹം കഴിഞ്ഞ ഏതൊരു സ്ത്രീയുടെയും വലിയ പ്രതീക്ഷയും സ്വപ്നവും കാത്തിരിപ്പുമാണ് ഒരമ്മയായി മാറുകയെന്നത്. ഗർഭം ധരിക്കുന്നതും കുഞ്ഞിന് ജന്മം നല്കുന്നതും വളർത്തി വലുതാക്കി നല്ല നിലയിൽ ജീവിക്കാൻ ആവശ്യകമായ എല്ലാ സംവിധാനങ്ങളും മക്കൾക്കായി ഒരുക്കുക എന്നതും അവളിൽ നിക്ഷിപ്തമായ കടമയാണ്. എത്ര വേദനയോടെ ഇരുന്നാലും തന്റെ കുഞ്ഞിന്റെ കുസൃതികളും ചിരിയും സ്നേഹവും ഓമനത്വവും നിഷ്കളങ്കതയും വാശിയുമെല്ലാം എല്ലാം മറക്കാൻ ഒരമ്മയെ സഹായിക്കുന്നു.

തനിക്ക് ചുറ്റുമുള്ള എല്ലാവരും അനുഭവിക്കുന്ന സന്താന സൗഭാഗ്യം എന്ന സന്തോഷം തനിക്ക് മാത്രം വിലക്കപ്പെട്ടിരിക്കുവാണല്ലോ എന്ന ഒരു വിവാഹിതയായ സ്ത്രീയുടെ ചിന്തയോളം ഭയാനകമായി ഈ ലോകത്തിൽ ഒന്നും തന്നെ ഇല്ല. ഒരു കുഞ്ഞിന് ജന്മം നല്കാൻ തനിക്കാവുന്നില്ലല്ലോ എന്ന വിഷമം മൃതിയേക്കാൾ വേദന നിറഞ്ഞതാണ്. കണ്ണുനീർ ഒഴുക്കി രാപകൽ എലിസബത്ത് വർഷങ്ങളോളം പ്രാർത്ഥിച്ചു തനിക്ക് ഉദരഫലം നല്കി അനുഗ്രഹിക്കണേയെന്ന്. പക്ഷേ പ്രതീക്ഷയോടെ ആഗ്രഹിച്ച, കാത്തിരുന്ന സമയത്തു ഉത്തരം ഇല്ലായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചോർത്തു ദൈവത്തിനെതിരെ തിരിയാനോ വിശ്വസം ഉപേക്ഷിക്കാനോ പരാതിപ്പെടാനോ എലിസബത്ത് തയ്യാറായില്ല. മറിച്ചു ദൈവഹിതത്തിനു മുൻപിൽ പൂർണ്ണമായും വിട്ടുകൊടുത്തു.

വാർദ്ധക്യത്തിന്റെ അവസാന നാളുകളിൽ സ്നാപക യോഹന്നാൻ എന്ന മകനെ നല്കി ദൈവം എലിസബത്തിനെ അതിശയിപ്പിക്കുന്നു. ദൈവത്തിന്റെ കരുണയുടെ സ്നേഹത്തിന്റെ കരുതലിനു മുൻപിൽ ആനന്ദശ്രുക്കൾ പൊഴിച്ചു സ്തബ്ധയായി ആ വൃദ്ധ മാതാവ് നിലകൊള്ളുന്നു.

എലിസബത്ത് നമ്മെ സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു:

1. ദൈവത്തിന് മുൻപിൽ കാലങ്ങളോ വർഷങ്ങളോ യുഗങ്ങളോ അത്ഭുതം പ്രവർത്തിക്കാൻ തടസ്സമല്ല.

2. എത്ര വലിയ അപമാന ഭാരവും ദൈവം നിന്റെ ജീവിതത്തിൽ നിന്നും എടുത്തു മാറ്റിയിരിക്കും.

3. ദൈവ സന്നിധിയിൽ മുഖം നോട്ടമില്ല.

4. ഹൃദയം തകർന്നുള്ള കണ്ണുനീരിനും പ്രാർത്ഥനയ്ക്കും ഉത്തരമുണ്ട്.

5. ദൈവം നിന്റെ ജീവിതത്തിൽ എന്തിനെങ്കിലും കാലതാമസം വരുത്തുന്നെങ്കിൽ ഓർക്കുക വലിയൊരു അത്ഭുതം നിന്നെ കാത്തിരിക്കുന്നു.

6. ജീവിത പങ്കാളികൾ തമ്മിൽ ജീവിതകാലത്തോളം വിശ്വസ്ഥത പുലർത്തണം.

7. ശപിക്കപ്പെട്ടവരെന്ന് പറഞ്ഞു സമൂഹം മാറ്റി നിർത്തുന്നവരിൽ നിന്നും അനുഗ്രഹങ്ങളുടെ നീർച്ചാൽ നിർഗളിപ്പിക്കാൻ ദൈവത്തിനാകും.

8. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നിടത്ത് അവസാന ആശ്രയവും കൈവിട്ടുപോകുമ്പോൾ ജീവിത വഴിയിൽ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തവർ ഓടിയകലുമ്പോൾ, നിരാശയുടെ പടുകുഴിയിൽ നിപതിക്കാൻ തുടങ്ങുമ്പോൾ ഓർക്കുക രക്ഷകൻ നിന്റെ മുൻപിൽ അവതരിക്കും.

സാജനച്ചൻ, തക്കല രൂപത