ക്രിസ്തുമസ്‌ ഒരുക്കം 21: നിക്ഷേപപാത്രം

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

പൂജാരാജാക്കന്മാർ ഉണ്ണീശോയെ കാണാൻ പോയത് വെറുംകയ്യോടെ ആയിരുന്നില്ല. അവരുടെ കയ്യിൽ നിക്ഷേപ പാത്രങ്ങളും അതിൽ ഉണ്ണീശോയ്ക്ക് കൊടുക്കേണ്ട സമ്മാനങ്ങളുമുണ്ടായിരുന്നു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച്‌ ശിശുവിനെ, അമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്‌തു. നിക്ഷേപ പാത്രങ്ങള്‍ തുറന്ന്‌ പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു (മത്തായി 2:11).

ഉണ്ണീശോയുടെ ജന്മദിനം അടുക്കാറായി. ഞാൻ എന്റെ ഉണ്ണീശോയ്ക്കായി കരുതിയ നിക്ഷേപ പാത്രം ഉടനെ തുറക്കേണ്ടതായിവരും. അതിനുള്ളിൽ ഞാൻ ചെയ്ത കുഞ്ഞുകുഞ്ഞു നന്മപ്രവൃത്തികളുടെയും വായിച്ച തിരുവചനങ്ങളുടെയും പ്രാർത്ഥനാ നിയോഗങ്ങളുടെയും ചൊല്ലിയ സുകൃതജപങ്ങളുടെയും സുകൃതങ്ങളാകുന്ന പൊന്നും മീറയും കുന്തിരിക്കവും ഉണ്ടാകുമോ? അതോ, യാത്രയെല്ലാം ബാഹ്യമായ അനുഷ്‌ഠാനങ്ങളിൽ അവസാനിച്ചോ? ഉണ്ണീശോയെ കാണാനുള്ള ആഗ്രഹത്തോടെ, ഹൃദയത്തിൽ ഉണ്ണീശോ പിറക്കാനുള്ള തീവ്രമായ ആഗ്രഹത്തോടെ ഇനിയുള്ള യാത്ര തുടരാം. കഴിഞ്ഞ ദിവസങ്ങളെ ആത്മീയമായി, ആത്മാർത്ഥമായി ഒന്ന് വിലയിരുത്താം, ചിന്തിക്കാം. ഉണ്ണീശോയ്ക്ക് കൊടുക്കാനുള്ള എന്റെ  നിക്ഷേപ പാത്രം തയ്യാറാണോ എന്ന്‌.

നിയോഗം

ഈ വർഷം വൈദികരായി അഭിഷിക്തരാകുന്ന എല്ലാവർക്കും വേണ്ടി.

പ്രാർത്ഥന:

ഉണ്ണീശോയെ, നിന്നെ ഞാനാരാധിക്കുന്നു. നിന്നെ കാണാനുള്ള, കണ്ടു വണങ്ങാനുള്ള എന്റെ ഈ യാത്ര അതിന്റെ അവസാനത്തിലേയ്ക്ക് എത്തുകയാണ്. പൂജാരാജാക്കന്മാരും ആട്ടിടയരുമൊക്കെ നിന്നെ കണ്ടാരാധിച്ചതുപോലെ ഒരുക്കത്തോടെ നിന്നെ കാണാൻ, വിശുദ്ധിയുടെ നിക്ഷേപങ്ങൾ നിനക്ക് കാഴ്ചവയ്ക്കാൻ എന്നെ സഹായിക്കണമേ. ഈ വർഷം വൈദികരായി അഭിഷിക്തരാകുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. വിശുദ്ധിയുടെ നറുമണം പരത്തുന്നവരാകുവാൻ നവാഭിഷിക്തർക്ക് കൃപ നൽകണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, എല്ലാ വൈദികരെയും വിശുദ്ധിയിൽ കാത്തുകൊള്ളണമേ.

വചനം

എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല (ഹെബ്രാ. 12:14).

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.