ക്രിസ്തുമസ് ധ്യാനം 18: പൂജാരാജാക്കന്മാര്‍

യൂദയായിലെ ബെത്‌ലഹമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തു നിന്ന് ജ്ഞാനികള്‍ ജറുസലേമിലെത്തി (ലൂക്കാ 2:1).

പ്രകാശത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക് പ്രയാണം ചെയ്ത പൂജാരാജാക്കന്മാരില്‍ തിരുപ്പിറവിയുടെ അര്‍ത്ഥവും സന്ദേശവും ഒരു പരിധിവരെ ഉരുകിച്ചേര്‍ന്നിട്ടുണ്ട്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിലുള്ളവരല്ല; വിജാതീയരാണ്. എന്നിരുന്നാലും സ്വകീയര്‍ക്കില്ലാത്ത ദൈവികപുണ്യങ്ങള്‍ – വിശ്വാസം, പ്രത്യാശ, സ്‌നേഹം – അവരില്‍ വിളങ്ങുന്നു. പുരോഹിതനും ലേവായനും ഇല്ലാതെപോയ ആര്‍ദ്രസ്‌നേഹത്തിന്റെ ശോഭ കണ്ട് ഉപമയിലെ നല്ല സമരിയാക്കാരന്‍ തിളങ്ങിനില്‍ക്കുന്നതു പോലെ നക്ഷത്രം വിട്ടുപോന്നിട്ടും സുവിശേഷത്തിലും പാരമ്പര്യത്തിലും കിഴക്കിന്റെ ഈ ജ്ഞാനികള്‍ വെളിച്ചംവീശി നില്‍ക്കുന്നു.

ഈ രാജാക്കന്മാര്‍ ആദ്യമായി ആഗ്രഹമുള്ളവരായിരുന്നു, ആവശ്യമുള്ളവരായിരുന്നു. ഈ ആഗ്രഹം അവരെ അന്വേഷകരാക്കി. രാജാക്കളായിരുന്നെങ്കിലും തങ്ങള്‍ക്കുമേലേ മറ്റൊരു രാജാവില്ല എന്ന വിചാരണത്താല്‍ മനസ്സിന്റെ വാതിലടച്ച് അധികാരം നഷ്ടമാകാന്‍ ഇടകൊടുക്കാതെ, മറ്റാരെയും അംഗീകരിക്കാന്‍ കൂട്ടാക്കാതെ കഴിയുന്ന സ്വേച്ഛാധികാരികളായിരുന്നില്ല അവര്‍. പേരിനിണങ്ങിയവിധം അവര്‍ ജ്ഞാനികളായ രാജാക്കന്മാരും രാജാക്കന്മാരായ ജ്ഞാനികളുമായിരുന്നു. അതിനാല്‍ അവര്‍ മനസ്സിന്റെ വാതില്‍ തുറന്നിട്ട് ആഗ്രഹത്തോടെ അന്വേഷിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ”അവന്റെ നക്ഷത്രം” (മത്തായി 2:2) അവര്‍ക്ക് വെളിപ്പെട്ടുകിട്ടുന്നത്.

ബൗദ്ധികമായ അഭ്യാസങ്ങള്‍ കൊണ്ടുമാത്രം ഒരു അന്വേഷി അവന്റെ അന്വേഷണങ്ങളിലെത്തുന്നില്ല. അതിന് അദ്ധ്വാനം വേണം. സ്വര്‍ഗ്ഗരാജ്യം എന്നും വയലില്‍ മറഞ്ഞിരിക്കുന്ന നിധി തന്നെ. തിരഞ്ഞും വിരിഞ്ഞും കിളച്ചും കിതച്ചും ബലം പ്രയോഗിച്ചും വേണം അത് കണ്ടെത്താന്‍, സ്വന്തമാക്കാന്‍. ജ്ഞാനികളുടെ സാഹസികമായ അദ്ധ്വാനത്തിന്റെ അടയാളമാണ് കിഴക്കുദിക്കില്‍ നിന്നും ജറുസലേം വരെയുള്ള അവരുടെ ദീര്‍ഘയാത്ര (മത്തായി 2:1). ആ യാത്രയിലാണ് നാം അവരെ കാണുന്നത്. ആ യാത്രയ്ക്കൊടുവിലാണ് അവരുടെ ആഗ്രഹം, അന്വേഷണം ഫലമണിയുന്നത്. അന്വേഷിച്ചവര്‍ കണ്ടെത്തുകയാണ്. പൈതലിനെ അവര്‍ ”കണ്ടു” അമ്മയായ മറിയത്തോടൊപ്പം (2:11). ആഗ്രഹസാധ്യം – അതോടൊപ്പം ”അത്യധിക ആഹ്ലാദം” (2:10).

ഇവിടെ സുവിശേഷകന്‍ ചൂണ്ടിക്കാട്ടുന്ന ഹേറോദോസിന്റെയും അയാളോടൊപ്പം ജറുസലേം മുഴുവന്റെയും മനസ്സില്‍ കാര്‍മേഘം പോലെ ഉരുണ്ടുകൂടുന്ന ഭയവും (2:3) അതിനു വിപരീതമായി പൂജാരാജാക്കളുടെ മനസ്സില്‍ നിറയുന്ന ”അത്യധിക സന്തോഷവും” (2:10) ശ്രദ്ധേയമാണ്. കരളിലൊരു ലേശവും കപടമിയലാത്തവര്‍ കരുതുന്നു, ജഗദീശ്വരനായി നിന്നെ നിര്‍മ്മലഹൃദയര്‍ ഈശ്വരനെ തേടുകയും അവന്റെ സാന്നിധ്യത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാരായ കപടഹൃദയര്‍ പരിഭ്രമിക്കുകയും ഭയചകിതരാകുകയുമാണ്. പൂജാരാജാക്കള്‍ നിര്‍മ്മലഹൃദയരുടെ ഗണത്തില്‍പ്പെട്ടവരാണ്.

ഇനിയും സുപ്രധാനമായ രണ്ടു കാര്യങ്ങള്‍ക്കൂടി ഒരു യഥാര്‍ത്ഥ ഈശ്വരാന്വേഷിക്ക് നിര്‍വ്വഹിക്കാനുണ്ട്. പഴയനിയമത്തിലെ പല സുപ്രധാന കഥാപാത്രങ്ങളും ദൈവദര്‍ശനമുണ്ടാകുമ്പോള്‍ ആരാധന സമര്‍പ്പിക്കുന്നുണ്ട്. യാക്കോബ് പറഞ്ഞു: ”തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്. അതിരാവിലെ അവന്‍ എഴുന്നേറ്റ് തലയ്ക്കു കീഴെ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതില്‍ എണ്ണയൊഴിച്ചു” (ഉല്‍. 28:17-18). ദൈവദര്‍ശനത്തെ തുടര്‍ന്ന് ബഥേലില്‍ യാക്കോബ് എന്ന പൂര്‍വ്വപിതാവ് അര്‍പ്പിച്ച ആരാധനയാണിത്. പൂജരാജാക്കള്‍ തങ്ങള്‍ കണ്ടെത്തിയ രക്ഷകനെ ആരാധിക്കുന്നു. അവര്‍ അവനു മുമ്പില്‍ സാഷ്ടാംഗപ്രണാമം നടത്തി ആരാധിച്ചു (2:11).

ആരാധനയുടെ തുടര്‍ച്ചയും തികവുമാണ് ആത്മസമര്‍പ്പണം. ഏറ്റവും വലിയ ആരാധന ആത്മസമര്‍പ്പണത്തിലൂടെയുള്ള ആരാധനയാണ്. പ്രതീകാത്മകമായി കാഴ്ചയര്‍പ്പണത്തിലൂടെ അവര്‍ നിര്‍വ്വഹിച്ചതും അതാണ്. അവരുടെ കാഴ്ചവസ്തുക്കളാകട്ടെ അര്‍ത്ഥപൂര്‍ണ്ണവും പ്രതീകാത്മകവുമാണ് – പൊന്ന്, മീറ, കുന്തുരുക്കം. പൊന്ന് ക്രിസ്തുവിന്റെ രാജത്വവും, മീറ അവന്റെ മനുഷ്യത്വവും, കുന്തുരുക്കം അവന്റെ ദൈവത്വവും ഏറ്റു പറയുന്നു. ഒപ്പം മനുഷ്യനായിത്തീര്‍ന്നിരിക്കുന്ന ദൈവവും രാജാവുമായ രക്ഷകനെ അതിലൂടെ അവര്‍ ആദരിക്കുന്നു. സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് അവന് അവര്‍ സ്വയം സമര്‍പ്പിക്കുന്നു.

ഒരു യാത്രാവട്ടം അവിടെ പൂര്‍ത്തിയാകുകയാണ്; അവസാനിക്കുകയല്ല. അതിനാല്‍, അവര്‍ തങ്ങളുടെ യാത്രയുടെ രണ്ടാമൂഴം ആരംഭിക്കുകയാണ്. ഈ മടക്കയാത്രയില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, ഇനി അവര്‍ക്ക് നക്ഷത്രം വഴികാണിക്കാനില്ല. അത് ആകാശത്തു നിന്ന് അപ്രത്യക്ഷമായി. ഇനി ആ നക്ഷത്രവെളിച്ചം അവരുടെ മനസ്സിലാണ്. ”എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, ലോകത്തിലേയ്ക്ക് വരാനുണ്ടായിരുന്ന യഥാര്‍ത്ഥ വെളിച്ചം” (യോഹ. 1:9) ഇപ്പോള്‍ അവരുടെ ഉള്ളം നിറച്ചിരിക്കുകയാണ്. അവര്‍ അകമേ പ്രകാശിതരാണ്.

അതിനാല്‍ത്തന്നെ ഇനി അവര്‍ ‘മറ്റൊരു വഴിയെ’യാണ് യാത്ര തുടരുന്നത്. ദൈവനിഷേധിയും അധാര്‍മ്മികനും കശാപ്പുകാരനുമായ ഒരു രാജാവിലേയ്ക്കും അവന്റെ രാജധാനിയിലേയ്ക്കും താല്‍പര്യങ്ങളിലേയ്ക്കുമുള്ള ‘മരണവഴി’ അവര്‍ക്കിനി വര്‍ജ്ജ്യമാണ്. ആഗ്രഹം, അന്വേഷണം അദ്ധ്വാനം, ആരാധന, ആത്മസമര്‍പ്പണം എന്നിവയിലൂടെ ധന്യമായ മൂന്നു ജീവിതങ്ങളെ ക്രിസ്തുസുവിശേഷത്തിന്റെ ആരംഭത്തില്‍ തന്നെ നാം കാണുകയാണ്. പിറവിയുടെ സന്ദേശം ഉള്‍ക്കൊണ്ടവരും ജീവിച്ചവരും രക്ഷകനെ തേടിയവരും കണ്ടെത്തിയവരും. അതിനാല്‍ ”വര്‍ദ്ധിച്ച സന്തോഷ”ത്തിന്റെ വരം കൊണ്ട് ദൈവം അവരുടെ ഉള്ളം നിറയ്ക്കുന്നു.

ഡോ. ജെ. ആക്കനത്ത്

പ്രാര്‍ത്ഥന:

ദൈവമേ, തങ്ങളേക്കാള്‍ വലിയവനെ തേടി യാത്രയായ ജ്ഞാനികളുടെ വഴികളിലൂടെ എന്നേയും നടത്തേണമേ. പുല്‍ക്കൂട്ടിലെ ശിശുവില്‍ ദൈവത്തേയും ജ്ഞാനത്തിന്റെ മകുടത്തെയും ദര്‍ശിക്കാന്‍ ജ്ഞാനികള്‍ക്ക് സാധിച്ചതുപോലെ കൂടെയുള്ളവരില്‍ ദൈവത്തെയും അവരിലെ നന്മയുടെ നിറവിനെയും കാണാനും അംഗീകരിക്കാനും എനിക്കും ഇടയാക്കേണമേ. അങ്ങനെ ഞാനും ജ്ഞാനവഴികളിലൂടെ നടക്കട്ടെ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.