ക്രിസ്തുമസ് ധ്യാനം 22: ക്രിസ്തുമസ് സമ്മാനം

നല്‍കപ്പെടുന്ന ഓരോ സമ്മാനത്തിലും നിറഞ്ഞിരിക്കുക നല്‍കുന്നവന്റെ മനസ്സാണ്. ദൈവം മനുഷ്യകുലത്തിനു നല്‍കിയ ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മയാണ് ക്രിസ്തുമസ്. ആ വലിയ സമ്മാനത്തിന്റെ ഓര്‍മ്മയിലായരിക്കണം ക്രിസ്തുമസ് കാലത്ത് സമ്മാനങ്ങള്‍ കൈമാറുന്ന പതിവ് ആരംഭിച്ചത്. നാം സമ്മാനം കൊടുക്കേണ്ടവരുടെ ലിസ്റ്റ്, നമുക്ക് സമ്മാനം തരാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ ഇതൊക്കെ ഈ ദിനങ്ങളില്‍ നാമറിയാതെ നമ്മുടെ മനസ്സില്‍ ചേക്കേറുന്നു.

ഗിഫ്റ്റ് ”കൊടുക്കുക” എന്നാണ് പറയുന്നത്. വാസ്തവത്തില്‍ സമ്മാനം കൊടുക്കുമ്പോള്‍, കൊടുക്കലാണോ വാങ്ങലാണോ നടക്കുന്നത്? ഗിഫ്റ്റ് നല്‍കുന്നതിലൂടെ നമ്മള്‍ പലതും വാങ്ങുന്നു എന്നതല്ലേ ശരി? സുഹൃത്തിന്റെ പ്രീതി, തിരിച്ചിങ്ങോട്ട് ഗിഫ്റ്റിനുള്ള സാധ്യത, ജോലിക്കോ മറ്റോ ശുപാര്‍ശ ചോദിക്കാനുള്ള സ്വാതന്ത്ര്യം. ഇങ്ങനെ അതിസൂക്ഷ്മമായ എത്രയെത്ര താല്‍പര്യങ്ങള്‍ കൊണ്ടാണ് നമ്മള്‍ ഗിഫ്റ്റുകള്‍ പൊതിയുന്നത്!

ഗിഫ്റ്റ് ദാനമാകണമെങ്കില്‍ അത് നല്‍കുന്നതാവരുത്, താനേ സംഭവിച്ചു പോകുന്നതാകണം. കുഞ്ഞുങ്ങള്‍  ഒരു പരിധിവരെ ദാനങ്ങളാണെന്നു പറയാം. ജനനം മാതാപിതാക്കളുടെ സംയോഗഫലമാണെങ്കിലും എപ്പോഴാണ് തങ്ങള്‍ ജീവന് നിദാനമാകുന്നതെന്ന് അറിയാതെയാണല്ലോ അവര്‍ സംഭോഗത്തിലേര്‍പ്പെടുന്നത്. പൈതല്‍ ഈശ്വരകൃപയായി വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാകണം.

പണ്ടൊക്കെ വിശേഷാവസരങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറുന്നത് സര്‍വ്വസാധാരണമായിരുന്നില്ല. ജീവിതത്തിലൂടെ നന്ദിയായിത്തീരുകയായിരുന്ന പൂര്‍വ്വികരുടെ ശൈലി. ദിനംമുഴുക്കെ ഹൃദയം തുറന്ന് അവര്‍ കൂടപ്പിറപ്പുകളുടെ ജീവിതം ആഘോഷമാക്കി. എന്നാല്‍ ഇന്ന് ഗിഫ്റ്റ് ആകാത്തതിനാലുള്ള ധാരാളിത്വമുണ്ട് വ്യക്തികളില്‍. അതിനാല്‍ ഗിഫ്റ്റ് കൊടുക്കല്‍ എളുപ്പമാണുതാനും.

പക്ഷേ, കഷ്ടം. ഗിഫ്റ്റുകള്‍ കൃത്രിമങ്ങളായി പോകുന്നു. ഗിഫ്റ്റില്‍ ഇല്ലാതെപോകുന്നത് ഗിഫ്റ്റ് മാത്രമാണ്. കൊടുക്കാന്‍വേണ്ടി കൊടുക്കുകയാണിന്ന്. ഉള്ളില്‍ കരുതലുണ്ടായിട്ടല്ല, കരുതലുണ്ട് എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി കൊടുക്കുകയാണ്. പാരിതോഷികങ്ങള്‍ പൊടിപിടിച്ചും പൊതിയഴിക്കാതെയും സ്വീകര്‍ത്താക്കളുടെ ആവാസങ്ങളില്‍ അവശേഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല; അവയില്‍  ഹൃദയങ്ങളില്ലായിരുന്നു.

ദൈവം സ്വാര്‍ത്ഥതയില്ലാതെ നല്‍കിയ സമ്മാനത്തിന്റെ ഓര്‍മ്മയാണ് ക്രിസ്തുമസ്. പൊതിഞ്ഞ സമ്മാനമായിരുന്നില്ല ക്രിസ്തു. നമ്മിലൊരുവനായി അവന്‍ ജനിച്ചു; വളച്ചുകെട്ടലുകളില്ലാതെ ജീവിച്ചു; മറച്ചുവയ്ക്കാനൊന്നുമില്ലാതെ, ആകാശത്തിനു കീഴെ തുറസ്സായ ഇടങ്ങളില്‍ – തെരുവുകളിലും മലയോരത്തും കടല്‍ക്കരയിലും അവസാനം കഴുമരത്തിലും ആ സമ്മാനം തേഞ്ഞുതീര്‍ന്നു.

പക്ഷേ, മനുഷ്യന്‍ ഇന്ന് ആ സമ്മാനത്തിന്റെ പേരിലും സമ്മാനം വച്ചും കച്ചവടം ചെയ്യുകയാണ്. അതില്‍ ക്രിസ്ത്യാനിക്കും പങ്കുണ്ട്. മുന്‍കാലങ്ങളില്‍ ആരോഗ്യവും വിദ്യാഭ്യാസവുമെല്ലാം സഭ, ജനത്തിന് നല്‍കിയിരുന്ന ക്രിസ്തുവിന്റെ ഗിഫ്റ്റുകളായിരുന്നു. ഇന്ന് അതെല്ലാം പണംമുടക്കി വാങ്ങേണ്ട ഉത്പന്നങ്ങളായി; സേവനവും വാണിഭമാണിന്ന്.

ഗിഫ്റ്റ് കൊടുക്കലും വാങ്ങലുമൊക്കെ ഒരുതരം കളിയാണ്. സങ്കീര്‍ണ്ണവും രഹസ്യാത്മകവുമായ കണ്‍കെട്ട്. ഒരിക്കലും പറയാനാകാത്തതിനെ പറയാനുള്ള ശ്രമം. എല്ലാം പറഞ്ഞെന്നു വരുത്തുമ്പോഴും പറയാനാഗ്രഹിച്ചത് മനസ്സിലാക്കപ്പെടാതെ പോയതിലുള്ള ദുഃഖം.

എന്നാണ് ഇനി പ്രതിഫലേച്ഛകളില്ലാത്ത സമ്മാനമായി മാറുക? അതിന് മരിക്കണമായിരിക്കും. വിലപേശലുകളില്ലാതെ ശരീരം മണ്ണിന് അബോധത്തോടെ സ്വയം കാഴ്ചവയ്ക്കു‌ന്ന നിമിഷം. ഇച്ഛകളില്ലാതെ നടക്കാന്‍ പിച്ചവക്കുന്ന സുദിനം. പ്രപഞ്ചത്തിനര്‍പ്പിക്കുന്ന ആ കാഴ്ച കറയറ്റതായിരിക്കണമെങ്കില്‍ നമ്മള്‍ പൊതിയാത്ത സമ്മാനങ്ങളായി ജീവിക്കണം. അതിന്റെ അച്ചാരമാകട്ടെ ഓരോ ക്രിസ്തുമസ് ഗിഫ്റ്റും.

ഡോ. വിന്‍സന്റ് കുണ്ടുകളം

പ്രാര്‍ത്ഥന:

ദൈവമേ, എന്റെ ജീവിതവും എനിക്കുള്ള എല്ലാ നന്മകളും അങ്ങയുടെ സമ്മാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്‍കുന്നതിനേക്കാള്‍ സ്വീകരിക്കാനുള്ള എന്റെ ഇപ്പോഴത്തെ ആഗ്രഹം അങ്ങയുടെ ചൈതന്യത്തിന് ചേര്‍ന്നതല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. സ്വീകരിക്കുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് നല്‍കാനും അതില്‍ ആനന്ദം കണ്ടെത്താനും എന്നെ പഠിപ്പിക്കേണമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.