ക്രിസ്തുമസ് വരവായി: 22

റോസിന പീറ്റി

മരണത്തിന്റെ കരിനിഴലിൽ കഴിഞ്ഞവർക്ക് ജീവന്റെ കിരണങ്ങൾ വീശിയാണ് മനുഷ്യപുത്രൻ അവതരിക്കുന്നത്. ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ് ക്രിസ്തു എന്നും ശ്രദ്ധിച്ചിരുന്നതും. ജീവനായവൻ കടന്നുപോകുന്ന വഴികളിൽ മരണം പരാജയപ്പെടുന്നത് എത്രയേറെ തവണ നാം കാണുന്നുണ്ട്. മരിച്ചുപോയവളെ ‘ബാലികേ, എഴുന്നേൽക്കുക’ എന്നുപറഞ്ഞ് കൈക്കു പിടിച്ചു എഴുന്നേല്‍പ്പിച്ചതും, കബറിടത്തിലേയ്ക്കു യാത്രയാകുന്ന യുവാവിന്റെ ശവമഞ്ചത്തിൽ തൊട്ട് അവനെ ജീവനിലേയ്ക്കു തിരികെ കൊണ്ടുവന്നതും, ‘ലാസറേ പുറത്തു വരിക’ എന്ന ക്രിസ്തുവിന്റെ വാക്കുകളിൽ ലാസറിൽ ജീവൻ വീണ്ടും കുടികൊള്ളുന്നതുമൊക്കെ അവനിൽ മരണത്തിനു തെല്ലും സ്ഥാനമില്ലായെന്ന സത്യമാണ് വിളിച്ചോതുന്നത്.

ക്രിസ്തു ലോകത്തിൽ അവതരിച്ചത് എനിക്ക് ജീവൻ സമൃദ്ധമായി നല്‍കാൻ തന്നെയാണ്. അവന്റെ ജനനം തന്നെ പാപത്തിന്റെ കനിയായ മരണത്തെ തോൽപ്പിക്കാനായിരുന്നു. മരിച്ചുതുടങ്ങുന്ന പ്രതീക്ഷകൾക്ക് ചിറകു നൽകുവാൻ അവൻ കാണിച്ച ആർജ്ജവം എത്ര അധികമായിരുന്നു! എന്നിൽ ജീവൻ തുടിക്കണമെങ്കിൽ അവനെ ഭുജിക്കാൻ തന്നെയാണ് ജീവനായവന്റെ തിരുമൊഴിയും. ജീവന് ആധാരമായവന്റെ ജനനത്തിൽ മരിച്ചുപോകുന്ന എന്നിലെ ആഗ്രഹങ്ങൾക്കും വഴിയടഞ്ഞ മോഹങ്ങൾക്കുമെല്ലാം വീണ്ടും ജീവൻ തുടിക്കുന്ന ചിറകുകൾ വിരിയട്ടെ.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.