ക്രിസ്തുമസ് വരവായി: 20

റോസിന പീറ്റി

ആദിയിൽ മുഴങ്ങിയ ആദ്യ വചനമാണ് ‘വെളിച്ചം ഉണ്ടാകട്ടെ’ എന്നത്. വെളിച്ചമായവനാണ് വെളിച്ചം പകരാനാവുക. കാലിത്തൊഴുത്തിൽ അവൻ പിറന്നുവീണപ്പോഴും അവനിലേയ്ക്ക് വഴികാട്ടിയായത് ഈ പ്രകാശമാണ്. ലോകത്തിന് പ്രകാശമാകുവാൻ വേണ്ടിയാണ് അവൻ പിറന്നുവീണത്.

നിങ്ങളും ലോകത്തിന് പ്രകാശമാവണം, പീഠത്തിലിരിക്കുന്ന ദീപം പോലെ നമ്മൾ ചുറ്റും പ്രകാശം പരത്തണം എന്നൊക്കെ അവർ നമ്മളോട് പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ വിളക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്. തെരുവിൽ തെളിഞ്ഞുനിൽക്കുന്ന വഴിവിളക്കുകൾ, ചുറ്റും ആരെത്തിയാലും അതിന് പ്രകാശം മാത്രമേ നൽകുവാനാകൂ. ആരാണ് തന്നെ സമീപിക്കുന്നതെന്ന് അവിടെ ഒരു ചോദ്യം ആവുന്നതേയില്ല. ഉള്ളിൽ നിറഞ്ഞുനിൽക്കുന്നത് മുഴുവൻ പ്രകാശം ആയതുകൊണ്ട് അത് പകരാൻ മാത്രമേ അതിനാവൂ.

വെളിച്ചത്തിൽ വ്യാപരിക്കുന്നവർ എപ്പോഴും സത്യാന്വേഷികൾ ആയിരിക്കും. അതാണ് അവൻ തന്നെ പറഞ്ഞുവയ്ക്കുന്നത്: ‘ഞാൻ വഴിയും സത്യവും ജീവനും ആണ്’ എന്ന്. അന്ധകാരത്തിൽ ആയിരിക്കുന്നവരാണ് അന്ധകാരത്തിന്റെ ചെയ്തികൾ പിന്തുടരുക. സത്യമെന്തെന്ന് അറിഞ്ഞിട്ടും ഇരുട്ടിന്റെ മറവിൽ കഴിയുന്നവർ സ്വന്തം ജീവിതം കൊണ്ട് ഒന്നും നേടിയെടുക്കുന്നുണ്ടാവില്ല. എന്റെ കുടുംബത്തിലും സമൂഹത്തിലും ചെറിയ വഴിവിളക്കുകളായി തെളിയുവാൻ നമുക്ക് പരിശ്രമിക്കാം. കാരണം, പ്രകാശം തെളിയുന്നിടത്ത് ഇരുളിന് വഴി മാറിക്കൊടുക്കാതിരിക്കാനാവില്ല.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.