ക്രിസ്തുമസ് വരവായി: 18

റോസിന പീറ്റി

തിരുക്കുടുംബമൊന്നാകെ നിശബ്ദതയോട് പ്രണയത്തിലായതുപോലെ തോന്നാറില്ലേ? എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച മറിയത്തിൽ നിന്നും, നിശബ്ദം കർമ്മനിരതനായിരുന്ന യൗസേപ്പിതാവിൽ നിന്നും പഠിച്ചിട്ടായിരിക്കാം ക്രിസ്തുവും നിശബ്ദതയെ അത്രയേറെ ആദരിച്ചിരുന്നത്. നിശയുടെ നിശബ്ദതയിലാണ് ക്രിസ്തു അവതരിക്കുന്നത്.

സ്വർഗ്ഗവുമായിട്ട് കൂടുതൽ റേഞ്ച് കിട്ടുന്നത് നിശബ്ദതയുടെ വിശുദ്ധിയിൽ ആയിരിക്കാം. ഇടയ്ക്കിടയ്ക്ക് മലമുകളിലേയ്ക്കുള്ള പിൻമാറ്റവും ഉടലുടഞ്ഞ 40 ദിവസത്തെ മരുഭൂമി അനുഭവവും കൂട്ടുകാരിൽ നിന്നും കല്ലേറുദൂരം മാറിയുള്ള അവന്റെ പ്രാർത്ഥനകളും നിശബ്ദതയോടുള്ള അവന്റെ പ്രണയം തന്നെയാണ്. കാരണം, ഈ നിശബ്ദതയിലാണ് ക്രിസ്തു പിതാവിനെ ശ്രവിച്ചിരുന്നത്. അവൻ തർക്കിക്കുകയോ ബഹളം കൂട്ടുകയോയില്ല തെരുവീഥികളിൽ അവന്റെ സ്വരം ആരും കേൾക്കുകയില്ല എന്ന് ഏശയ്യാ പ്രവാചകൻ അവനെക്കുറിച്ച് പരാമർശിച്ചത് ക്രിസ്തുവിൽ പൂർത്തിയാകുന്നത് ഇപ്രകാരമാണ്.

അലമുറയിടുന്ന പിശാചുബാധിതനോട് മിണ്ടാതിരിക്കാൻ അവൻ ആജ്ഞാപിക്കുന്നുണ്ട്. നിശബ്ദതയിൽ ദൈവത്തിന്റെ സ്വരം നമുക്ക് ഹൃദ്യമായി കേൾക്കാനാവുമെന്നും ശാന്തമായി, സ്വസ്ഥമായിരുന്ന് അരികിലണയുന്ന ദൈവപുത്രനെ തിരിച്ചറിയാനാവണമെന്നും സങ്കീർത്തനങ്ങളിലൂടെയും പ്രവാചകവചസ്സുകളിലൂടെയും അവൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തെ ഒന്നാകെ ഒന്ന് മനനം ചെയ്യുവാൻ തിരുകുടുംബത്തിന്റെ നിശബ്ദതയിൽ നമ്മുക്കും പങ്കുചേരാം.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.