ക്രിസ്മസ് ധ്യാനം 15: ഗ്ലോറിയ

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം (ലൂക്കാ 2:14).

യേശു പിറന്ന രാത്രിയില്‍ മാലാഖമാര്‍ പാടി: ”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം” (ലൂക്കാ 2:14). ”വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ 2:14). ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്നും നമുക്കാവശ്യമായതെല്ലാം നല്‍കുമെന്ന് പൗലോസ് ശ്ലീഹായും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എന്താണ് ഈ മഹത്വം? ദൈവത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചൈതന്യമായി നമുക്കിതിനെ കാണാം. ദൈവസ്വഭാവത്തില്‍ പങ്കുപറ്റുന്നവര്‍ക്കെല്ലാം ലഭിക്കുന്ന ഒരു സ്വഭാവമായും മഹത്വത്തെ കാണാം. ദൈവം നമ്മുടെമേല്‍ കൃപ ചൊരിയുന്നുണ്ട്. നമ്മുടെ അര്‍ഹതയല്ല, പിന്നെയോ ദൈവത്തിന്റെ ഔദാര്യമാണത്. ബുദ്ധി കൊണ്ടും യുക്തി കൊണ്ടും അതിനുത്തരമില്ല.

മുന്തിരിത്തോട്ടത്തില്‍ അവസാനം വന്നവനും ആദ്യം വന്നവനെന്നതുപോലെ പ്രതിഫലം കൊടുക്കുന്ന ഉടമസ്ഥന്റെ മഹത്വം നമ്മള്‍ കാണുന്നു. ഇത് ദൈവസ്വഭാവമാണ്. നന്മ ചെയ്യുന്ന മനുഷ്യരെക്കുറിച്ച് നമ്മള്‍ പറയും, ആ മനുഷ്യന്റെ മഹത്വം കണ്ടോ? വിട്ടുവീഴ്ചയും മറക്കലും പൊറുക്കലും കരുണയുമെല്ലാം ചേര്‍ന്നിരിക്കുന്ന ഒരവസ്ഥയാണ് മഹത്വം. സത്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരവസ്ഥ കൂടിയാണിത്. ആര്‍ക്കും വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന ഒരു അവസ്ഥാവിശേഷമാണിത്. വഴിയും സത്യവും ജീവനുമായ യേശു ദൈവികമഹത്വത്തിന്റെ പൂര്‍ണ്ണതയാണ് പ്രകടിപ്പിച്ചത്. മനുഷ്യന് വിഭാവന ചെയ്യാവുന്ന സകല നന്മകളും മഹത്വം എന്ന വാക്കിലുണ്ട്. ദൈവത്തിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിനു കാണിച്ചുകൊടുത്തത് യേശുവാണ്. അതുകൊണ്ടാണ് അവന്‍ പിറന്ന രാത്രിയില്‍ മാലാഖമാര്‍ ”ദൈവത്തിനു മഹത്വം” എന്നു പാടിയത്.

പിതാവിന്റെ മഹത്വം അവിടുത്തെ ഏകജാതനില്‍ നാം ദര്‍ശിക്കുന്നു. മറഞ്ഞിരുന്ന ദൈവമഹത്വം ജനം കാണുന്നതും യേശുവിലാണ്. പാപിനിയായ സ്ത്രീയും തളര്‍വാതരോഗിയും കുഷ്ഠരോഗിയും ആ മഹത്വം ദര്‍ശിച്ചു. ശിഷ്യന്മാര്‍ യേശുവിനോടു ചേര്‍ന്നുനിന്ന് ആ മഹത്വം അനുഭവിച്ചു. അത്യുന്നതങ്ങളിലെ അവ്യക്തമായ മഹത്വം ഭൂമിയില്‍ തന്റെ ജീവിതം വഴി യേശു കാണിച്ചുതന്നു. മഹത്വമുള്ള മനുഷ്യരായി നാം ജീവിക്കണം. സംസാരത്തിലും മനോഭാവത്തിലുമെല്ലാം ഈ മഹത്വം ദൃശ്യമാകണം. പ്രതിസന്ധികളില്‍ തളരാതെ പിടിച്ചുനിന്നും പ്രതിബന്ധങ്ങളെ ധൈര്യപൂര്‍വ്വം അഭിമുഖീകരിച്ചും നാം മുന്നേറണം.

പ്രതികൂല സാഹചര്യങ്ങളിലുള്ള നമ്മുടെ പെരുമാറ്റം നമ്മുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. ശാന്തശീലം വിടാതെ വിനീതഹൃദയത്തോടെ യേശുവിനെപ്പോലെ നാം മുന്നേറണം. അപ്പോള്‍ ദൈവീകമഹത്വം നമ്മിലൂടെ ജനം തിരിച്ചറിയും. നമ്മുടെ ജീവിതം ദൈവത്തിന്റെ സ്‌നേഹസമ്പന്നതയിലുള്ള പങ്കുചേരലാണ്. നമ്മുടെ ജീവിതം തന്നെ ദൈവമഹത്വത്തിന്റെ ദാനമാണ്. ക്രിസ്തുമസ് ഈ തിരിച്ചറിവ് നമുക്ക് സമ്മാനിക്കുന്നു.

ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ കപ്പൂച്ചിന്‍

പ്രാര്‍ത്ഥന:

ദൈവമേ, വാനില്‍ അങ്ങേയ്ക്ക് മഹത്വം പാടിയ മാലാഖമാര്‍ ഇന്ന് അപ്രത്യക്ഷരായിരിക്കുന്നു. അവരുടെ സ്ഥാനത്ത് ഇന്ന് അങ്ങേയ്ക്ക് ഗ്ലോറിയാ ഗീതം പാടേണ്ടത് ഞാനാണല്ലോ. എന്റെ വാക്കുകളും വിചാരങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് അങ്ങയെ മഹത്വപ്പെടുത്തി ഈ ഭൂമിയില്‍ ജീവിക്കാന്‍ വേണ്ട കൃപ എനിക്ക് നല്‍കണമേ. അങ്ങനെ ഭൂമിയില്‍ ജീവിക്കുന്ന, ജീവിതം കൊണ്ട് അങ്ങയെ മഹത്വപ്പെടുന്ന ഒരുവനായി എന്നെ പരിവര്‍ത്തനപ്പെടുത്തണമേ…

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.