ജപ്പാനിലെ ക്രിസ്തുമസ് – ‘മെറി കുറിസുമസു’

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ക്കുള്ളിലാണ് ജപ്പാനില്‍ ക്രിസ്തുമസ് ആഘോഷം ആരംഭിച്ചത്. ജപ്പാനില്‍ അധികം ക്രിസ്ത്യാനികള്‍ ഇല്ലാത്തതിനാല്‍ തന്നെ അതിനെ ഒരാഘോഷമായോ അവധിദിനമായോ പരിഗണിക്കുന്നില്ല. പരസ്പരം ക്രിസ്തുമസ് കാര്‍ഡുകള്‍ അയക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ആചാരങ്ങള്‍ അമേരിക്കന്‍ സ്വാധീനത്തിലൂടെയാണ് ജപ്പാനില്‍ പ്രശസ്തി ആര്‍ജ്ജിച്ചത്.

ഒരു മതാഘോഷമെന്നതിനെക്കാള്‍ ജപ്പാനില്‍ ക്രിസ്തുമസ് പരസ്പരം സന്തോഷം പങ്കുവയ്ക്കാനുള്ള വേളയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജീവിത പങ്കാളികള്‍ ഒരുമിച്ച് സമയം പങ്കിടുകയും സ്‌നേഹ സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഒരു പ്രണയ ദിനമായിട്ടും ജപ്പാന്‍കാര്‍ ക്രിസ്തുമസിനെ കാണുന്നു. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും വാലെന്റ്‌റെയ്ന്‍സ് ദിനത്തോട് ഇതിന് വളരെ അധികം സാമ്യം ഉണ്ട്. ക്രിസ്തുമസ് രാവിലെ ദീപാലങ്കാരങ്ങള്‍ കാണുവാനും ഹോട്ടല്‍ ഭക്ഷണം ആസ്വദിക്കുവാനും ആയി യുവമിഥുനങ്ങള്‍ ഈ ദിനം മാറ്റിവയ്ക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആയതിനാല്‍ തന്നെ ക്രിസ്തുമസ് ദിനത്തില്‍ ഹോട്ടലുകളില്‍ സ്ഥലം ലഭിക്കുക പോലും വിഷമകരമായ ഒരു കാര്യമാണ്.

കോഴിവറുത്തതാണ് ഈ ദിനത്തിലെ പ്രത്യേക വിഭവം. KFC പോലുള്ള പ്രശസ്തമായ റെസ്റ്റോറന്റുകള്‍ക്ക് വളരെ തിരക്കുള്ള സമയമാണ് ക്രിസ്തുമസ്. അതിനാല്‍ തന്നെ ഭക്ഷണം നേരത്തെ ബുക്ക് ചെയ്യുവാനുള്ള സംവിധാനം പല റെസ്റ്റോറന്റുകള്‍ക്കും ഏര്‍പ്പെടുത്തുന്നു. 1947-ലെ ‘Kentucky for Christmas’ എന്ന KFC യുടെ പരസ്യവാചകം KFC യെ പ്രശസ്തമാക്കുകയും ഒരു വന്‍ വിജയമായി തീരുകയും ചെയ്തു.

സ്റ്റോബറിയാല്‍ അലങ്കരിക്കപ്പെട്ട ക്രീം കേക്കാണ് ജപ്പാന്‍കാരുടെ പരമ്പരാഗത ക്രിസ്തുമസ് വിഭവം. ജപ്പാന്‍കാരുടെ ഇടയില്‍ ഇത് ‘ഷോര്‍ട്ട്കേക്ക് ഇമോജി’ എന്നാണറിയപ്പെടുന്നത്.

ജപ്പാനില്‍ ക്രിസ്തുമസ് ഒരു അവധിദിനം അല്ലെങ്കില്‍ പോലും സ്‌കൂളുകള്‍ക്കെല്ലാം ഇത് അവധിദിനമാണ്. ചക്രവര്‍ത്തിയുടെ ജന്മദിനം ഡിസംബര്‍ 23-ാം തീയതി ആയതിനാലും പുതുവത്സര ദിനം സ്‌കൂളുകള്‍ക്ക് അവധി ആയതിനാലും ജപ്പാനില്‍ അവധി ഡിസംബര്‍ 23-ന് തന്നെ ആരംഭിക്കും. എങ്കിലും ജപ്പാനിലെ വ്യവസായ സ്ഥാപനങ്ങള്‍ ഡിസംബര്‍ 25-നെ ഒരു സാധാരണ പ്രവര്‍ത്തി ദിനമായി ആണ് കാണുന്നത്.

”മെറി കുറിസുമസു” (Merri Kurisumasu) എന്നാണ് ക്രിസ്തുമസ് ആശംസകള്‍ ജപ്പാനീസില്‍ നേരുന്നത്. കുട്ടികള്‍ക്കായി ക്രിസ്തുമസ് രാവില്‍ പലവിധത്തിലുള്ള വിനോദപരിപാടികള്‍ ഉള്‍ചേരുന്ന പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പതിവ് അവരുടെ ഇടയിലുണ്ട്. വൃക്ഷങ്ങളും പൂക്കളും സാന്തയുടെ ചിത്രവും വച്ച് അലങ്കരിച്ച ഒരു സ്‌പോഞ്ച് കേക്ക് ആണ് ജപ്പാനീസ് ക്രിസ്തുമസ് കേക്ക്.

സാന്താ-സാന്‍ എന്നാണ് ജപ്പാനില്‍ ക്രിസ്തുമസ് പാപ്പ അറിയപ്പെടുന്നത്. സമ്മാനം നല്‍കുന്ന മറ്റൊരു ദൈവിക സങ്കല്പം ജാപ്പനിലുണ്ട് – ഹോത്തെഇഒഷോ. പക്ഷേ, ഇതും ക്രിസ്തുമസ് പാപ്പയും തമ്മില്‍ സാമ്യംഇല്ല.

പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്തുമസിനോട് സമാനമാണ് ജപ്പാനിലെ പുതുവത്സരാഘോഷങ്ങള്‍ (ഒ ഷോഗത്സു). പുതുവത്സരദിനത്തില്‍ കുടുംബങ്ങള്‍ ഒന്നുചേരുകയും ഭക്ഷണം കഴിക്കുകയും, പ്രാര്‍ത്ഥിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു. ഡിസംബര്‍ 31 മുതല്‍ ജനുവരി 4 വരെയുള്ള 5 ദിവസത്തെ ആഘോഷമാണ് പുതുവത്സരം.

ആന്റണി ജോസഫ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ