ബൾഗേറിയയിലെ ക്രിസ്തുമസ് ആഘോഷം 

പലതരം വിശ്വാസങ്ങളാലും ആചാരങ്ങളാലും വ്യത്യസ്തതകളാലും  സമ്പുഷ്ടമാണ് ബൾഗേറിയയിലെ ക്രിസ്തുമസ് ആഘോഷം. പല കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തുമസ് ആചരിക്കുക ജനുവരി ഏഴാം തീയതിയാണ്. പഴയ ജോർജിയൻ കലണ്ടർ പിന്തുടരുന്നതിനാലാണ് ക്രിസ്തുമസ് ജനുവരി മാസം വരുന്നത്. എന്നാൽ ബൾഗേറിയയിൽ ക്രിസ്തുമസ് ഡിസംബർ 25 നു തന്നെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ബൾഗേറിയയിൽ ക്രിസ്തുമസിനുള്ള ഒരുക്കങ്ങൾ 40 ദിവസം മുൻപ് നവംബർ 15 നു ആരംഭിക്കും. ബൾഗേറിയയുടെ പരമ്പരാഗത വിശ്വാസമനുസരിച്ചു മറിയം തന്റെ യാത്ര തുടങ്ങുന്നത് ഡിസംബർ ഇരുപതാം തീയതിയാണ്. ബൾഗേറിയൻ കലണ്ടര്‍ പ്രകാരം ഡിസംബര്‍ ഇരുപതാം തീയതിയാണ് പുതുവര്‍ഷം ആരംഭിക്കുക. അന്നേ ദിവസം അവര്‍ പ്രത്യേകം ഭക്ഷണം തയ്യാറാക്കുകയും ഒരുമിച്ചിരുന്നു കഴിക്കുകയും ചെയ്യും. അന്നേ ദിവസം തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ എണ്ണം ഒറ്റസംഖ്യകളായിരിക്കുവാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ക്രിസ്തുമസ് പരിപാടികള്‍ ആരംഭിക്കുക കരോള്‍ ഗാനത്തോടെയാണ്. രാത്രിയില്‍ വീടുകള്‍ കയറിയിറങ്ങി കരോള്‍ ഗായകര്‍ ആളുകള്‍ക്ക് ക്രിസ്തുമസ് ആശംസിക്കും. കാരോളുകാരുടെ ഭവനസന്ദര്‍ശനം  ഭാഗ്യത്തിന്റെ അടയാളമായി ആണ് ബള്‍ഗേറിയക്കാര്‍ കരുതുന്നത്. കരോള്‍ ഗാനത്തിനു ശേഷം വീട്ടുകാര്‍ സംഘാംഗങ്ങള്‍ക്ക് രുചികരമായ ക്രിസ്തുമസ് വിഭവങ്ങള്‍ നല്‍കും. ക്രിസ്തുമസിനു മുന്നോടിയായുള്ള ദിവസങ്ങളില്‍ ക്രിസ്തുമസ് ട്രീകള്‍ നിര്‍മ്മിക്കുകയും മനോഹരമായ ലൈറ്റുകളാല്‍ അലങ്കരിക്കുകയും ചെയ്യും. സാന്താക്ലോസ് കരോളുകാരോടൊപ്പം വീടുകള്‍ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ക്രിസ്തുമസ് രാത്രികളിലെ പതിവാണ്.

ക്രിസ്തുമസ് ദിവസം രാവിലെ വരെ അവര്‍ എല്ലാത്തരം ഭക്ഷണ സാധാനങ്ങളും ഭക്ഷണ മേശയില്‍ ക്രമീകരിച്ചിരിക്കും. കാരണം രാത്രിയില്‍ പൂര്‍വികര്‍  വരുകയും തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിച്ചിട്ട് മടങ്ങുകയും ചെയ്യു൦ എന്ന് ബള്‍ഗേറിയക്കാര്‍ വിശ്വസിക്കുന്നു. ക്രിസ്തുമസ് ദിവസം തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഇറച്ചി പ്രത്യേകിച്ച് പന്നിയിറച്ചി മിക്കവാറും ഉള്‍പ്പെടുത്തിയിരിക്കും. രാത്രി വിഭവങ്ങള്‍ തയ്യാറാക്കി വെച്ചതിനു ശേഷം ക്രിസ്തുമസ് കുര്‍ബനയ്ക്കായി വിശ്വാസികള്‍ പോകും. രാത്രി കുര്‍ബാനയോടെ ബള്‍ഗേറിയന്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.