പ്രതിസന്ധികൾക്കിടയിലും ആഫ്രിക്കയിൽ ക്രൈസ്തവ വിശ്വാസ വർദ്ധനവെന്ന് പഠന റിപ്പോർട്ട്

ക്രൈസ്തവ മതപീഡനങ്ങളും തീവ്രവാദ ആക്രമണങ്ങളുമുണ്ടെങ്കിലും ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിലും വിശ്വാസികളുടെ എണ്ണത്തിലും വൻ വർദ്ധനവെന്ന് ഓക്സ്ഫോർഡ് അക്കാഡമിക്സ് സോഷ്യോളജി ഓഫ് റിലീജിയനിൽ നടത്തിയ പഠന റിപ്പോർട്ട് വിശദമാക്കുന്നു. വിദ്യാർത്ഥികളായ നിലയ് സെയ്യ, സ്ട്യുട്ടി മഞ്ചാടാ എന്നിവർ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകത്തിലെ 166 രാജ്യങ്ങളിലെ വിശ്വാസവും വളർച്ചയും പഠനവിധേയമാക്കിയപ്പോഴാണ് മറ്റെവിടെയുമില്ലാത്ത രീതിയിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസത്തിലുള്ള വലിയ വർദ്ധനവ് കാണുന്നത്. 2010 മുതൽ 2020 വരെയുള്ള പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ പത്തോളം ആഫ്രിക്കൻ രാജ്യങ്ങളാണ് ക്രൈസ്തവ വിശ്വാസത്തിൽ മുൻപിൽ നിൽക്കുന്നത്. ടാൻസാനിയ, മലാവി, സാമ്പിയാ, ഉഗാണ്ട, റുവാണ്ട, മഡഗാസ്കർ, ലൈബീരിയ, കെനിയ, കോംഗോ, അംഗോള എന്നീ ആഫ്രിക്കൻ രാജ്യങ്ങൾ ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വിശ്വാസത്തിൽ മുമ്പിൽ നിൽക്കുന്നു. മതപരമായ വിശ്വാസത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള പിന്തുണയും ഈ രാജ്യങ്ങൾക്കു ലഭിക്കുന്നില്ലെന്നുമുള്ള പ്രത്യേകതയുമുണ്ട്.

ഈ കണക്കുകൾക്ക് അപവാദമായി ക്രൈസ്തവമതത്തിന് ശക്തമായ ഭരണകൂട പിന്തുണയുള്ള രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസികളുടെ ജനസംഖ്യയിൽ വലിയ കുറവുകൾ കാണപ്പെട്ടു. ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, അൽബേനിയ, മോൾഡോവ, സെർബിയ എന്നിവയാണ് ആ രാജ്യങ്ങൾ. ആഫ്രിക്കയിൽ ഇന്ന് 700 ദശലക്ഷം ക്രിസ്ത്യാനികളുണ്ട്. ജനസംഖ്യയുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഭൂഖണ്ഡമാണ് ആഫ്രിക്ക. ക്രൈസ്തവ വിരുദ്ധ സാഹചര്യങ്ങൾ വിശ്വാസത്തെ ദുർബലപ്പെടുത്തന്നതിനേക്കാൾ ചില സമയങ്ങളിൽ സഭയെ ശക്തിപ്പെടുത്തുന്നു എന്നും പഠനത്തിൽ പറയുന്നു. ക്രൈസ്തവ പീഡനങ്ങൾ വർദ്ധിക്കുമ്പോൾ വിശ്വാസികൾ ആശ്വാസത്തിനായി ദൈവത്തിങ്കലേക്കു തിരിയുന്നു. വിശ്വാസികളെ കൂടുതൽ ദൈവത്തിലേക്കടുപ്പിക്കുന്നതിന് പരിശുദ്ധാത്മാവിലേക്ക് കൂടുതൽ ആശ്രയിക്കണമെന്നും ഉപസംഹരിച്ചുകൊണ്ടാണ് പഠന റിപ്പോർട്ട് അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.