പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 11 – തുര്‍ക്കിയിലെ വംശഹത്യകളുടെ ചരിത്രം 

തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗാന്‍ ഇസ്താംബൂളിന്റെ മേയര്‍ (2004-2008) ആയിരുന്നപ്പോള്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു: “മോസ്‌ക്കുകള്‍ നമ്മുടെ ബാരക്കുകളാണ്; അതിന്റെ താഴികക്കുടങ്ങള്‍ നമ്മുടെ ഹെല്‍മെറ്റുകളാണ്, മിനാരങ്ങള്‍ ബയോണെറ്റുകളാണ്, വിശ്വാസികള്‍ നമ്മുടെ പട്ടാളക്കാരും.” 19-ാം നൂറ്റാണ്ടിലെ തുര്‍ക്കിഷ് കവി, സിയ ഗോകാപിന്റെ കവിത അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. മതസ്പര്‍ദ്ധ ഉളവാക്കുന്ന ഈ കവിത പൊതുജനമധ്യേ ചൊല്ലിയതിന്റെ പേരില്‍ അന്ന് അദ്ദേഹത്തിന് നാലു മാസത്തെ ജയില്‍ശിക്ഷ ലഭിച്ചു. പിന്നീട് അദ്ദേഹം തുര്‍ക്കിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നു. അന്ന് കവിതയിലൂടെ ഉയര്‍ത്തിയ ആശയം പ്രാവര്‍ത്തികമാക്കാന്‍, പ്രസിഡന്റ് ആയതോടെ അദ്ദേഹം ആരംഭിച്ചു. ഹാഗിയ സോഫിയ മോസ്‌ക്കാക്കി മാറ്റിയതും അതിനുശേഷം ഒരു മാസം കഴിഞ്ഞ് കോറാ പള്ളി മോസ്‌ക്കാക്കി മാറ്റിയതുമൊക്കെ അതിന്റെ ഭാഗമാണ്.

വലിയൊരു അജണ്ടയുടെ ഭാഗമായാണ് പണ്ട് ക്രിസ്ത്യന്‍ പള്ളികളായിരുന്ന പിന്നീട്, ആക്രമിച്ചു കീഴടക്കി മോസ്‌ക്ക് ആക്കിയെടുത്ത എന്നാല്‍, സെക്കുലറിസ്റ്റ് തുര്‍ക്കിയില്‍ മ്യൂസിയമാക്കി മാറ്റിയ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വീണ്ടും മോസ്‌ക്ക് ആക്കി മാറ്റുന്നത്. എര്‍ദോഗന്റെ വാക്കുകളില്‍ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം അലയടിക്കുന്നുണ്ട്.

“ഹാഗിയ സോഫിയയുടെ തിരിച്ചെടുപ്പ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ കാലടിശബ്ദമാണ്. ബുക്കാര മുതല്‍ അന്തലൂസിയ വരെ പ്രതീകാത്മകമായി വ്യാപിച്ചുകിടക്കുന്ന സംസ്‌ക്കാരത്തിനുള്ള സല്യൂട്ട്.” ബുക്കാര, ഉസ്ബക്കിസ്ഥാനിലെ പട്ടണമാണ്. അന്തലൂസിയ സ്‌പെയിനിലെ നഗരവും. മധ്യ ഏഷ്യ മുതല്‍ സ്‌പെയിന്‍ വരെ നീളുന്ന ഒരു കാലിഫേറ്റാണ് എര്‍ദോഗന്റെ മനസ്സിലെന്ന് നിശ്ചയമാണ് (www.christianitytoday.com).

ഹാഗിയ സോഫിയായിലെ മുസ്ലീം പ്രാര്‍ത്ഥന, ഓട്ടോമന്‍ ഭരണകാലത്ത് അവരെങ്ങനെ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കി എന്നതിന്റെ ഓര്‍മ്മകളാണ് ഉണര്‍ത്തുന്നതെന്ന് അര്‍മേനിയന്‍സിന്റെ പാത്രിയാര്‍ക്കും കാതോലിക്കോസുമായ ഗരേജിന്‍ രണ്ടാമന്‍ (Garegin II) അഭിപ്രായപ്പെട്ടു. “തുര്‍ക്കി ഗവണ്മെന്റിന്റെ ഈ നടപടി – ഹാഗിയ സോഫിയ മോസ്‌ക്ക് ആക്കിയ നടപടി – ഭീതിതമായ ഓര്‍മ്മകളിലേയ്ക്ക് നയിക്കുന്നു. ഓട്ടോമന്‍ ഭരണാധികാരികള്‍ അര്‍മേനിയന്‍ ജനതയുടെയും മറ്റു ക്രിസ്ത്യന്‍ രാജ്യങ്ങളുടെയും വിശുദ്ധനഗരങ്ങള്‍ നൂറ്റാണ്ടുകളിലൂടെ നശിപ്പിച്ചതിന്റെ ഓര്‍മ്മയാണ് ഈ സംഭവം മനസ്സിലേയ്ക്ക് കൊണ്ടുവരുന്നത്.”

ഇസ്താംബൂളിലെ പാസ്റ്ററായ യൂസെ കബാക്ചിയുടെ അഭിപ്രായത്തില്‍ തുര്‍ക്കിയിലെ മതവും ഗവണ്മെന്റും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല, രണ്ടും ഒന്നാണ്. “യാഥാര്‍ത്ഥ്യമെന്തെന്നാല്‍ തുര്‍ക്കി ഒരു ജനാധിപത്യ രാജ്യമോ, സെക്കുലര്‍ റിപ്പബ്ലിക്കോ അല്ല എന്നതാണ്. ഇവിടെ ഗവണ്മെന്റിന്റെ പ്രവര്‍ത്തനമോ മതത്തിന്റെ പ്രവര്‍ത്തനമോ തമ്മില്‍ വ്യത്യാസമില്ല. തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗവണ്മെന്റ് മോസ്‌ക്കുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഏറ്റവും താഴേക്കിടയിലുള്ളവരിലേയ്ക്കു കൂടി ആശയങ്ങള്‍ എത്തുന്നു. മുസ്ലീം അല്ലാത്ത എല്ലാവരും ഗവണ്മെന്റിന്റെ നിലനില്‍പ്പിന് ഭീഷണിയാണ് എന്നാണ് അവരുടെ ചിന്ത. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍പോലും ഇപ്പോള്‍ ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ ആയി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍  താല്‍പര്യപ്പെടുന്നില്ല.”

പക്ഷേ, ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹങ്ങള്‍ നിലനിന്നിരുന്ന സ്ഥലമായിരുന്നു തുര്‍ക്കി. ആ ചരിത്രത്തിലൂടെ നമുക്ക് കടന്നുപോകാം.

തുര്‍ക്കിയിലെ ക്രിസ്തുമത ചരിത്രം 

ക്രിസ്തുമതത്തിന്, അനതോളിയയില്‍ (Anatolia – nowadays part of the Republic of Turkey’s territory) വലിയ സ്വാധീനമായിരുന്നു തുടക്കം മുതല്‍ ഉണ്ടായിരുന്നത്. വി. പൌലോസ്, വി. തിമോത്തി, മിറായിലെ വി. നിക്കോളാസ്, സ്മിര്‍ണായിലെ വി. പോളികാര്‍പ്പ് തുടങ്ങിയവരൊക്കെ തുര്‍ക്കിയുമായി ബന്ധമുള്ളവരാണ്. ക്രിസ്തുമതത്തിന്റെ ആദ്യ അഞ്ചു കേന്ദ്രങ്ങളില്‍ രണ്ടെണ്ണം തുര്‍ക്കിയിലായിരുന്നു; കോണ്‍സ്റ്റാന്റിനോപ്പിള്‍, അന്ത്യോക്യാ എന്നിവ. അന്ത്യോക്യായില്‍ വച്ചാണ് ചരിത്രത്തിലാദ്യമായി ക്രിസ്തുവിന്റെ അനുയായികളെ ക്രിസ്ത്യാനികള്‍ എന്നു പേരു വിളിക്കുന്നത്‌. ആദ്യ ക്രിസ്തീയ ദേവാലയങ്ങള്‍ രൂപം കൊണ്ടതും തുര്‍ക്കിയിലാണ്. വി. പത്രോസ് നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഒരു ദേവാലയം ഇപ്പോഴും തുര്‍ക്കിയിലുണ്ട് (Cave-Church of St. Peter near Antakya).

വി. യോഹന്നാന്റെ വെളിപാട്‌ പുസ്തകത്തില്‍ പറയുന്ന ഏഴു സഭകള്‍ തുര്‍ക്കിയിലാണ്. എഫേസൂസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയ, ലാവോദീക്യാ എന്നീ സഭകള്‍ തുര്‍ക്കിയുടെ ഭൂപരിധിയ്ക്കുള്ളില്‍ വരുന്നവയാണ്. അതുപോലെ വി. പൗലോസിന്റെ ലേഖനങ്ങളുമായി ബന്ധപ്പെട്ട  ഗലാത്തിയയും, കൊളോസേസും തുർക്കിയിലെ സ്ഥലങ്ങളാണ്.

ആദ്യ ഏഴു സൂനഹദോസുകള്‍ സമ്മേളിച്ചത് തുര്‍ക്കിയിലായിരുന്നു. ഒന്നാം നിഖ്യാ സൂനഹദോസ് (325), ഒന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് (381), എഫേസൂസ് സൂനഹദോസ് (431), കാല്‍സിഡോനിയന്‍  സൂനഹദോസ് (451), രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് (553), മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍  സൂനഹദോസ് (680–681), രണ്ടാം നിഖ്യാ സൂനഹദോസ് (787) എന്നിവയെല്ലാം തുര്‍ക്കിയില്‍ സമ്മേളിച്ച സൂനഹദോസുകളാണ്. എന്നുവച്ചാല്‍, ആ കാലഘട്ടങ്ങളില്‍ തുര്‍ക്കി, ക്രിസ്ത്യാനികളെ സംബന്ധിച്ച് അത്രമാത്രം പ്രധാനപ്പെട്ട സ്ഥലമായിരുന്നു എന്ന് ചുരുക്കം.

സിറിയന്‍സിന്റെയും അർമേനിയക്കാരുടെയും ക്രിസ്തീയവൽക്കരണം ആരംഭിച്ചത് എ.ഡി. ഒന്നാം നൂറ്റാണ്ടിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിമാരുടെ കീഴിൽ തുർക്കി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ക്രൈസ്തവ വിശ്വാസം തഴച്ചുവളർന്നു. ആ സമയത്താണ് ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ കത്തീഡ്രൽ ഉൾപ്പെടെയുള്ള ദൈവാലയങ്ങൾ നിർമ്മിക്കുന്നത്.

തുര്‍ക്കി ക്രിസ്ത്യാനികളുടേതായിരുന്നു എന്നാണ് ഈ ചരിത്രവസ്തുതകളില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത്‌. ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു തുര്‍ക്കി. പക്ഷേ, ഇസ്ലാമിന്റെ കടന്നുകയറ്റത്തോടെ എല്ലാം തകരുന്ന കാഴ്ചയാണ് ചരിത്രത്തില്‍ പിന്നീട് നമ്മള്‍ കാണുന്നത്.

തുര്‍ക്കിയിലെ ഇസ്ലാമിക അധിനിവേശം

എ.ഡി. 47 ല്‍ വി. പൌലോസ് തുര്‍ക്കിയില്‍ എത്തിയെന്നു വിശ്വസിക്കപ്പെടുന്നു. അതിനെ തുടര്‍ന്ന് അവിടെ വിശ്വാസ സമൂഹങ്ങള്‍ ഉയര്‍ന്നുവന്നു. 330-ല്‍ കോണ്‍സ്റ്റന്റെന്‍ ദി ഗ്രേറ്റ്‌ ബൈസന്‍റ്റിയത്തെ പുതിയ തലസ്ഥാനമാക്കുകയും കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പേര് നല്‍കുകയും ചെയ്തു. 527-ല്‍ ജസ്റ്റിന്‍ ഒന്നാമന്‍ ചക്രവര്‍ത്തി ആയതോടെ ബൈസന്‍റ്റിയന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലം ആരംഭിച്ചു.

7, 8 നൂറ്റാണ്ടുകളില്‍ അറബ് മുസ്ലീങ്ങളുടെ ആക്രമണത്തിലൂടെയാണ് ഇപ്പോള്‍ തുര്‍ക്കി എന്നറിയപ്പെടുന്ന പ്രദേശങ്ങള്‍ ക്രിസ്ത്യാനികളുടെ കയ്യില്‍ നിന്നും പോകുന്നത്. 1071-ല്‍ സെല്‍ജുക് തുര്‍ക്കികള്‍ (The Seljuk Turks) ബൈസന്‍റ്റിയന്‍ സൈന്യത്തെ കീഴടക്കി. അതോടെ അനതോലിയുടെ കൂടുതല്‍ ഭാഗത്തിന്റെയും നിയന്ത്രണം അവരുടെ കീഴിലായി. 1299-ല്‍ ഉസ്മാന്‍ ഒന്നാമന്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിനു തുടക്കം കുറിച്ചു. 1453-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ ബൈസന്‍റ്റിയന്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിന് അന്ത്യമായി.

ഓട്ടോമൻ രാജവംശത്തിന്റെ കടന്നുവരവോടെയാണ് തുർക്കിയിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളും അവഗണനകളും അതിന്റെ പാരമ്യത്തിലെത്തിയത്. ഓട്ടോമൻ രാജവംശത്തിനു കീഴിൽ ക്രൈസ്തവർ അടിച്ചമർത്തപ്പെടുകയും ഒരു ഇസ്ലാമിക രാഷ്ട്രമായി തുര്‍ക്കി വളർന്നുവരുകയും ചെയ്തു. പല ക്രൈസ്തവ ദൈവാലയങ്ങളും പിടിച്ചടക്കി മോസ്‌കുകളാക്കി മാറ്റി.

ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന പല വംശഹത്യകളും ഓട്ടോമന്‍ തുര്‍ക്കികള്‍ അവരുടെ ഭരണകാലത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഓട്ടോമന്‍ സാമ്രാജ്യം ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍, അന്ന് അവരുടെ കീഴിലായിരുന്ന അസ്സീറിയന്‍ – അര്‍മേനിയന്‍ – ഗ്രീക്ക് വംശജരായ ക്രിസ്ത്യാനികള്‍ അവരുടെ ഇരകളാക്കപ്പെട്ടു. അതിന്റെ ഫലമായി അവര്‍ നടത്തിയ ഹമീദിയന്‍ കൂട്ടക്കൊലയും (1894–1896) അസ്സീറിയന്‍ വംശഹത്യയും (1914-18) അര്‍മേനിയന്‍ വംശഹത്യയും (1914–1922) ഗ്രീക്ക് വംശഹത്യയും (1913- 1922) ഇല്ലാതാക്കിയത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഉള്ളിലുണ്ടായിരുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികളെ ആയിരുന്നു.

ഹമീദിയന്‍ കൂട്ടക്കൊല (1894–1896)  

ഹമീദിയന്‍ കൂട്ടക്കൊലയില്‍ ഇല്ലാതാക്കിയത് 2,00,000 നും 4,00,000 നും ഇടയില്‍ അസ്സീറിയന്‍ – അര്‍മേനിയന്‍ ക്രിസ്ത്യാനികളെയായിരുന്നു.

അര്‍മേനിയന്‍ വംശഹത്യ (1914–1922)   

ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ തങ്ങളുടെ കീഴില്‍ ഉണ്ടായിരുന്ന 1.5 മില്യന്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു. ‘അര്‍മേനിയന്‍ കൂട്ടക്കൊല’യാണ് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ‘വംശഹത്യ’യെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 2015 – ല്‍ പറഞ്ഞിരുന്നു. ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയക്കാരെ കൂട്ടക്കൊലചെയ്തതിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ സംസാരിച്ചപ്പോഴാണ് ‘വംശഹത്യ’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത്. നിരപരാധികളായ സ്ത്രീപുരുഷന്മാര്‍, കുട്ടികള്‍, പുരോഹിതര്‍ എന്നിവരെ ദയാരഹിതമായി കൊന്നുതള്ളിയതിന്റെ ഓര്‍മകള്‍ക്ക് ആദരമര്‍പ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ് എന്ന് പാപ്പ പറഞ്ഞു. എന്നാല്‍, ‘വംശഹത്യ’യെന്ന പാപ്പയുടെ പദപ്രയോഗത്തില്‍ തുര്‍ക്കി നീരസം പ്രകടിപ്പിക്കുകയും വത്തിക്കാനിലെ സ്ഥാനപതിയെ തിരിച്ചു വിളിക്കുകയും ചെയ്തു. പക്ഷേ, 2016 – ലെ അര്‍മേനിയന്‍ സന്ദര്‍ശനത്തിലും തുര്‍ക്കി അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതിനു  ‘വംശഹത്യ’ എന്ന വാക്ക് അദ്ദേഹം വീണ്ടും ഉപയോഗിച്ചു.

അസ്സീറിയന്‍ വംശഹത്യ (1914-18)  

അസ്സീറിയന്‍ വംശഹത്യയില്‍ 1,50,000 – 3,00,000 ഇടയില്‍ അസ്സീറിയന്‍ ക്രൈസ്തവര്‍ ഉന്മൂലനം ചെയ്യപ്പെട്ടു.

ഗ്രീക്ക് വംശഹത്യ  (1913- 1922)   

1913 മുതല്‍ 1922 വരെ നടന്ന ഗ്രീക്ക് വംശഹത്യയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. 4,50,000നും 7,50,000 നും ഇടയില്‍ ഗ്രീക്ക് ക്രൈസ്തവര്‍ ഇതില്‍ കൊല്ലപ്പെട്ടു.

ഈ വംശഹത്യകളെല്ലാം നടത്തിയത് ഓട്ടോമന്‍ മുസ്ലീം ഭരണാധികാരികളുടെ നേതൃത്വത്തിലാണ്. ഈ വംശഹത്യകളുടെ സമയത്തു തന്നെയാണ് ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ (1914-18) ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടു. പക്ഷേ, ഓട്ടോമന്‍ സമ്രാജ്യത്തിന്റെ പൂര്‍ണ്ണമായ കീഴടങ്ങല്‍ നടക്കുന്നത് 1922-ലാണ്.

1914-ൽ തുർക്കി ജനസംഖ്യയുടെ 20-25 ശതമാനമായിരുന്ന ക്രൈസ്തവർ, 1927 ആയപ്പോൾ മൂന്നു മുതൽ 5.5 ശതമാനമായി കുറഞ്ഞു. ഒന്നാം ലോകമഹായുദ്ധം, സിറിയക്കാർ, അസീറിയക്കാർ, ഗ്രീക്കുകാർ, അർമേനിയക്കാർ, കൽദായക്കാർ എന്നിവരുടെ വംശഹത്യ, ഗ്രീസും തുർക്കിയും തമ്മിലുള്ള ജനസംഖ്യാ കൈമാറ്റം, കുടിയേറ്റം തുടങ്ങിയവ ക്രൈസ്തവരുടെ എണ്ണം ഗണ്യമായി കുറയുന്നതിനും ക്രിസ്തീയപീഡനങ്ങൾ വർദ്ധിക്കുന്നതിനും കാരണമായി.

ബിബിസി റിപ്പോർട്ട് അനുസരിച്ച് ഒരു നൂറ്റാണ്ടു മുമ്പ് ക്രിസ്ത്യാനികൾ, തുർക്കിയുടെ ജനസംഖ്യയുടെ 20% ആയിരുന്നു. ഇപ്പോൾ അത് വെറും 0.2% മാത്രം. വർദ്ധിച്ചുവരുന്ന മതപീഡനങ്ങളും ഇസ്ലാമിക അധിനിവേശവും തുർക്കിയിലെ ക്രൈസ്തവസാന്നിധ്യത്തെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്.

എർദോഗന്റെ കീഴിലും വർദ്ധിക്കുന്ന ക്രൈസ്തവപീഡനം

തുർക്കിയുടെ പ്രസിഡന്റായ തായിബ് എർദോഗന്റെ കീഴിലും ക്രൈസ്തവർ സുരക്ഷിതരല്ല. തീവ്ര ഇസ്ളാമികനായ എർദോഗൻ, തന്റെ അധികാരവും കഴിവും ഒപ്പം തുർക്കിയിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പിന്തുണയും ഉപയോഗിച്ച് ക്രൈസ്തവരുടെ പല ദൈവാലയങ്ങളും മോസ്‌ക് ആക്കി മാറ്റി. അതിൽ പ്രധാനപ്പെട്ടതാണ് ഹാഗിയാ സോഫിയ കത്തീഡ്രൽ ദൈവാലയം.

1453-ല്‍ മുഹമ്മദ് ദ് കോണ്‍ക്വറര്‍ എന്നറിയപ്പെടുന്ന ഓട്ടോമന്‍ സുല്‍ത്താന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ ഹഗിയ സോഫിയ അദ്ദേഹത്തിന്റെ അധീനതിയിലായി. തുർക്കിയിലെ ക്രൈസ്തവരുടെ പ്രിയ ആരാധനാലയമായിരുന്ന ഹാഗിയാ സോഫിയ ഒരു മസ്ജിദ് ആക്കി മാറ്റി. 1900-ത്തിന്റെ ആദ്യം വരെ ഹാഗിയ സോഫിയ മുസ്ലിം മോസ്‌ക്കായി തുടര്‍ന്നു. ഓട്ടോമന്‍ ഭരണകാലത്തിനുശേഷം അധികാരത്തിലെത്തിയ തുര്‍ക്കി ഭരണാധികാരികളാണ് മതേതരത്വം മുന്‍നിര്‍ത്തി ഇത് മ്യൂസിയമാക്കിയത്. എന്നാൽ ഈ തീരുമാനം മാറ്റി വീണ്ടും ഹാഗിയാ സോഫിയയെ മോസ്‌ക് ആക്കി മാറ്റി എർദോഗൻ. അന്താരാഷ്ട്രതലത്തിൽ പോലും എതിർപ്പുണ്ടായിട്ടും ആ തീരുമാനത്തിൽ നിന്നും പിന്തിരിയുവാൻ എർദോഗൻ തയ്യാറായില്ല.

ഹാഗിയ സോഫിയ മുസ്ലിം മോസ്‌കാക്കി, ആരാധനയ്ക്കായി തുറന്നുകൊടുത്ത് ഒരു മാസം തികയുന്നതിനുമുമ്പ് ഇസ്താംബൂളിലെ പ്രസിദ്ധമായ ബൈസാന്റിയന്‍ ദേവാലയങ്ങളിലൊന്നായ ‘കോറാ പള്ളി’ മോസ്‌കാക്കി മാറ്റുന്നതായി തുര്‍ക്കി പ്രസിഡന്റ്  എര്‍ദോഗന്‍ പ്രഖ്യാപിച്ചു. ബൈബിളിലെ പ്രധാന സംഭവങ്ങള്‍ പലതും ചിത്രീകരിച്ചിരിക്കുന്ന കോറാ ദേവാലയം (കോറായിലെ ദിവ്യരക്ഷകന്റെ പേരിലുള്ള ദേവാലയം) പുരാതന കോണ്‍സ്റ്റാന്റിനോപ്പിന്റെ നഗരമതിലിനോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണ്. ഏറ്റവും വഞ്ചന നിറഞ്ഞ കാര്യം എന്തെന്നാല്‍, ഈ ദേവാലയങ്ങളെല്ലാം പണം കൊടുത്ത് മുസ്ലീമുകള്‍ വാങ്ങിയതാണ് എന്ന ആധുനിക ന്യായീകരണമാണ്!

വർദ്ധിക്കുന്ന സ്വേച്ഛാധിപത്യശക്തി

തുർക്കിയിലെ പ്രധാന മതവിശ്വാസം ഇസ്ലാമിക വിശ്വാസമായി മാറിയിരിക്കുകയാണ് ഇപ്പോൾ. അവിടെയുള്ള മുസ്ലീങ്ങളിൽ ഭൂരിഭാഗം പേരും തീവ്ര ഇസ്ലാമികരും. ഈ ഒരു കാരണത്താൽ തന്നെ മറ്റു മതസ്ഥർക്ക് പ്രത്യേകിച്ച്, ക്രൈസ്തവർക്ക് അവകാശപ്പെട്ട നീതിയോ അവകാശങ്ങളോ ലഭ്യമാക്കുന്നില്ല. ക്രൈസ്തവരുടെ അഭിപ്രായങ്ങളോ മനോനിലയോ ഒന്നും ഇവിടെ ഈ ഭരണകൂടത്തെ ബാധിക്കുന്ന പ്രശ്നമല്ല. പൊതു അഭിപ്രായങ്ങളിൽ തീരുമാനമെടുക്കുമ്പോൾ, അത് മുസ്ലീം സമുദായത്തിന് അനുകൂലമായി മാത്രമായിരിക്കും വരിക. ക്രൈസ്തവരെ സംശയത്തോടെ നോക്കിക്കാണുന്ന ഒരു രീതിയാണ് തുർക്കിയിൽ വളർന്നുവരുന്നത്.

മാറ്റിനിർത്തപ്പെടുന്ന സമൂഹം

തുർക്കിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് എല്ലാ മേഖലയിലും തഴയപ്പെട്ടു നിൽക്കുന്ന ഒരു സമൂഹമാണ് അവിടുത്തെ ക്രിസ്ത്യൻ സമൂഹം. ഒരാൾ ക്രൈസ്തവ വിശ്വാസിയാണെങ്കിൽ അയാൾക്ക് മാന്യമായ സർക്കാർ ജോലി ലഭിക്കില്ല. കാരണം, ഭൂരിഭാഗം സർക്കാർ ജോലികളും ഭൂരിപക്ഷ സമുദായമായ മുസ്ലീങ്ങൾക്കായി മാറ്റിവച്ചിരിക്കുകയാണ്. സ്വകാര്യ തൊഴിൽമേഖലയിലും ഈ വിവേചനം നിഴലിക്കുന്നു.

ആരെങ്കിലും, ഇസ്ലാമിക വിശ്വാസത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാല്‍ ആ കാര്യം മനഃപൂർവം മറച്ചുവയ്ക്കുന്നു. തങ്ങൾ ഇസ്ലാം മതമുപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന് വെളിപ്പെടുത്തിയാൽ അവർക്കു നേരിടേണ്ടിവരുന്നത് തിക്താനുഭവങ്ങളും അവഗണനകളും മാത്രമായിരിക്കും. എന്തിന്, അതുവരെ സ്നേഹിച്ച മാതാപിതാക്കൾ പോലും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ അംഗീകരിക്കുകയില്ല. തന്നെയുമല്ല ഇത്തരത്തിൽ മതപരിവർത്തനം നടത്തിയവരെ കുടുംബത്തിൽ നിന്നും പുറത്താക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ ചെയ്യുന്നതിനു കാരണം, തുർക്കികളെ സംബന്ധിച്ചിടത്തോളം ഇസ്ലാം മതം ഉപേക്ഷിക്കുക എന്നാൽ അവരുടെ തുർക്കിഷ് വ്യക്തിത്വത്തെ അപമാനിക്കുന്നതിനു തുല്യമാണ് എന്നതാണ്. ഇസ്ലാമിക വിശ്വാസത്തിൽ നിന്നും ആരെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ബന്ധപൂര്‍വമോ ഭീഷണിപ്പെടുത്തിയോ അല്ല.  സ്വതന്ത്രമായി എടുക്കുന്ന തീരുമാനമാണ്. ഇസ്ലാമിനെപ്പോലെ വാള്‍മുനയില്‍ നിര്‍ത്തിയുള്ള മത പരിവര്‍ത്തനമല്ല എന്നു പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.

ഇസ്ലാമിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തികൾക്ക് അവകാശങ്ങളിൽ പങ്ക് ലഭിക്കുകയില്ല. തന്നെയുമല്ല, തിരിച്ചറിയൽ രേഖകളിൽ പുതിയ മതവിശ്വാസം ചേർക്കുവാൻ നിയമപരമായി കഴിയുമെങ്കിലും ആ ഒരു ലക്ഷ്യം സാധിച്ചെടുക്കുവാൻ അവർ നിരവധി ക്ലേശങ്ങൾ സഹിക്കേണ്ടതായും വരുന്നു.

ജോലിസ്ഥലത്തെ വിവേചനം 

തുർക്കിയിലെ തനതായ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ, സിറിയക് ക്രൈസ്തവർ തുടങ്ങിയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർ ജോലിസ്ഥലത്ത് വലിയ തോതിൽ വിവേചനം അനുഭവിക്കുന്നു. പലപ്പോഴും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇവർക്ക് നിഷേധിക്കപ്പെടുന്നു. തിരിച്ചറിയൽ കാർഡുകളിൽ മതവിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഈ വിവേചനങ്ങൾ ഒക്കെയും ക്രൈസ്തവരോട് കാണിക്കുവാൻ അധികാരികളെ എളുപ്പത്തിൽ സഹായിക്കുന്നു.

ക്രിസ്ത്യന്‍ ആഘോഷങ്ങളോടുള്ള നിലപാട്  

ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ക്കും ഇപ്പോള്‍ തുര്‍ക്കിയില്‍ അപ്രഖ്യാപിത വിലക്കാണ്. ക്രിസ്തുമസ് ആഘോഷിക്കണ്ട എന്നാണ് അവരിലെ തീവ്രചിന്താഗതിക്കാരുടെ നിലപാട്. തീവ്ര ഇസ്ലാമികൾ ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയവ ക്രിസ്ത്യാനികളുടെ ആഘോഷമാണെന്നും അത് മറ്റുള്ളവർ ആഘോഷിക്കരുതെന്നും കർശനമായി പറയുന്നു. മിക്കപ്പോഴും ഈ ദിവസങ്ങളിലൊക്കെയും ആക്രമണങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നതും ഒരു പതിവായി മാറുന്നു.

2016-ലെ ക്രിസ്തുമസ് കാലത്ത്, ക്രിസ്തുമസ് നമ്മുടെ ഇസ്ലാമിന് എതിരാണ് എന്ന് എഴുതിയ വലിയ ബോര്‍ഡുകള്‍ തുര്‍ക്കിയില്‍ ഉയര്‍ന്നിരുന്നു. 2016-ല്‍ തന്നെ ക്രിസ്മസ് പാപ്പയെ തോക്ക് ചൂണ്ടി ബലമായി ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യന്ന ഒരു പ്രോഗ്രാം അവതരിപ്പിച്ചു. അതിന്റെ ഫോട്ടോ ട്വിറ്ററില്‍ ഇടുകയും ചെയ്തു. ഇതിന് കാരണമായി അവര്‍ പറഞ്ഞത്, “1000 വര്‍ഷമായി ഇതൊരു മുസ്ലീം രാഷ്ട്രമാണ്. ഞങ്ങളുടെ പാരമ്പര്യങ്ങളെ മറന്ന് ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെ ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല” എന്നാണ് (https://www.meforum.org/7243/turkey-turns-on-its-christians).

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേര്‍തിരിവ്

തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘ഇസ്ലാമൈസേഷന്‍’ നടന്നുകഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തെ രാഷ്ട്രീയ ആയുധമായി, 1920-ലെ സെക്കുലര്‍ ഗവണ്മെന്റ് മുതല്‍ ഉപയോഗിച്ചു തുടങ്ങിയതാണ്. 2017-ല്‍ വിദ്യാഭ്യാസമന്ത്രിയായ ഇസ്‌മേത്ത് യില്‍മാസ്, സ്‌കൂളുകളില്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് അവസാനിപ്പിച്ചു. പകരം, ‘ജിഹാദ്’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ ലക്ഷ്യം, കുട്ടികളുടെ പഠനവിഷയങ്ങളുടെ ഭാഗമായി ഇസ്ലാമിക മതനിയമങ്ങള്‍ പഠിപ്പിക്കുകയും ജിഹാദിനെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്. കൊച്ചുകുട്ടികളിൽ പോലും മതപരമായ ആഭിമുഖ്യങ്ങൾ വളർത്തുകയും മറ്റു മതങ്ങളെ ദ്വേഷിക്കുന്നതിനുള്ള പ്രവണത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഇവർ വിദ്യാലയങ്ങളെ വേദിയാക്കി മാറ്റുന്നു എന്നത് വളരെ അപകടകരമായ കാര്യമാണ്.

വളരുന്ന ക്രിസ്തീയ വിരുദ്ധത

2017 ഫെബ്രുവരിയിൽ, തുർക്കിയുടെ അസോസിയേഷൻ ഓഫ് പ്രൊട്ടസ്റ്റന്റ് ചർച്ചുകൾ തയ്യാറാക്കിയ റിപ്പോർട്ടിൽ, ക്രിസ്തീയ വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്ന പ്രവർത്തികൾ വർദ്ധിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ക്രൈസ്തവർക്കെതിരെ വിദ്വേഷകരമായ കാര്യങ്ങൾ പരത്തുന്ന പ്രവണത അടുത്ത കുറച്ചു വർഷങ്ങളായി വർദ്ധിച്ചുവരുന്നുണ്ട് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഭീഷണികൾക്കു നടുവിലും വിശ്വാസം ചേർത്തുപിടിക്കുന്ന സമൂഹം

തീവ്രവാദികളായ മുസ്ലീങ്ങളുടെ ഇടയിൽ ജീവനൊപ്പം ക്രിസ്തുവിലുള്ള വിശ്വാസവും മുറുകെപ്പിടിച്ചാണ് തുർക്കിയിലെ ക്രൈസ്തവരുടെ ജീവിതം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പലർക്കും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. കൊല്ലുമെന്നുള്ള ഭീഷണികളും പലർക്കും പുത്തരിയല്ലാതായിരിക്കുന്നു. ഇസ്‌താംബൂളിലെ നിരവധി ദൈവാലയങ്ങളിലും ക്രൈസ്തവരുടെ ഭവനങ്ങളിലും ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന വാക്കുകളും ചിഹ്നങ്ങളും മറ്റും പെയിന്റ് ചെയ്തുവയ്ക്കുന്നത് പതിവാണ്.

ഇതുകൂടാതെ, ജോലിക്കും മറ്റുമായി പുറംരാജ്യങ്ങളിൽ പോയിരിക്കുന്ന ക്രൈസ്തവർക്ക് രാജ്യത്ത് പ്രവേശിക്കുവാൻ വിലക്കേർപ്പെടുത്തുന്നതും പതിവുകാഴ്ചയാണ്. ഇത് പാലിച്ചില്ലെങ്കിൽ കുടുംബത്തോടൊപ്പം നാട് വിടുവാനുള്ള ഉത്തരവും നൽകും. ഇത് പല ക്രൈസ്തവ കുടുംബങ്ങളെയും വേദനയിലാഴ്ത്തുന്നു. 2019-ല്‍ കുറഞ്ഞത്, 23 പ്രവാസി ക്രിസ്ത്യാനികൾക്കെങ്കിലും ഇത്തരത്തിൽ പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇങ്ങനൊക്കെയാണെങ്കിലും പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിലുള്ള വിശ്വാസം നെഞ്ചോട് ചേർത്തുപിടിക്കുന്ന ധാരാളം ആളുകളുണ്ട് തുർക്കിയിൽ. ക്രിസ്തുവിലുള്ള പ്രത്യാശയിൽ അവര്‍ പ്രതിസന്ധികളെ നേരിടുകയാണ്.

(തുടരും…)

നാളെ: പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിവേചനം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.