ക്രൈസ്തവരെ സംരക്ഷിക്കാന്‍ എന്ത് ചെയ്തു? ചോദ്യങ്ങളുമായി ബ്രിട്ടീഷ് എം.പി

ആഗോളതലത്തില്‍ നടക്കുന്ന ക്രൈസ്തവവിരുദ്ധ പീഡനങ്ങള്‍ക്കെതിരെ ബ്രിട്ടണ്‍ എന്ത് നടപടി സ്വീകരിച്ചു എന്ന്  വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കോട്ടിഷ് എംപി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എം.പി ഡേവിഡ് ലിന്‍ഡന്‍ അയച്ച അമ്പത് ചോദ്യങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട, ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഓരോ രാഷ്ട്രത്തിന്റേയും പേര് വെച്ച് എഴുതിയ 50 ചോദ്യങ്ങളാണ് എംപി ഡേവിഡ് ലിന്‍ഡന്‍, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് അഫയേഴ്സ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി എന്ത് ചര്‍ച്ചയാണ് നടത്തിയിരിക്കുന്നത്?,’ എന്നതാണ് ആദ്യ ചോദ്യം. സെക്രട്ടറി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ലിന്‍ഡന്റെ ചോദ്യങ്ങള്‍ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗം മാര്‍ക്ക് ഫീല്‍ഡ് മറുപടി നല്‍കിയിട്ടുണ്ട്.

‘മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഓപ്പണ്‍ഡോഴ്സ് പോലെയുള്ള സന്നദ്ധസംഘടനകളുമായി സര്‍ക്കാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ക്രിസ്ത്യാനിക്കുനേരെയുള്ള മതപീഡനത്തെക്കുറിച്ച് ഫോറിന്‍ സെക്രട്ടറിയും താനും മറ്റുള്ള ബ്രിട്ടീഷ് മന്ത്രിമാരും അന്വേഷിക്കുന്നുണ്ട്. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളെ സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ പുനരവലോകനം ചെയ്യാന്‍ ട്രൂരോയിലെ ബിഷപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്’. അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.