ക്രൈസ്തവസന്യാസം : ഫ്രഞ്ച് വിപ്ലവകാലത്തെ അതിജീവനം

2016 ഒക്ടോബര്‍ 16-ന് ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധനെന്ന് നാമകരണം ചെയ്ത വൈദികനാണ് സോളമെന്‍ ലെ ക്ലാര്‍ക്ക്. 1745-ല്‍ ജനിച്ച ഇദ്ദേഹം തന്റെ 21-ാം വയസില്‍ ലാ സെല്ലേ സന്യാസ സഭയില്‍ ചേര്‍ന്ന് ശുശ്രൂഷകള്‍ ആരംഭിച്ചു. 1790-ലെ സിവില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ നിയമപ്രകാരം സന്യാസസഭകളുടെ വസ്തുക്കള്‍ ഫ്രഞ്ച് ഗവണ്മെന്റ് ഏറ്റെടുക്കുകയും രാജ്യത്തിന് മാത്രം വൈദികര്‍ വിധേയപ്പെടണമെന്ന പ്രതിജ്ഞയെടുക്കണമെന്ന കല്പന പുറപ്പെടുവിക്കുകയും ചെയ്തു.

സഭയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കാതിരുന്ന സോളമെന്‍ പാരീസില്‍ തന്നെ ഒളിവില്‍ കഴിഞ്ഞുകൊണ്ട് തന്റെ ദൗത്യങ്ങള്‍ തുടര്‍ന്നു. 1792 ആഗസ്റ്റ് മാസം അറസ്റ്റ് ചെയ്യപ്പെട്ട സോളമനെ (റോമിനെ ഉപേക്ഷിച്ചു കൊണ്ടുള്ള) പ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചിരുന്ന കര്‍മ്മലീത്താക്കാരോടു കൂടെ പാര്‍പ്പിച്ചു. സെപ്തംബര്‍ 2-ാം തീയതി വൈദികരെയും കൊണ്ട് ജയിലിലേയ്ക്ക് പോയ ഒരു വാഹനത്തെ ആള്‍ക്കൂട്ടം ആക്രമിച്ച് 30 വൈദികരെ കൊന്നുകളഞ്ഞു. തുടര്‍ന്ന് കര്‍മ്മലീത്താക്കാരെ താമസിപ്പിച്ചിരുന്ന സ്ഥലം ആക്രമിച്ച് അവിടെയുണ്ടായിരുന്ന സോളമനെയും മറ്റ് വൈദികരെയും സന്യസ്തരെയും വധിച്ചു. 150-ഓളം സമര്‍പ്പിതരെ വധിച്ചുകൊണ്ട് തുടര്‍ന്ന കലാപം, പിന്നീട് സെപ്തംബര്‍ കൂട്ടക്കൊല എന്നറിയപ്പെട്ടു.
പ്രസ്തുത രക്തരൂക്ഷിത പീഡനകാലത്ത് നാല്‍പ്പതിനായിരത്തോളം വൈദികര്‍ അറസ്റ്റിലാവുകയും രണ്ടായിരത്തിലധികം വൈദികര്‍ കൊല്ലപ്പെടുകയും ചെയ്തു. സഭയക്കു വേണ്ടി നിലപാടുകളെടുത്ത അനേകം ക്രൈസ്തവര്‍ ഇല്ലായ്മ ചെയ്യപ്പെട്ടു. സഭയെ ഇല്ലാതാക്കാന്‍ വേണ്ടി വിപ്ലവ സര്‍ക്കാരിന് നേതൃത്വം നല്‍കിയ മാക്സ്മില്ലിയന്‍ റോബ്സ്പിയര്‍ രാജ്യത്ത് ക്രിസ്തുമതം നിരോധിച്ചു.

റോബ്സ്പിയറും ഭീകരതയുടെ ഭരണവും

ഫ്രഞ്ച് വിപ്ലവാനന്തരം ഭരണം ചെന്നുപെട്ടത് റോബ്സ്പിയര്‍ എന്ന നിരീശ്വരവാദിയായ വിപ്ലവകാരിയുടെ പക്കലാണ്. ക്രൈസ്തവികതയെ ഉന്മൂലനം ചെയ്യുന്നതിനും ദേശീയമായ വിവേകത്തിന്റെ മതം ഉണ്ടാക്കുന്നതിനുമിടയില്‍ തനിക്കെതിരെ വരുന്നവരെയെല്ലാം വിചാരണ കൂടാതെ വധിക്കുന്നതിനുള്ള നിയമം പാസാക്കിയെടുത്ത അദ്ദേഹത്തെ അനുയായികള്‍ വിളിച്ചിരുന്നത് അഴിമതിരഹിതന്‍ എന്നാണ്. എന്നാല്‍ വിമര്‍ശകര്‍ വിളിക്കുന്നത് ഭീകരഭരണത്തിന്റെ (Reign of Terror) ഏകാധിപതിയെന്നും. റോബ്സ്പീയറിന്റെ ഭരണകാലത്ത് (179-294) അനേകര്‍ വിചാരണ കൂടാതെ വധിക്കപ്പെട്ടു. 3 ലക്ഷത്തോളം പേരെ തടവിലാക്കിയ അദേഹത്തിന്റെ നാളുകളില്‍ 17,000 പേരെ ഔദ്യോഗിക നടപടികളിലൂടെ വധിച്ചപ്പോള്‍ 10,000 ഓളം പേര്‍ ജയിലുകളില്‍ മരിച്ചുവെന്നാണ് കണക്ക്.

1794 ജൂലൈ മാസം മാത്രം 1,400 പ്രതിയോഗികളെ വധിച്ച റോബ്സ്പിയറെയും അദ്ദേഹത്തിന്റെ 21 അനുയായികളെയും ജൂലൈ 27-ന് അറസ്റ്റ് ചെയ്യുകയും വിചാരണ കൂടാതെ ജൂലൈ 28-ന് ലൂയി 16 -ാമനെ റോബ്സ്പിയര്‍ വധിച്ച അതേ സ്ഥലത്തു വച്ചു തന്നെ ഗില്ലറ്റിന്‍ ചെയ്തു കൊല്ലുകയും ചെയ്തു.

അക്രൈസ്തവവത്കരണം പല തലങ്ങളിലൂടെ

രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തെ നിരോധിച്ച സര്‍ക്കാര്‍ അതിന് ബദലായി പുതിയ ഒരു മതത്തെ സൃഷ്ടിക്കുകയായിരുന്നു – അതായിരുന്നു വിപ്ലവകാരികളുടെയും ലക്ഷ്യം. ബുദ്ധിയുടെ മതം (Cult of Reason) എന്ന് പേരില്‍ പുതിയ ഒരു രാഷ്ട്രമതം അവര്‍ സൃഷ്ടിച്ചു. തുടര്‍ന്ന് സന്യാസ ഭവനങ്ങളും വൈദിക ഭവനങ്ങളുമായിരുന്നു അവര്‍ ആക്രമിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്തത്. മുപ്പതിനായിരത്തോളം വിശ്വാസികളെ തടവിലാക്കിയപ്പോള്‍ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞു. അതിനാല്‍ പല സന്യാസ ഭവനങ്ങളും ജയിലുകളായി മാറ്റി അനേകം സമര്‍പ്പിതരെ അവിടെ തടവില്‍ പാര്‍പ്പിച്ചു.

പ്രസ്തുത പ്രഖ്യാപിത ജയിലുകള്‍/സന്യാസ ഭവനങ്ങളാണ്, സെപ്തംബര്‍ കൂട്ടക്കൊലയില്‍ അക്രമികളുടെ രോഷത്തിനിരയാവുകയും അനേകം സമര്‍പ്പിതര്‍ വധിക്കപ്പെടുകയും ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ മതത്തിന് അള്‍ത്താര പണിത് അവിടെ ബലിയര്‍പ്പിക്കുകയെന്നതായിരുന്നു അവരുടെ അടുത്ത പടി. വിശുദ്ധരുടെ പേര് ചേര്‍ത്തുള്ള അനേകം സ്ഥലങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സെക്കുലറായുള്ള പുതുനാമം നല്‍കി.

കലണ്ടറിലെ അക്രൈസ്തവ വത്കരണം

ക്രൈസ്തവ പ്രതീകങ്ങളും വാങ്ങലുകളുമുള്ള പരമ്പരാഗത കലണ്ടറുകള്‍ മാറി പുതുകലണ്ടര്‍ രൂപകല്‍പന ചെയ്ത വിപ്ലവനേതാക്കള്‍ 12 പുതിയ മാസങ്ങളും (പേരുകള്‍ മാറ്റി) ഓരോ മാസങ്ങളിലും പത്ത് ദിവസങ്ങളുള്ള മൂന്ന് ആഴ്ചകളും രൂപകല്‍പന ചെയ്തു. അതില്‍ നിന്ന് ഞായറാഴ്ചകളും ക്രിസ്തുമസും സകല വിശുദ്ധരുടെ തിരുനാളുകളും തുടങ്ങി ക്രൈസ്തവ സ്മരണയുണര്‍ത്തുന്ന എല്ലാംതന്നെ നീക്കം ചെയ്തു. സ്വാതന്ത്യം, സമത്വം തുടങ്ങിയ വിപ്ലവ ചിന്തകളുടെ കള്‍ട്ട് രൂപപ്പെടുത്തി ക്രിസ്തീയതയ്ക്ക് പകരം വയ്ക്കാമെന്ന് അവര്‍ കരുതി.

നോത്ര ദാം ദൈവാലയം വിവേകത്തിന്റെ ക്ഷേത്രമായി (Temple of Reason) പുനര്‍നാമകരണം ചെയ്ത് തത്വശാസ്ത്രത്തിന് സമര്‍പ്പിച്ചു. നോത്ര ദാമിലെ കത്തീഡ്രലില്‍ യുവതിയായ നര്‍ത്തകിയെ വിവേകത്തിന്റെ ദേവതയെന്ന പേരിവേഷമണിയിച്ച് പ്രദര്‍ശിപ്പിച്ചു. അനേകം ദൈവാലയങ്ങള്‍ വിവേകത്തിന്റെ ക്ഷേത്രങ്ങളാക്കി മാറ്റി.

ക്രൈസ്തവികതയുടെ അതിജീവനം

ക്രൈസ്തവികതയെ ഇല്ലായ്മ ചെയ്യാനുള്ള റോബിന്‍സ്പിയറുടെയും പിന്നീട് അധികാരത്തില്‍ വന്ന ഡിറക്ടേര്‍സ് ഭരണത്തിന്റെയും ലക്ഷ്യം വിജയം കണ്ടില്ല. ഗ്രാമങ്ങളില്‍ ആളുകള്‍ രഹസ്യമായി വിശ്വാസം പരിപോഷിപ്പിച്ചു. പല സ്ഥലങ്ങളിലും കുര്‍ബാന അര്‍പ്പിക്കാനോ കൂദാശകള്‍ പരികര്‍മ്മം ചെയ്യാനോ വൈദികരില്ലായിരുന്നുവെന്നതായിരുന്നു അക്കാലത്തെ വലിയ പ്രശ്നം. ആളുകള്‍ തങ്ങള്‍ക്കറിയാവുന്നതു പോലെ വിശ്വാസകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു. പല സ്ഥലത്തെയും വിശ്വാസ ജീവിതത്തിന് ശക്തി പകര്‍ന്നത് ഭക്തരായ സ്ത്രീകളായിരുന്നു. ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിക്കാട്ടിയ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ പ്രചരിക്കപ്പട്ടതു പോലെ അക്കാലത്ത് പ്രബലപ്പെട്ട സഭാവിരുദ്ധത ഫ്രഞ്ച് ജനതയെ വിശ്വാസകാര്യത്തില്‍ അന്ധകാരത്തിലാഴ്ത്തിയിരുന്നു. എന്നിരുന്നാലും പീഡനങ്ങളുടെ മധ്യേയും അനേകര്‍ വിശ്വാസത്തിന് വേണ്ടി രക്തസാക്ഷികളാവുകയും സഹനങ്ങളേല്‍ക്കുകയും ചെയ്തുകൊണ്ട് സഭാഗാത്രത്തെ ശക്തിപ്പെടുത്തി.

ഇടവക മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ കാലഘട്ടം ഈ വിപ്ലവ പശ്ചാത്തലത്തിലായിരുന്നുവല്ലോ. ജോണ്‍ വിയാനി തന്റെ ആദ്യ കുര്‍ബാനയുടെ പരിശീലനം നേടിയതു തന്നെ, വിപ്ലവ ഗവണ്‍മെന്റ് പൂട്ടിയ കോണ്‍വെന്റില്‍ നിന്നും ഓടിപ്പോന്നതും ഒളിവില്‍ വസിച്ചു കൊണ്ട് തങ്ങളുടെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുകയും ചെയ്ത രണ്ട് കന്യാസ്ത്രീകളുടെ അടുക്കല്‍ നിന്നാണ്. സര്‍ക്കാര്‍ ബഹിഷ്‌കരിച്ച അനേകം പുരോഹിതര്‍ തങ്ങളുടെ ജീവന്‍ വരെ തൃണവത്കരിച്ചു കൊണ്ട് വിദൂരഗ്രാമങ്ങളില്‍ ഒളിച്ചുപാര്‍ത്തു കൊണ്ട് വൈദികശുശ്രൂഷ നിര്‍വ്വഹിച്ചു പോന്നു. ജോണ്‍ മരിയ വിയാനി അവരെ തന്റെ മാതൃകകളായി കണ്ടു. തന്റെ പരിശീലനകാലത്ത് എക്കുളിയെന്ന ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാന്‍ അദ്ദേഹത്തിന് ഇടയായത് അക്കാലത്തെ ഗവര്‍ണമെന്റ് തലത്തിലെ സഭാവിരുദ്ധതയുടെ ഫലമായിട്ടാണല്ലോ. അദ്ദേഹം തന്റെ ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവുമെല്ലാം സ്വീകരിച്ചത് രഹസ്യസങ്കേതങ്ങളിലായിരുന്നു.

പ്രതിസന്ധികളുടെ മധ്യത്തിലും ഫ്രഞ്ച് ജനതയുടെ വിശ്വാസദീപം കെടാതെ നിന്നു. ഫ്രഞ്ച് ജനതയ്ക്ക് ക്രൈസ്തവികത ആവശ്യമാണെന്ന് മനസ്സിലാക്കിയ നെപ്പോളിയന്‍, താന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ (അദ്ദേഹം ഉറച്ച വിശ്വാസിയായിരുന്നില്ലെങ്കിലും) നിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെ ക്രൈസ്തവ വിശ്വാസം പാലിക്കുവാന്‍ ജനങ്ങളെ അനുവദിക്കുകയാണ് ചെയ്തത്.

വി. വിയാനിയുടെ പൗരോഹിത്യ ചിന്തകള്‍

പുരോഹിതനെ മറ്റൊരു ക്രിസ്തുവെന്ന് വിളിക്കുന്ന ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനി, ഫ്രാന്‍സിലെ സഭാവിരുദ്ധതയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്നു. ‘ഒരു പുരോഹിതനില്ലാതെ 20 വര്‍ഷം കിടക്കുന്ന ഇടവക പിന്നീട് മൃഗത്തെയായിരിക്കും ആരാധിക്കുന്നത്.’ കാരണം, കൂദാശകളിലൂടെ പ്രദാനം ചെയ്യപ്പെടുന്ന കൃപ സ്വീകരിക്കാനാവാത്ത സമൂഹം മൃഗസദൃശ്യമാകുമത്രേ. സ്വര്‍ഗ്ഗത്തിലെ അനന്തനിക്ഷേപങ്ങളിലേയ്ക്കുള്ള താക്കോല്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്. എന്നാല്‍ ആന്തരിക തയില്ലാത്ത പുരോഹിതന്‍ ദൗര്‍ഭാഗ്യവാനത്രേ.

‘ഓ, പുരോഹിതന്‍ എത്ര ഉന്നതന്‍! അവന്‍ തന്റെ ഔന്നത്യം ഗ്രഹിച്ചിരുന്നുവെങ്കില്‍ സ്നേഹത്താല്‍ മരിക്കുമായിരുന്നു. കാരണം ദൈവം അവനെ അനുസരിക്കുന്നു. അവന്‍ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് ഓസ്തിയില്‍ ഒതുങ്ങുന്നു. പൗരോഹിത്യ കൂദാശയില്ലെങ്കില്‍ നമുക്ക് കര്‍ത്താവിനെ എങ്ങനെ ലഭിക്കും? ആരവനെ സക്രാരിയില്‍ എഴുന്നള്ളിക്കും? ആരാണ് നിന്റെ ആത്മാവിനെ ജീവിതാരംഭത്തില്‍ സ്വാഗതം ചെയ്തത്? സ്വര്‍ഗ്ഗത്തിലല്ലാതെ ഒരിടത്തും അവന്റെ ശ്രേഷ്ഠത പൂര്‍ണ്ണമായി മനസ്സിലാക്കപ്പെടുന്നില്ല.”

സംക്ഷിപ്തമായി

ഫ്രഞ്ച് വിപ്ലവകാലത്തെ സഭാവിരുദ്ധതയുടെ പാരമ്യത്തിലും പൗരോഹിത്യ സന്യാസജീവിതത്തിന്റെ പ്രാധാന്യം കുറഞ്ഞില്ലായെന്ന് മാത്രമല്ല, ഒരു ജനതയുടെ ആത്മീയരൂപീകരണത്തിന് അത് എത്രമാത്രം അത്യന്താപേക്ഷിതമായിരുന്നെന്ന് ബോധ്യപ്പെടുകയും ചെയ്തു. വിശ്വാസ സമൂഹത്തിന്റെ സജീവതയ്ക്ക് പൗരോഹിത്യ സന്യാസ ദൈവവിളികള്‍ പ്രധാനമെന്ന് അറിയാവുന്നവരാണ് എല്ലാക്കാലത്തും പ്രസ്തുത ദൈവവിളികളെ ഇല്ലാതാക്കുവാനും മോശമായി ചിത്രീകരിക്കുവാനും ശ്രമിക്കുന്നത്. തങ്ങളുടെ വിളിയുടെ മഹത്വം വിസ്മരിച്ചു കൊണ്ട് ജീവിക്കുന്ന സമര്‍പ്പിതന്‍ മിശിഹായുടെ തിരുമുഖത്തെ വികൃതമാക്കുന്നുവെന്ന് മനസ്സിലാക്കണം. തീക്ഷ്ണതയോടെ വിശ്വാസസാക്ഷ്യം നല്‍കുന്നവര്‍ ജനത്തിന് പ്രകാശഗോപുരങ്ങളാണ്. അപ്പോള്‍ കത്തോലിക്കാസഭയും സഭയിലെ ദൈവിവിളികളും ആത്മീയ ജീവിതത്തിന് ജീവരസം പകരുന്ന ചാലുകളായി നില കൊള്ളുമ്പോള്‍ വിശുദ്ധിയുടെ നേര്‍സാക്ഷ്യങ്ങള്‍ ലോകത്ത് രൂപപ്പെടുന്നു.

ഡ‍ോ. മാത്യു കൊച്ചാദംപള്ളി

(തുടരും… സന്യാസികളും ഇടവകപട്ടക്കാരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.