വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു ജെറുസലേമിലെ ക്രൈസ്തവ നേതാക്കൾ

ജറുസലേമിൽ വർദ്ധിച്ചു വരുന്ന ആക്രമ സംഭവങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പാത്രിയർക്കീസുമാരും മറ്റു ക്രൈസ്തവ നേതാക്കളും. ഇസ്രായേൽ പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ മെയ് പത്തിന് മാത്രം 331 പലസ്തീനിയൻ വംശജർക്കാണ് പരിക്കേറ്റത്. കിഴക്കൻ ജറുസലേമിൽ നടന്ന ആക്രമണങ്ങളിൽ വലിയ ആശങ്ക പ്രകടിപ്പിച്ച നേതാക്കൾ വിശുദ്ധ നഗരമായ ജറുസലേമിൽ സംഭവിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയെ ഇല്ലാതാക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആഹ്വാനം ചെയ്തു.

“ഷെയ്ഖ് ജെറയിലെ പാലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത് അടിസ്ഥാനപരമായി മനുഷ്യാവകാശ ലംഘനമാണ്. ആരാധകർക്കെതിരെയുള്ള അതിക്രമങ്ങൾ അവരുടെ സുരക്ഷയെയും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സ്വാതന്ത്ര്യത്തെയും സ്വതന്ത്രമായി ആരാധിക്കുവാനുള്ള അവകാശത്തെയുമാണ് ഇല്ലായ്‌മ ചെയ്തിരിക്കുന്നത്.” ക്രൈസ്തവ നേതാക്കൾ പറഞ്ഞു. മൂന്ന് ഏക ദൈവ മതങ്ങളുടെ പവിത്രമായ നഗരമാണ് ഇത്. അന്താരാഷ്‌ട്ര നിയമങ്ങളെയും യു എൻ പ്രമേയങ്ങളെയും അടിസ്ഥാനമാക്കി സ്വാതന്ത്ര്യം, സമത്വം, സമാധാനം എന്നിവ മൂല്യങ്ങളിൽ അടിയുറച്ചു ജീവിക്കുവാൻ ക്രൈസ്തവർക്കും മുസ്ലിം ജനതയ്ക്കും ഒരുപോലെ അവകാശമുള്ള ഒരു നഗരമാണ് ഇതെന്നും പാത്രിയർക്കീസ് സമ്മേളനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.