നിരീശ്വരവാദത്തിന്റെ വിത്തുകൾ കുഞ്ഞുങ്ങളിൽ പാകാൻ ചൈനീസ് സ്കൂളുകൾ: പ്രതിഷേധവുമായി ക്രിസ്ത്യൻ മാതാപിതാക്കൾ 

ദൈവത്തിലുള്ള വിശ്വാസം പാടെ ഇല്ലാതാക്കുന്ന പഠനരീതികളുമായി ചൈനീസ് സർക്കാർ മുന്നോട്ടുപോകുന്നു എന്ന ആരോപണവുമായി ക്രിസ്ത്യൻ മാതാപിതാക്കൾ രംഗത്ത്. ദൈവത്തിലുള്ള വിശ്വാസം സാധാരണ ആളുകൾക്കുള്ളതല്ല എന്നും മാനസികനില തെറ്റിയവരാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നതെന്നുമുള്ള കാര്യങ്ങൾ കുഞ്ഞുങ്ങളിലേയ്ക്ക് കുത്തിവയ്ക്കപ്പെടുകയാണ് എന്ന് മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.

“കുട്ടിയെ സ്കൂളിൽ വിടാൻ തുടങ്ങുന്ന സമയങ്ങളിൽ ദൈവത്തെക്കുറിച്ചും അവിടുത്തെ സൃഷ്ടിയെക്കുറിച്ചുമുള്ള ബോധ്യങ്ങളും വിശ്വാസവും അവനിലേയ്ക്ക്‌ പകരുവാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ, സ്കൂളിൽ പോയി നാളുകൾക്കു ശേഷം അവന്റെ വിശ്വാസത്തിലും മനോഭാവങ്ങൾക്കും മാറ്റം വന്നുതുടങ്ങി. ദൈവത്തെ വെറുക്കുന്ന ഒരു മനോഭാവത്തിലേയ്ക്ക് അവനെ കൊണ്ടുവന്നത് അവന്റെ അധ്യാപകർ തന്നെയാണ്” – ഒരു കുട്ടിയുടെ മാതാവ് വെളിപ്പെടുത്തുന്നു.

മുൻപ് ദൈവത്തെക്കുറിച്ചുള്ള കാര്യങ്ങൾ കേട്ടിരുന്ന കുട്ടികൾ ക്രിസ്ത്യൻവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ കോപാകുലരാകുകയും ഈ ദൈവത്തിൽ വിശ്വസിക്കരുത് എന്ന് പറയുകയും ചെയ്യുന്നതായി നിരവധി മാതാപിതാക്കൾ വെളിപ്പെടുത്തി. ഇതിന്റെ കാരണം ആരാഞ്ഞപ്പോൾ ദൈവത്തിൽ വിശ്വസിച്ചാൽ പല പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അത് ഭീകരമായിരിക്കുമെന്നും തുടങ്ങിയ കാര്യങ്ങളാണ് സ്കൂളിൽ പഠിപ്പിച്ചതെന്ന് കുട്ടികൾ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് ബിറ്റർ വിന്റർ എന്ന വാർത്താ ഏജൻസിയാണ്.

ക്രിസ്തീയവിശ്വാസത്തെ ഇല്ലാതാക്കുന്നതിനുള്ള സർക്കാർ തന്ത്രങ്ങളുടെ ഭാഗമാണ് ഇതെന്നും ഇത്തരം പ്രവർത്തനങ്ങളിൽ തങ്ങൾ ആകുലരാണെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.