ചൈനയിൽ ക്രിസ്തീയ പീഡനം വർദ്ധിക്കുന്നു: പൂട്ടിച്ചത് 6000 ഭൂഗർഭ ദേവാലയങ്ങൾ

ചൈനയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം നാൾക്കുനാൾ വർധിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 6000 ഭൂഗർഭ ദേവാലയങ്ങളാണ് ചൈനീസ് ഭരണ കൂടം ഇല്ലാതാക്കിയത്. പള്ളികൾ ഇല്ലാതാകുന്നതിനൊപ്പം ചൈനീസ് ഭരണകൂടത്തെ അംഗീകരിക്കാത്ത വിശ്വാസികളെ വ്യാജ കേസിൽ കുടുക്കി തടങ്കലിൽ ആക്കുന്ന പതിവും വർദ്ധിച്ചു വരുന്നു എന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പല പള്ളികളും ഇല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി നിലം പരിശാക്കി. ക്രിസ്ത്യാനികളെ ഭരണകൂട അധികാരം അട്ടിമറിക്കാൻ പ്രേരിപ്പിക്കുക, നിയമവിരുദ്ധമായ ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചു. ഇങ്ങനെ നിരവധി പീഡനങ്ങളാണ് ചൈനയിൽ ക്രൈസ്തവർ നേരിടുന്നത്. പലപ്പോഴും വീടുകളിൽ പോലീസ് റെയ്ഡ് നടത്തും. ക്രിസ്തീയമായ എന്തെങ്കിലും ലഭിച്ചാൽ പിന്നെ അവർ ജയിലിലാണ്.

സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിശ്വാസത്തെ കുറിച്ചു സംസാരിക്കുവാനോ, വിശ്വാസ കാര്യങ്ങൾ പങ്കുവയ്ക്കുവാനോ ക്രൈസ്തവർക്ക് അവകാശം ഇല്ല. പല ക്രൈസ്തവ നേതാക്കളെയും കൊണ്ട് ചൈനീസ് ഗവണ്മെന്റിനു അനുകൂലമായി നിലനിൽക്കും എന്ന് അനുശാസിക്കുന്ന ധാരണ പത്രം നിർബന്ധപൂർവം ഒപ്പുവയ്പ്പിക്കുന്നു. ഒപ്പുവയ്ക്കുവാൻ വിസമ്മതിക്കുന്നവർ പിന്നീട് ജയിലിലോ പോലീസ് നിരീക്ഷണത്തിൽ വീട്ടു തടങ്കലിലോ ആയിരിക്കും. ചൈനയിലെ ഒരു വിശ്വാസി വെളിപ്പെടുത്തുന്നു.

ചൈനയിൽ ക്രൈസ്തവ പീഡനങ്ങൾ വർദ്ധിക്കുന്നു എന്ന് ലോക മാധ്യമങ്ങളും വെളിപ്പെടുത്തുന്നു. ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം അപകടകരമായ രാജ്യങ്ങളുടെ ലിസ്റ്റിൽ 27 മത് ആയിരുന്ന ചൈന 2020 ൽ 23 മത് ആയി മാറിയിരുന്നു.