ചൈന- വത്തിക്കാന്‍ ഉടമ്പടി ഫലപ്രദമാകുന്നില്ല: യു.എസ് അംബാസിഡര്‍ 

വത്തിക്കാന്‍ – ചൈന ഉടമ്പടി, ചൈനയിലെ കത്തോലിക്കര്‍ക്ക് സഹായകമാകുന്നില്ല എന്ന് യു.എസ്. അംബാസിഡര്‍ സാം ബ്രൗണ്‍ബാക്ക്. മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്കയും തായ്‌വാനും സംയുക്തമായി നടത്തിയ രണ്ടു ദിവസത്തെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വത്തിക്കാന്‍ ചൈനീസ് പാട്രിയോട്ടിക് അസോസ്സിയേഷന്റെ ബിഷപ്പുമാര്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും അവിടുത്തെ ഭൂഗര്‍ഭ കത്തോലിക്കരോടുള്ള സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെനാന്‍ പ്രവിശ്യയിലെ 18 വയസിനു താഴെയുള്ള കുട്ടികള്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ അധികൃതര്‍ വിലക്കിയിരിക്കുകയാണ്. കൂടാതെ, നൂറുകണക്കിന് ദേവാലയങ്ങളാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി പൂട്ടിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രൂപങ്ങളും മറ്റും തകര്‍ക്കുകയുമാണ്.

ബിഷപ്പുമാരുടെ ആവശ്യകത ധാരാളമുണ്ടെങ്കിലും പല സ്ഥാനങ്ങളും ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. ഈ സാഹചര്യത്തിന് ഉടനെ ഒരു മാറ്റമുണ്ടാകും എന്ന പ്രതീക്ഷയില്ല. പ്രതീക്ഷയ്ക്കു വകതരുന്ന സൂചനകള്‍ പോലും ഇല്ലാതാക്കിക്കൊണ്ടാണ് ചൈനീസ് സര്‍ക്കാര്‍ പെരുമാറുന്നത്. സാം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.