‘ദൈവം ഉള്ളം കൈയ്യിൽ സൂക്ഷിക്കുന്ന കുഞ്ഞുങ്ങൾ’ – കാവലായി ഈ സന്യാസിനിമാർ

സി. സൗമ്യ DSHJ

“ജനിച്ച് ഒന്നോ, രണ്ടോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ തൊട്ടിലിൽ കിടന്നുറങ്ങുന്നതു കാണുമ്പോൾ എന്റെ കണ്ണുകൾ നനയാറുണ്ട്. അവരുടെ നെറ്റിയിൽ കുരിശടയാളം വരച്ച് ‘ദൈവമേ കാത്തുകൊള്ളണേ’ എന്ന് എല്ലാ രാത്രിയിലും പ്രാർത്ഥിക്കും. ദൈവം ഞങ്ങളെ വിശ്വസിച്ച് ഏല്പിച്ചതല്ലേ ആ കുഞ്ഞുങ്ങളെ. ഒരു ആപത്തും ഈ കുഞ്ഞുങ്ങൾക്ക് വരുത്തുകയില്ല.” ഇതു പറയുമ്പോൾ സി. സുകൃത സി.എസ്.എൻ -ന്റെ വാക്കുകളിൽ സങ്കടവും ഒപ്പം ദൈവപരിപാലനയിലുള്ള ആഴമായ വിശ്വാസവും നിറയുന്നു.

എറണാകുളം ജില്ലയിലെ കറുകുറ്റിക്കടുത്ത് പാദുവാപുരത്ത് സ്ഥിതിചെയ്യുന്ന ‘സിസ്റ്റേഴ്സ് ഓഫ് നസറത്ത്’ ശിശുഭവനിൽ വർഷങ്ങളായി ശുശ്രൂഷ ചെയ്തുവരികയാണ് ഈ സന്യാസിനി. ഇവിടെ നിന്നും ഇതിനോടകം പരിചരണം ലഭിച്ച് കടന്നുപോയിട്ടുള്ളത് 1152 -ഓളം കുഞ്ഞുങ്ങളാണ്. ഇപ്പോൾ 22 കുഞ്ഞുങ്ങളെ ഈ ശിശുഭവനിൽ പരിപാലിക്കുന്നുണ്ട്. ദത്തെടുക്കൽ അനുമതിയുള്ള എറണാകുളം ജില്ലയിലെ ഏക സ്ഥാപനമായ ശിശുഭവന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സി. സുകൃത ലൈഫ് ഡേയോട് പറഞ്ഞുതുടങ്ങി.

‘ദത്തെടുക്കൽ’ അനുവാദമുള്ള ജില്ലയിലെ ഏക സ്ഥാപനം

1972 -ലാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്കായിട്ടുള്ള ഈ ശിശുഭവൻ ആരംഭിച്ചത്. ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞ കുഞ്ഞുങ്ങൾ മുതൽ അഞ്ചു വയസു വരെയുള്ളവർ ഇവിടെയുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) യുടെ അനുവാദത്തോടെയാണ് ഈ ശിശുഭവനിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത്. അഞ്ചു വയസ്സു വരെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനുള്ള ലൈസൻസാണ് ഈ സ്ഥാപനത്തിനുള്ളത്.

കേന്ദ്ര ഗവണ്മെന്റിന്റെ ലൈസൻസുള്ള ഈ ശിശുഭവനിൽ നിന്നും, തീർത്തും അനാഥരായ കുട്ടികളെ, മക്കളില്ലാത്ത ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അനുവാദമുണ്ട്. 1975 -ലാണ് രേഖാമൂലം, ദത്തെടുക്കൽ നടപടികൾക്കുള്ള അനുവാദം ഈ ശിശുഭവന് ലഭിക്കുന്നത്. സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സിന്റെയും സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിയുടെയും ജില്ലാ ശിശുവികസന വകുപ്പിന്റെയും മേൽനോട്ടത്തിലും സഹകരണത്തിലുമാണ് ഈ ശിശുഭവൻ നടത്തിവരുന്നത്. ഈ ശിശുഭവന്റെ വളർച്ചയിൽ കൂടെ നിൽക്കുന്ന സെന്റ് ജോസഫ് പ്രൊവിൻസിലെ പ്രൊവിൻഷ്യൽ സി. അൽഫോൻസിന്റെയും കൗൺസിലേഴ്‌സിന്റെയും സഹകരണവും സപ്പോർട്ടും ഇവർക്ക് വലിയ കരുത്താണ്.

അഞ്ചു വയസു വരെയുള്ള കുട്ടികളെയാണ് ഇവിടെ പരിപാലിക്കുന്നത്. അഞ്ചു വയസിനു ശേഷം ബാലഭവനിലേക്ക് പഠനത്തിനായി ഇവരെ അയക്കും. CWC -യിൽ നിന്നും നിയമപരമായി ദത്തെടുക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് ദത്തെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുന്നത്. അംഗീകാരത്തോടെയുള്ള പേപ്പർ വർക്കുകളെല്ലാം സ്ഥാപനത്തിലെ പരിചയസമ്പന്നയായ സോഷ്യൽ വർക്കർ മുഖേന ചെയ്താണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നത്.

ശിശുഭവന്റെ പ്രവർത്തനങ്ങൾ

നാലു വർഷങ്ങളായി സി. സുകൃതയാണ് ഈ ശിശുഭവന്റെ മേൽനോട്ടം വഹിക്കുന്നത്. സിസ്റ്ററിനോടൊപ്പം സി. ജിനിയ ഈ ശിശുഭവന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുണ്ട്. മാസത്തിൽ രണ്ടു പ്രാവശ്യം ശിശുരോഗ വിദഗ്‌ധനായ ഡോ. ന്യൂട്ടൻ ലൂയിസ് കുട്ടികളെ സന്ദർശിക്കുകയും എല്ലാ കുട്ടികളെയും പരിശോധിക്കുകയും ചെയ്യും. ഇവിടെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും മെഡിക്കൽ ഫയൽ ഉണ്ട്. വളരെ അടിയന്തിര സാഹചര്യം വന്നാൽ ചാലക്കുടിയിലുള്ള ധന്യ ആശുപത്രിയിലാണ് സാധാരണയായി കുട്ടികളെ കാണിക്കുന്നത്; അവിടെ തന്നെയുള്ള ഡോക്ടറാണ് ശിശുഭവനിലെത്തി കുട്ടികളെ പരിശോധിക്കുന്നതും. ‘സ്റ്റെല്ലാ മാരിസ്’ ആശുപത്രിയിൽ നിന്നുള്ള സഹായവും ലഭ്യമാകാറുണ്ട്.

കൊച്ചുകുട്ടികളെ പരിപാലിക്കാൻ കെയർ ടെക്കേഴ്സ് ഉണ്ട്. 50 കുട്ടികൾക്കുള്ള സൗകര്യം ഇവിടെയുണ്ടെങ്കിലും ഇപ്പോഴുള്ളത് 22 കുഞ്ഞുങ്ങളാണ്. നാലു കുഞ്ഞുങ്ങൾക്ക് ഒരു കെയർ ടേക്കർ എന്ന രീതിയിലാണ് ഈ കുഞ്ഞുങ്ങളെ നോക്കുന്നത്. പിന്നെ സോഷ്യൽ വർക്കറും ഉണ്ട്. സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്.

“ഈ പ്രേഷിതമേഖല എനിക്ക് സന്തോഷം നൽകുന്നു. എന്റെ ജീവിതത്തെ ദൈവം ഈ ഒരു മിഷനു വേണ്ടി മാറ്റിവച്ചിരിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊച്ചുകുഞ്ഞുങ്ങളെ ഇങ്ങനെ കാണുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. പ്രത്യേകിച്ച്, ചെറിയ കുഞ്ഞുങ്ങൾ രാത്രിയിൽ തൊട്ടിലിൽ കിടന്നുറങ്ങുന്നതു കാണുമ്പോൾ. കിടക്കാൻ പോകുന്നതിനു മുൻപ് ഈ കുഞ്ഞുങ്ങളുടെ നെറ്റിയിൽ കുരിശു വരയ്ക്കാറുണ്ട്. കുരിശു വരച്ചിട്ടു അവരുടെ തൊട്ടിലിന്റെ അടുത്തു നിന്നും പോരുമ്പോൾ കണ്ണു നിറഞ്ഞേ എനിക്ക് അവിടെ നിന്നും പോരാൻ സാധിക്കുമായിരുന്നുള്ളൂ. കാരണം, ഈ പ്രായത്തിൽ അപ്പന്റെയും അമ്മയുടെയും കൂടെ കിടന്ന് ഉറങ്ങേണ്ടവരാണല്ലോ അവർ. കാവൽമാലാഖയോട് ‘ഈശോയേ, ഈ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ’ എന്ന് പ്രാർത്ഥിക്കും. അത്രയുമേ എനിക്ക് ചെയ്യാൻ പറ്റുകയുള്ളൂ. ഈശോ കാത്തുകൊള്ളും ഈ കുഞ്ഞുങ്ങളെ” – ഇതു പറയുമ്പോൾ സിസ്റ്ററിന്റെ കണ്ഠമിടറുന്നുണ്ടായിരുന്നു.

കോവിഡ് രോഗത്തിൽ ദൈവം തീർത്ത സംരക്ഷണകവചം

ഓരോ ദിവസവും ദൈവപരിപാലനയുടെ വലിയ അത്ഭുതങ്ങളാണ് ഈ സ്ഥാപനത്തിൽ സംഭവിക്കുന്നത്. അത്തരത്തിലൊന്നാണ് ഈ അടുത്തിടെ നടന്നത്.

ആഗസ്റ്റ് 18 -ന് ഈ ശിശുഭവനിൽ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച മുൻപ്, ജനിച്ച് മൂന്നു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഈ സ്ഥാപനത്തിൽ എത്തിച്ചിരുന്നു. മാസം തികയാതെ ഉണ്ടായ ആ കുഞ്ഞിന് തൂക്കം വളരെ കുറവായിരുന്നു. അതിനാൽ തന്നെ ശിശുരോഗവിദഗ്‌ധനെ കാണിച്ചപ്പോൾ അദ്ദേഹം ‘ഒരു കാരണവശാലും ഈ കുഞ്ഞിന് പനിക്കാൻ ഇട വരരുത്’ എന്ന നിർദ്ദേശം നൽകി. കാരണം പനിച്ചാൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകാനിടയുണ്ട്.

ഡോക്ടർ ഇപ്രകാരം പറഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഈ സ്ഥാപനത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. വളരെ ആശങ്ക നിറഞ്ഞ ദിനങ്ങളിലൂടെയാണ് ഈ സ്ഥാപനത്തിലുള്ളവർ കടന്നുപൊയ്ക്കൊണ്ടിരുന്നത്. വെറും മൂന്നു ദിവസം മാത്രം പ്രായമുള്ള, പനിക്കരുത് വളരെ ശ്രദ്ധിക്കണം എന്നു പറഞ്ഞ കുഞ്ഞിനും കോവിഡ് ബാധിച്ചു. എങ്കിലും സി. സുകൃത ഈ സ്ഥാപനത്തെയും ഇവിടെയുള്ള ഓരോ കുഞ്ഞുങ്ങളെയും എല്ലാം ദൈവത്തിനു സമർപ്പിച്ചു. കാരണം ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ലല്ലോ. ദൈവം ഇവരുടെ കരങ്ങളിൽ ഏൽപ്പിച്ച കുഞ്ഞുങ്ങളാണല്ലോ ഇവർ എന്ന ചിന്ത ആശ്വാസം പകർന്നു; ഒപ്പം ധൈര്യവും.

“ഈ സ്ഥാപനത്തിൽ കോവിഡ് രോഗം വന്നെങ്കിലും ആരെയും വലിയ ഗൗരവമായ രീതിയിൽ ബാധിക്കാതെ, ഒരു ചെറിയ ജലദോഷം വരുന്ന രീതിയിൽ ഈ രോഗം വന്നുപോയി. പനി വരരുത് എന്ന് പ്രത്യേകം പറഞ്ഞ ചെറിയ കുഞ്ഞിന്റെ കാര്യത്തിലായിരുന്നു എല്ലാവർക്കും ആശങ്ക. എന്നാൽ, കുട്ടിക്ക് പനി വന്നെങ്കിലും യാതൊരു വിധ അപകടവും ഉണ്ടായില്ല. ഞങ്ങൾ മാത്രമല്ല, ഞങ്ങളുടെ കോൺഗ്രിഗേഷൻ മുഴുവനും ഈ രോഗത്തിന്റെ കാലഘട്ടത്തിൽ ഈ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു” – സിസ്റ്റർ ജിനിയ വെളിപ്പെടുത്തുന്നു.

‘ഓരോ കുഞ്ഞും ദൈവം ഈ ഭൂമിയെ കൂടുതൽ സ്നേഹിക്കുന്നതിന്റെ അടയാളമാണ്’

ആയിരത്തിലേറെ കുഞ്ഞുങ്ങൾ ഈ സ്ഥാപനത്തിൽ വന്നിട്ടുണ്ട്. ഓരോ കുഞ്ഞിനെ കിട്ടുമ്പോഴും സിസ്റ്റർ ചിന്തിക്കുന്നത് ഇപ്രകാരമാണ്: “ഓരോ കുഞ്ഞും ദൈവം ഈ ഭൂമിയെ കൂടുതൽ സ്നേഹിക്കുന്നതിന്റെയും വിശ്വസിക്കുന്നതിന്റെയും അടയാളമാണ്. ഭൂമിയെ സ്നേഹിക്കുന്നതു പോലെ തന്നെ ഞങ്ങളെയും ദൈവം വിശ്വസിച്ച് ഏല്പിച്ചിരിക്കുന്നതാണ് ഈ കുഞ്ഞുങ്ങളെ.”

എവിടെയൊക്കെയോ ജീവിക്കേണ്ട കുഞ്ഞുങ്ങളെ ദൈവം ഈ സന്യാസിനിമാരുടെ കൈയിൽ വിശ്വസിച്ച് ഭരമേല്പിച്ചിരിക്കുകയാണ്. ആ ഒരു ബോധ്യം ഈ കുഞ്ഞുങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാനും പരിപാലിക്കാനും ഇവരെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ദത്തു കൊടുക്കേണ്ട കുഞ്ഞുങ്ങൾ, സാധാരണ നാലോ, അഞ്ചോ മാസമേ ഈ ശിശുഭവനിൽ ഉണ്ടാവുകയുള്ളൂ. ആ കുഞ്ഞുങ്ങളുടെ അമ്മയുടെ അനുവാദത്തോടെ അറുപതു ദിവസത്തിനുള്ളിൽ നിയമപരമായി കുഞ്ഞിനെ ദത്ത് കൊടുക്കാനുള്ള അനുവാദമുണ്ട്.

ചുരുങ്ങിയ നാളുകൾ മാത്രമേ, ദത്ത് പോകുന്ന കുഞ്ഞുങ്ങൾ ഈ സന്യാസിനിമാരുടെ കരങ്ങളിലുണ്ടാകൂ എങ്കിലും അവർ ഇവരുടെ ജീവിതത്തിന്റെ ഭാഗമാകാറുണ്ട്. ആ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തില്ലെങ്കിലും ദൈവം വിശ്വസിച്ച് ഏല്പിച്ച കുഞ്ഞുങ്ങളാണ് ഇവർ എന്ന ബോധ്യം ഇവരിലുണ്ട്. തങ്ങളുടെ സ്വന്തം മക്കളെപ്പോലെ തന്നെ കരുതി ഈ കുഞ്ഞുങ്ങളെ ഇവർ സ്നേഹിക്കുന്നു. അതിനാലാണ് ഈ സന്യാസിനിമാർക്ക് ശിശുഭവനിലുള്ള ഓരോ കുഞ്ഞിനും അമ്മയായും സഹോദരങ്ങളായും ഒക്കെ നിൽക്കാൻ സാധിക്കുന്നത്.

‘രാത്രിയും പകലും ഞങ്ങൾക്ക് ഒരുപോലെ’

“രാത്രിയെന്നോ, പകലെന്നോ ഇല്ല. രണ്ടും ഞങ്ങൾക്ക് ഒരുപോലെയാണ്. ഒരിക്കലും മടുപ്പോ, ക്ഷീണമോ അനുഭവപ്പെടാറില്ല എന്നതാണ് സത്യം. ഒരു ചെറിയ കുഞ്ഞു വീട്ടിലുണ്ടെങ്കിൽ അമ്മമാർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനെ പരിചരിക്കാറില്ലേ? അതുപോലെയുള്ള 22 -ഓളം ചെറിയ കുഞ്ഞുങ്ങളാണ് ഇവിടുള്ളത്. അപ്പോൾ അവരെ ഞങ്ങൾ രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ പരിചരിക്കുന്നു” – സിസ്റ്ററിന്റെ വാക്കുകളിൽ തികഞ്ഞ സംതൃപ്തി മാത്രം.

ഒന്നര മണിക്കൂർ ഇടവിട്ടാണ് ചെറിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത്. ചെറിയ കുട്ടികൾക്കു മാത്രമല്ല, കുറച്ചു മുതിർന്ന കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കുന്നതും സമയം അനുസരിച്ചാണ്. സ്വന്തം കാര്യത്തേക്കാൾ ഈ കുഞ്ഞുങ്ങളുടെ രീതികളും ആവശ്യങ്ങളും അനുസരിച്ച് സ്വന്തം കാര്യങ്ങൾ മാറ്റിവയ്ക്കുകയാണ് ഈ സന്യാസിനിമാർ. കാരണം ഇപ്പോൾ ദൈവം ഇവരെ ഏല്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്വം ഇതാണെന്ന ഉറച്ച ബോധ്യം ഇവർക്കുണ്ട്. ഈ കുഞ്ഞുങ്ങളുടെ ചെറിയ വാശികളും പിണക്കങ്ങളും കണ്ടും കേട്ടും സന്തോഷത്തോടെ ഇവരോടൊപ്പം ആയിരിക്കുവാൻ പരിശ്രമിക്കുകയാണ് ഈ സമർപ്പിതർ.

മൂന്നു മുതൽ അഞ്ചു വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുപ്പിക്കുകയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. അത്യാവശ്യം കൊന്ത ചൊല്ലാനും, ‘നന്മ നിറഞ്ഞ മറിയമേ…’ എന്ന പ്രാർത്ഥനയുടെ മറുപടി ചൊല്ലാനും ഭക്ഷണം കഴിക്കുന്നതിനു മുൻപ് പ്രാർത്ഥന ചൊല്ലാനും ഈ മക്കൾ പഠിച്ചു. കുഞ്ഞിക്കൈകൾ കൂപ്പിയുള്ള അവരുടെ പ്രാർത്ഥന ഈ ഭൂമിയിലെ മനോഹരമായ അനുഭവമാണെന്ന് സിസ്റ്റർ പറയുന്നു.

ചെറിയ കുട്ടികളായിരിക്കുമ്പോഴാണ് ഇവിടെ നിന്നും കൂടുതൽ ദത്തെടുക്കൽ അനുവദിക്കുന്നത്. അതായത് തിരിച്ചറിവ് ഉണ്ടാകുന്നതിനു മുൻപ് തന്നെ. കുറച്ച് മുതിർന്നു കഴിയുമ്പോൾ ബാലഭവനിലേക്കു മാറ്റും. അവിടെ നിന്നാണ് സ്‌കൂളുകളിലേക്ക് പഠനത്തിനായി കുട്ടികളെ അയക്കുന്നത്. കുറച്ചു വർഷങ്ങളെ ഒപ്പമുള്ളൂ എങ്കിലും ഈ കുട്ടികൾക്കും ഇവിടെ നിന്നും പോകുമ്പോൾ വലിയ സങ്കടമാണ് ഈ സന്യാസിനിമാർക്ക്.

സഹോദരങ്ങൾക്ക് പരസ്പരം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ

സിസ്റ്റർ സുകൃത നാലു വർഷങ്ങൾക്കു മുൻപ് ഈ സ്ഥാപനത്തിലേക്കു വരുമ്പോൾ ഇവിടെ നാലു കുട്ടികൾ ഉണ്ടായിരുന്നു. ഒരു വീട്ടിലെ തന്നെ സഹോദരങ്ങളായ നാലു പേർ! എന്നാൽ, ഈ കുഞ്ഞുങ്ങൾക്ക് പരസ്പരം, തങ്ങൾ സഹോദരങ്ങളാണെന്ന് അറിയില്ലായിരുന്നു. വളരെ ചെറിയ പ്രായത്തിലാണ് രണ്ടു പേർ വരുന്നത്. അതിനു ശേഷം രണ്ടു പേർ. പിന്നീട് സിസ്റ്റർമാർ തന്നെ ഈ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തു, അവർ സഹോദരങ്ങളാണെന്ന്. അങ്ങനെ കുറച്ചൊക്കെ ആ കുട്ടികൾക്ക് ബോധ്യമായി തങ്ങൾ നാലു പേരും സഹോദരങ്ങളാണെന്ന്.

ഈ ശിശുഭവനിൽ എത്തുന്ന കുട്ടികൾ പലപ്പോഴും രണ്ടു തരത്തിലുള്ളവരാണ്. അമ്മമാർ നേരിട്ട് ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളും അമ്മമാർ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചിട്ടു പോകുന്നവരും. കുടുംബത്തിൽ പ്രശ്നങ്ങൾ മൂലം വരുന്ന കുഞ്ഞുങ്ങൾക്ക് ഒരു കുടുംബത്തിന്റെ സാഹചര്യം സ്വപ്‍നം കാണാൻ പോലും സാധിക്കുകയില്ല. അവർ അഞ്ചു വയസു വരെ ശിശുഭവനിൽ വളരും. പിന്നീട്, ബാലഭവനിലേക്ക് മാറ്റും. ഇതിനിടയിൽ കുടുംബത്തിന്റേതായ അന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യം അവർക്ക് നഷ്ടപ്പെടുന്നു.

കുടുംബത്തിൽ നിൽക്കാൻ സാധിക്കാത്ത സ്ത്രീകൾക്കുള്ള സംരക്ഷണം

ശിശുഭവനോട് ചേർന്നു തന്നെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതു മൂലം അവിടെ നിൽക്കാൻ സാധിക്കാത്ത സ്ത്രീകളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനവും കൂടിയുണ്ട്. ഈ സ്ഥാപനത്തിൽ അഞ്ചു പേരാണ് ഇപ്പോൾ ഉള്ളത്. ചില സാഹചര്യങ്ങളിൽ ഇങ്ങനെ വരുന്ന സ്ത്രീകളെ കുടുംബവുമായി ചേർത്ത് കൊണ്ടുപോകാൻ പരിശ്രമിക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകൾക്കും ഇവിടെ അഭയം നൽകുന്നു. അവർ പ്രസവം കഴിഞ്ഞു കുഞ്ഞുങ്ങളെ ശിശുഭവനിലാക്കിയ ശേഷം തിരിച്ചുപോകും. ചില പ്രശ്നങ്ങളിൽപെട്ട സ്ത്രീകളെ കൗൺസിലിംഗ് ഒക്കെ കൊടുത്ത് നേരെയാക്കാൻ പരിശ്രമിക്കാറുണ്ട്. ഇങ്ങനെ എത്തുന്നവർക്ക് ജോലിസാധ്യതകൾ ഉണ്ടെങ്കിൽ അതിലേക്കുള്ള സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കാൻ ഈ സന്യാസിനിമാർ ശ്രമിക്കാറുണ്ട്. കൂടാതെ, വിദ്യാഭ്യാസമില്ലാത്തവർക്ക് അതനുസരിച്ചുള്ള ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കും. 25 -ഓളം സ്ത്രീകൾക്കുള്ള സൗകര്യം ഇവിടെയുണ്ട്.

ഓരോ ജീവന്റെയും അധികാരി ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുകയും ആ സന്ദേശം സമൂഹത്തിന് തങ്ങളുടെ ശുശ്രൂഷയിലൂടെ പകരുകയുമാണ് ഈ സന്യാസിനിമാർ. ഇവരുടെ കരങ്ങളിലൂടെ കടന്നുപോകുന്ന മാലാഖക്കുഞ്ഞുങ്ങൾ സമൂഹത്തിൽ നന്മയുടെ വറ്റാത്ത ഉറവകളായി മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.