കോട്ടയം അതിരൂപതാ വൈദികന്‍ ചേത്തലില്‍ ബഹു. ജോണച്ചന്‍ നിര്യാതനായി

കോട്ടയം അതിരൂപതാ വൈദികനായ ചേത്തലില്‍ ബഹു. ജോണച്ചന്‍ (76) നിര്യാതനായി. കൂടല്ലൂര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകാംഗമായ ബഹു. അച്ചന്‍ വിയാനി ഹോം വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ചേത്തലില്‍ ചാക്കോ – മറിയം ദമ്പതികളുടെ ഏഴാമത്തെ പുത്രനായി 1945 ഏപ്രില്‍ 12-നായിരുന്നു ജോണച്ചന്റെ ജനനം. കൂടല്ലൂര്‍ സെന്റ്‌ ജോണ്‍സ്‌ എല്‍.പി. സ്‌കൂളിലും കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോണച്ചന്‍, കോട്ടയം തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. തുടര്‍ന്ന് കോട്ടയം സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി. സെമിനാരിയിലെ മൂന്നാമത്തെ ബാച്ചില്‍ 1971 മാര്‍ച്ച്‌ 14-ന് മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെത്രാന്റെ കൈവയ്‌പു വഴി കോട്ടയം രൂപതയില്‍ വൈദികനായി.

ഒടയംചാല്‍, പടമുഖം, തെള്ളിത്തോട്‌, പൂതാളി, റാന്നി, മാലക്കല്ല്‌, കല്ലറ പുത്തന്‍പള്ളി, ഉഴവൂര്‍, ഇടയ്‌ക്കാട്‌, സംക്രാന്തി, ചാമക്കാല, ചേര്‍പ്പുങ്കല്‍, കടുത്തുരുത്തി, മള്ളൂശ്ശേരി എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്‌തു. അതിരൂപതാ ഫൈനാന്‍സ്‌ ഡയറക്‌ടര്‍, രൂപതാ കോര്‍പ്പറേറ്റ്‌ സെക്രട്ടറി, മതബോധന കമ്മീഷന്‍ ചെയര്‍മാന്‍, രൂപതാ മൈനര്‍ സെമിനാരി അദ്ധ്യാത്മിക നിയന്താവ്‌ എന്നീ തസ്‌തികകളിലും ബഹു. അച്ചന്‍ സേവനം ചെയ്‌തു.

പടമുഖം, തെള്ളിത്തോട്‌, കള്ളാര്‍, പൂതാളി എന്നീ ദൈവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും റാന്നി, അരീക്കര എന്നീ ദൈവാലയങ്ങള്‍ പുതുക്കിപ്പണിയുന്നതിനും ചാമക്കാലാ വൈദികമന്ദിരം നിര്‍മ്മിക്കുന്നതിനും റാന്നിയില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ ശാഖാഭവനം നിര്‍മ്മിക്കുന്നതിനും അവര്‍ക്കായി മഠം പണിയുന്നതിനും ഉഴവൂര്‍ തുടങ്ങിയ ഇടവകകളില്‍ മനോഹരമായ ചാപ്പലുകളും കുരിശുപള്ളികളും പണിയുന്നതിനും ബഹു. അച്ചന്‍ നേതൃത്വം നല്‍കി.

ഭാരിച്ച തന്റെ ചുമതലകള്‍ക്കിടയിലും വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠത്തില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ഉപരിപഠനം നടത്തി എം.ടി.എച്ച്‌ ബിരുദധാരിയായി. വിശ്രമജീവിത കാലത്ത് തന്റെ പൗരോഹിത്യത്തിന്റെ മധുരസ്‌മരണകള്‍ അയവിറക്കിക്കൊണ്ടു രചിച്ച ‘അവര്‍ണ്ണനീയമായ ദാനത്തിന്‌ അങ്ങേയ്ക്കു സ്‌തുതി’ എന്ന ജീവചരിത്രഗ്രന്ഥം പിന്‍തലമുറ വൈദികഗണത്തിനു പ്രചോദനവും ശക്തിയും വഴികാട്ടിയുമായി പ്രശോഭിക്കുന്നു.

വിശുദ്ധ കുര്‍ബാനയിലുള്ള ആഴമായ വിശ്വാസവും വിശുദ്ധ ഗ്രന്ഥത്തോടുളള സ്‌നേഹവും സഭാധികാരികളോടും സമുദായത്തോടുമുള്ള അദ്ദേഹത്തിന്റെ ബഹുമാനവും സ്‌നേഹവും വിധേയത്വവും പ്രശംസനീയമാണ്‌. താന്‍ സേവനം ചെയ്‌ത എല്ലാ മേഖലകളിലും താന്‍ ഇടപെട്ട എല്ലാവരുടെയും ഹൃദയങ്ങളിലും ഈശോമിശിഹായിലുള്ള വിശ്വാസം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതിന് അച്ചന് സാധിച്ചിട്ടുണ്ട്‌. പൗരോഹിത്യം എനിക്കായി കര്‍ത്താവ്‌ കരുതിവച്ചതാണെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.

അച്ചന്റെ മൃതശരീരം 31-05-2021 തിങ്കളാഴ്‌ച രാവിലെ 7.30-ന് കാരിത്താസ്‌ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന്‌ വിയാനി ഹോമിലും 9 മണിക്ക്‌ സ്വവസതിയിലും എത്തിക്കും. 10.30 മുതല്‍ കൂടല്ലൂര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനുളള സമയമായിരിക്കും. ഉച്ചകഴിഞ്ഞ്‌ 2.30 -ന് പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെയും സഹായമെത്രാന്മാരുടെയും കാര്‍മ്മികത്വത്തില്‍ കൂടല്ലൂര്‍ പള്ളിസെമിത്തേരിയില്‍ മൃതസംസ്‌ക്കാരവും നടത്തുന്നതുമാണ്‌.

ഡോ. ജോര്‍ജ്ജ്‌ കറുകപ്പറമ്പില്‍, പി.ആര്‍.ഒ, കോട്ടയം അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.