ഇറാഖിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി പ്രാർത്ഥിച്ച് കൽദായ സഭ

ഇറാഖിലെ രക്തരൂക്ഷിതമായ കലാപങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാൻ മൂന്നു ദിവസം ഉപവാസ പ്രാർത്ഥന അനുഷ്ഠിച്ച് കൽദായ സഭാ വിശ്വാസികൾ. കൽദായ പാത്രിയാർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ ആവശ്യപ്രകാരമാണ് വിശ്വാസികൾ ഉപവാസ പ്രാർത്ഥന നടത്തിയത്. 11 മുതൽ 13 വരെയാണ് പ്രാർത്ഥനാ ദിനമായി ആചരിക്കുന്നത്.

സർക്കാർ അഴിമതി കാണിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ആറ് ആഴ്ചയായി ഇറാഖിൽ കലാപം തുടരുകയാണ്. പോലീസും ജനങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 319 പേർ കൊല്ലപ്പെട്ടു എന്ന് രേഖകൾ വ്യക്തമാക്കുന്നു. ഈ നില തുടർന്നാൽ മരണ സംഖ്യ ഇനിയും ഉയരും. അതിനാൽ തന്നെ പ്രശ്നങ്ങൾ അവസാനിക്കേണ്ടതുണ്ട്. അതിനായി നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹം വെളിപ്പെടുത്തി.

ഒക്ടോബർ ഒന്നിനാണ് പുതിയ ഗവൺമെന്റ് അധികാരത്തിൽ വരണം എന്ന ആവശ്യവുമായി പ്രതിക്ഷേധം ആരംഭിക്കുന്നത്. ഇത് പിന്നീട് രൂക്ഷമായ പ്രതിസന്ധിയിലാവുകയായിരുന്നു. പോലീസ് പ്രതിക്ഷേധക്കാർക്കു നേരെ ടിയർ ഗ്യാസും ബുള്ളറ്റും ഉപയോഗിച്ചു. 15000 ൽ അധികം ആളുകൾക്ക് പരിക്ക് പറ്റിയതായി ഇറാഖിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷൻ വെളിപ്പെടുത്തി.

“ഈ ജനത അവരുടെ വേദനയാണ് പ്രതിക്ഷേധ പ്രകടനങ്ങളിലൂടെ  പ്രകടമാക്കുന്നത്. അവർക്കു മതിയായ വെള്ളമോ വൈദ്യുതിയോ മറ്റു സേവനങ്ങളോ സർക്കാരിൽ നിന്നും ലഭിക്കുന്നില്ല. 2003 നു ശേഷം ഉള്ള ഇറാഖിനെ കുറിച്ച് വ്യക്തമായി പഠിക്കുകയും മനസിലാക്കുകയും ചെയ്യാനാണ് ഇപ്പോൾ ഞങ്ങൾ ആവശ്യപ്പെടുന്നത്” ബിഷപ്പ് വ്യക്തമാക്കി.