ചൈതന്യ കാര്‍ഷികമേളക്ക് ഇന്ന് സമാപനം

മധ്യകേരളത്തിന്റെ കാര്‍ഷികോത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്ന് തിരശീല വീഴും.

വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ നിരവധി വിഭവങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയത്. മേളയുടെ ആറാം ദിനത്തിലെ നൈപുണ്യദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹിച്ചു. ജോസ് കെ. മാണി എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ബിനു കുന്നത്ത്, സിനി ആര്‍ട്ടിസ്റ്റ് രഞ്ജിനി ജോര്‍ജ്ജ്, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘം ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് ഔസേപ്പ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആറാം ദിനത്തില്‍  ചുങ്കം, മലങ്കര മേഖല കലാപരിപാടികളും കാര്‍ഷിക പ്രശ്‌നോത്തരിയും ദമ്പതികള്‍ക്കായുള്ള കപ്പ പൊളിക്കല്‍ മത്സരവും തകിട തകധിമി ഫ്യൂഷന്‍ ഡാന്‍സ് മത്സരവും രാജാ-റാണി കപ്പിള്‍ ഡാന്‍സ് മത്സരവും നടത്തപ്പെട്ടു. വൈകിട്ട് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് നൈറ്റ് മെഗാഷോയും അരങ്ങേറി.

മേളയുടെ സമാപന ദിവസം കര്‍ഷക സംഗമദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് കടുത്തുരത്തി മേഖലാ കലാപരിപാടികളും 12.15 ന് വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും നടത്തപ്പെടും. 2 മണിക്ക് നടത്തപ്പെടുന്ന കാര്‍ഷികമേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌ക്കാരിക സിനിമാവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.

സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിതപുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥനതല കര്‍ഷകകുടുംബ പുരസ്‌ക്കര സമര്‍പ്പണവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും.

കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. തോമസ് ചാഴികാടന്‍ എം.പി, ഡീന്‍ കുര്യാക്കോസ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, റിട്ട. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി ടി.കെ ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനീംഗ് ബോര്‍ഡ് കാര്‍ഷിക സഹകരണ ജലസേചനവിഭാഗം മേധാവി എസ്.എസ്. നാഗേഷ്, തൃശ്ശൂര്‍ സിറ്റി അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുക്കും.

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ റ്റി.കെ, കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യംസ്, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

വൈകുന്നേരം 4.30 ന് വാവാ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി നാഗവിസ്മയക്കാഴ്ച്ചകള്‍ നടത്തപ്പെടും. തുടര്‍ന്ന് പകര്‍ന്നാട്ടം ഫിഗര്‍ ഷോ മത്സരവും 6.45 ന് ചേര്‍ത്തല കാരാളപതി ഫോക് ബാന്റ് മ്യൂസിക് ടീം അണിയിച്ചൊരുക്കുന്ന നാടന്‍ പാട്ട് ദൃശ്യവിരുന്ന് നടത്തപ്പെടും. 9 മണിക്ക് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.