ചിക്ലായോയിലുള്ള വി. ഓസ്കാർ റൊമേറോയുടെ ചാപ്പൽ സന്ദർശിച്ച് ലെയോ പാപ്പ

“നിങ്ങളോടൊപ്പം ഇവിടെ ആയിരിക്കാൻ കഴിയുന്നത് എത്ര മനോഹരവും ദൈവത്തിന്റെ വലിയൊരു അനുഗ്രഹവുമാണ്. ഞാൻ ദൈവത്തോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്,” നവംബർ 13 വെള്ളിയാഴ്ച പെറുവിന്റെ വടക്കുപടിഞ്ഞാറൻ നഗരമായ ചിക്ലായോയിലെ വിശുദ്ധ ഓസ്കാർ റൊമേറോയുടെ ചാപ്പലിൽ നടത്തിയ സ്വകാര്യ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നവരോട് പാപ്പ പറഞ്ഞു. 2015 മുതൽ 2023 വരെ ഇവിടത്തെ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള മാർപാപ്പ, വി. ഓസ്കാർ റൊമേറോയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു പുതിയ ചാപ്പൽ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

തന്റെ ആരോഗ്യത്തിനായി പ്രാർഥിച്ച മുഴുവൻ സമൂഹത്തിനും പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു. “നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു മാസം മുൻപാണ് എനിക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നത്. ദൈവം തന്റെ കൃപയാൽ എന്നോട് വലിയ കരുണ കാണിച്ചു. മറ്റനേകം പേരുടെ പ്രാർഥനകൾക്കൊപ്പം നിങ്ങളുടെ പ്രാർഥനകളും, നിങ്ങളുടെ ദാസനായ എനിക്ക് സുഖം പ്രാപിക്കാനും ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെ എത്തിച്ചേരാനും വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. എല്ലാവർക്കും വളരെയധികം നന്ദി,” മാർപാപ്പ കൂട്ടിച്ചേർത്തു.

യേശു നമുക്ക് രക്ഷ നൽകാനായി കടന്നുവന്നതിനെക്കുറിച്ചും, ദൈവസ്നേഹം പങ്കുവയ്ക്കാനും അവിടുത്തെ ദൗത്യത്തിൽ പങ്കാളികളാകാനും നാം എങ്ങനെ വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുമാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിൽ പ്രധാനമായും സംസാരിച്ചത്.

1980-ൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ട എൽ സാൽവഡോർ ആർച്ച്ബിഷപ്പായിരുന്ന വിശുദ്ധ ഓസ്കാർ അർനുൾഫോ റൊമേറോ, ക്രിസ്തുവിനോടും സഭയോടും പാവപ്പെട്ടവരോടുമുള്ള വിശ്വസ്തതയുടെ ഉത്തമ മാതൃകയായാണ് അനുസ്മരിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.