
സാമ്പത്തിക വിദഗ്ദ്ധനും നയതന്ത്രജ്ഞനും മന്ത്രിയും കത്തോലിക്കാ സഭയുടെ പ്രമുഖ അൽമായ നേതാവുമായിരുന്ന അന്തരിച്ച ഫ്രാൻസിസ്കസ് സേവ്യർ സെദായ്ക്ക് ദേശീയ ഹീറോ പദവി നൽകി ആദരിച്ച് ഇന്തോനേഷ്യ. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ഈ പുരസ്കാരം സെദായുടെ മൂത്ത മകളായ പ്രൊഫസർ എറി സെദായ്ക്ക് കൈമാറി. ജക്കാർത്തയിലെ മെർദേക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ് ദേശീയ ഹീറോ പദവി കൈമാറിയത്.
രാജ്യത്തിന്റെ സാമ്പത്തിക പുനർനിർമ്മാണത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മാധ്യമ മേഖലയിലും നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചാണ് ഈ ആദരവ്. ഇന്തോനേഷ്യൻ സമൂഹത്തിന്റെയും രാഷ്ട്ര നിർമ്മാണത്തിന്റെയും പൊതുജീവിതത്തിന്റെയും വളർച്ചയിൽ കത്തോലിക്കാ വിശ്വാസികൾ നൽകിയ സംഭാവനകളെയാണ് ഈ അംഗീകാരം എടുത്തുകാട്ടുന്നത്.
1926 ഒക്ടോബർ നാലിന് കിഴക്കൻ നുസ ടെംഗാറ പ്രവിശ്യയിലെ ഫ്ലോറസ് ദ്വീപിലുള്ള മൗമേരെയിലാണ് സെദാ ജനിച്ചത്. ഡച്ച് ജസ്യൂട്ട് മിഷനറിമാരുടെ വിദ്യാഭ്യാസ പാരമ്പര്യത്തിൽ വേരൂന്നിയ വിദ്യാഭ്യാസം നേടിയ അദ്ദേഹം, ഇന്തോനേഷ്യയുടെ ചരിത്രത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ രാജ്യത്തിന് നേതൃത്വം നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോയ 1966-1968 കാലഘട്ടത്തിൽ ധനകാര്യ മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനം ഏറെ ശ്രദ്ധേയമായിരുന്നു. കടങ്ങളുടെ പുനഃക്രമീകരണത്തിലൂടെയും സാമ്പത്തിക ഘടനയിലുള്ള മാറ്റങ്ങളിലൂടെയും വിദേശ നിക്ഷേപങ്ങൾ വീണ്ടും രാജ്യത്തേക്ക് ആകർഷിക്കുന്നതിലൂടെയും ഇന്തോനേഷ്യൻ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. മന്ത്രിസ്ഥാനത്തിന് ശേഷവും വിവിധ പ്രസിഡന്റുമാരുടെ സാമ്പത്തിക ഉപദേഷ്ടാവായി അദ്ദേഹം തുടർന്നു പ്രവർത്തിച്ചു.
രാഷ്ട്രീയ-സർക്കാർ മേഖലകൾക്ക് പുറത്തും വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1960-ൽ ജക്കാർത്തയിൽ സ്ഥാപിതമായ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ‘അത്മാ ജയ കത്തോലിക്കാ സർവകലാശാലയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഫ്രാൻസിസ്കസ് സേവ്യർ സെദാ. കൂടാതെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ ‘കോംപാസ്’ ദിനപത്രത്തിന്റെ സ്ഥാപകരിൽ ഒരാളും കൂടിയാണ് അദ്ദേഹം. 2009 ഡിസംബർ 31-ന് ജക്കാർത്തയിൽ വച്ചാണ് സെദാ അന്തരിച്ചത്.




