
ജീവിതത്തിലെ സഹനങ്ങളിൽ ക്രിസ്തുവിലേക്ക് തിരിയാനും അവനെ അനുഗമിക്കാൻ ധൈര്യപ്പെടാനും പെറുവിലെ യുവജനങ്ങളോട് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. നവംബർ 13 ന് വൈകുന്നേരം പെറു നാഷണൽ സ്റ്റേഡിയത്തിൽ നടന്ന പ്രാർഥനാസംഗമത്തിൽ തടിച്ചുകൂടിയ യുവജനങ്ങളോടാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. സ്റ്റേഡിയത്തിനുള്ളിൽ ഏകദേശം 60,000 ത്തോളം സർവകലാശാല വിദ്യാർഥികളും യുവജനങ്ങളും, പുറത്ത് 3,00,000 ത്തോളം പേരും മാർപാപ്പയുടെ വാക്കുകൾ ശ്രവിക്കാൻ എത്തിയിരുന്നു.
“അവൻ കുരിശിനെയല്ല, നമ്മുടെ രക്ഷയെയാണ് ആഗ്രഹിച്ചത്. നമ്മോടുള്ള സ്നേഹത്തെപ്രതി അവൻ കുരിശ് സ്വീകരിക്കുകയും അവസാനം വരെ അത് വഹിക്കുകയും ചെയ്തു. അങ്ങനെ തന്റെ ആത്മദാനത്തിലൂടെ മരണത്തിന്റെ ഉപകരണമായ കുരിശ്, മരണത്തെ കീഴടക്കാൻ കഴിവുള്ള അവന്റെ തീക്ഷ്ണമായ സ്നേഹം വെളിപ്പെടുത്തുന്ന ഇടമായി മാറി,” മാർപാപ്പ പറഞ്ഞു.
പ്രാർഥിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന സന്ദർഭങ്ങളിൽ പോലും യേശുവിനോട് സത്യസന്ധമായി സംസാരിക്കാൻ ഭയപ്പെടരുതെന്ന് പാപ്പ യുവജനങ്ങളോട് പറഞ്ഞു. “നമ്മുടെ കണ്ണുനീരും, നമുക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങളും അവനറിയാം. നിങ്ങളെ സ്നേഹിക്കുന്നവരുടെ സാമീപ്യം തേടുക. ചില ദുഃഖങ്ങൾക്ക് സമയവും സഹായഹസ്തവും ആവശ്യമാണ്,” പാപ്പ കൂട്ടിച്ചേർത്തു.
അതേസമയം, പാപത്തിന്റെ കെണികളെക്കുറിച്ചും മാർപാപ്പ യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദൈവേഷ്ടം പിന്തുടരുന്നത് നമ്മുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നതിനു തുല്യമാണോ എന്ന് ചിലപ്പോൾ നാം സംശയിച്ചേക്കാം. ജീവിതം പൂർണ്ണമായി ആസ്വദിക്കാൻ പാപവും അനുഭവിക്കേണ്ടതുണ്ടെന്ന അപകടകരമായ ചിന്തയിലേക്ക് ഇത് നയിച്ചേക്കാം. എന്നാൽ, “തിന്മ എപ്പോഴും വിഷലിപ്തമാണ്” എന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ ഹൃദയത്തിൽ കുറിച്ചിടണമെന്ന് ലെയോ പാപ്പ ഓർമ്മിപ്പിച്ചു. നമ്മെ ഉപദ്രവിക്കുന്ന ഒന്നിന് എങ്ങനെയാണ് നമ്മെ സന്തോഷിപ്പിക്കാൻ കഴിയുക എന്ന് ചോദിച്ച മാർപാപ്പ, നമ്മുടെ ആഴത്തിലുള്ള ആഗ്രഹങ്ങൾ നമ്മളേക്കാൾ നന്നായി ദൈവത്തിനറിയാമെന്നും വ്യക്തമാക്കി.




