ഇടയജീവിതത്തിന്റെ അൻപത് ആണ്ടുകൾ: ആർച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴിയുടെ ജീവിതത്തിലൂടെ

2022 മെയ് ഒന്നിന് മെത്രാഭിഷേകത്തിന്റെ അൻപതാം വാർഷികത്തിലേക്ക് പ്രവേശിക്കുകയാണ് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ്. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ അജപാലന ജീവിതത്തിലൂടെയുള്ള ഒരു യാത്ര വളരെയധികം പ്രചോദനാത്മകമാണ്. ലൈഫ് ഡേ പ്രതിനിധി സുനിഷാ വി.എഫ്, അഭിവന്ദ്യ പിതാവുമായി നടത്തുന്ന സംഭാഷണം.

സുനീഷ വി.എഫ്.

ഏവരുടെയും മുൻപിൽ ഭാവാത്മകതയോടെ പെരുമാറുന്ന ഒരു മെത്രാപ്പോലീത്തയാണ് തൃശൂർ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴി പിതാവ്. മുന്നിൽ വരുന്നവരോട് ‘എനിക്കു വേണ്ടിയും പ്രാർത്ഥിക്കാൻ മറക്കരുത്’ എന്ന് ഓർമ്മിപ്പിക്കുന്ന ഒരു വിശുദ്ധ ജീവിതം. ഒരു ഫോൺ വന്നാൽ പോലും, വിളിക്കുന്ന വ്യക്തി ആരെന്നു മനസ്സിലാക്കി അയാൾക്കു വേണ്ടി പ്രാർത്ഥിച്ചതിനു ശേഷം സംസാരം തുടങ്ങുന്ന നല്ല ഇടയൻ. ഒരു തീരുമാനമെടുക്കാൻ അഭിപ്രായം ആരാഞ്ഞാൽ പോലും ‘പ്രാർത്ഥിച്ചിട്ടു പറയാം’ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ‘ലാളിത്യത്തിന്റെ ചലിക്കുന്ന ഒരു സക്രാരി’ എന്നു വേണമെങ്കിൽ നമുക്ക് പിതാവിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ്.

2022 മെയ് ഒന്നിന് മെത്രാഭിഷേകത്തിന്റെ അൻപതാം വാർഷികത്തിലേക്ക് പ്രവേശിക്കുകയാണ് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ്. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ അജപാലന ജീവിതത്തിലൂടെയുള്ള ഒരു യാത്ര വളരെയധികം പ്രചോദനാത്മകമാണ്. ലൈഫ് ഡേ പ്രതിനിധി സുനിഷാ വി.എഫ്, അഭിവന്ദ്യ പിതാവുമായി നടത്തുന്ന സംഭാഷണം.

പരിശുദ്ധ അമ്മയുമായും ദിവ്യകാരുണ്യവുമായും അഗാധമായ ബന്ധം ഈ പുരോഹിതശ്രേഷ്ഠനുണ്ട്. മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും താമരശേരി രൂപതയുടെ രണ്ടാമത്തെ അദ്ധ്യക്ഷനും തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയും ആയിരുന്ന ജേക്കബ് തൂങ്കുഴി പിതാവ് തന്റെ ദൈവവിളി-അജപാലന അനുഭവങ്ങൾ ലൈഫ് ഡേയുമായി പങ്കുവയ്ക്കുന്നു.

സെമിനാരിയിൽ താമസിച്ചെത്തിയ ‘ബെഞ്ചമിൻ’ 

പാലാ രൂപതയിലെ വിളക്കുമാടം, തൂങ്കുഴി കുര്യൻ – റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13-നാണ് ചാക്കോ എന്ന ബിഷപ്പ് ജേക്കബ് തൂങ്കുഴി ജനിച്ചത്. പത്താം തരം ജയിച്ചപ്പോഴാണ് കുഞ്ഞുചാക്കോയ്ക്ക് സെമിനാരിയിൽ ചേർന്നാലോ എന്ന ഒരു ആഗ്രഹം ഉണ്ടാകുന്നത്. “ഒരു വൈദികനാകുക എന്ന ആഗ്രഹം നല്ലതുപോലെ ഉണ്ടായിരുന്നു. എന്റെ ഒപ്പമായിരുന്നു ജ്യേഷ്ഠനും പത്താം ക്‌ളാസ് പാസ്സായത്. അസുഖം കാരണം ഒരു വർഷം വൈകിയാണ് ചേട്ടൻ പരീക്ഷ എഴുതിയത്. അന്നൊക്കെ പത്താം ക്‌ളാസ് വരെ പഠിക്കുക എന്നൊക്കെ വച്ചാൽ അതൊരു വലിയ സംഭവമായിരുന്നു. അപ്പോഴാണ് ഒരു വീട്ടിലെ രണ്ടുപേർ ഒരുമിച്ച് പത്താം ക്‌ളാസ് ജയിക്കുന്നത്. ഇച്ചാച്ചൻ-എന്റെ ചാച്ചൻ, ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു പാരലൽ കോളേജിൽ അഡ്മിഷൻ ഒക്കെ റെഡി ആക്കി. അപ്പോഴാണ് ഞാൻ എന്റെ ഈ ആഗ്രഹം വീട്ടിൽ പറയുന്നത്. എന്നാൽ ഇച്ചാച്ചന് അത്ര താത്പര്യമുണ്ടായിരുന്നില്ല. പഠനമൊക്കെ കഴിഞ്ഞിട്ട് അങ്ങനെയൊരു ആഗ്രഹം അന്ന് ഉണ്ടെങ്കിൽ പോകാമെന്നായി ഇച്ചാച്ചൻ. എന്നാൽ എന്റെ ആഗ്രഹം അത്രയും വരെ കാത്തുനിൽക്കാൻ ക്ഷമ കാണിച്ചില്ല.”

അതിനു ശേഷം കുഞ്ഞു ചാക്കോ ഇടവകപ്പള്ളിയിലെ വികാരിയച്ചന്റെ അടുക്കലെത്തി തന്റെ ആഗ്രഹം പറഞ്ഞു. സെമിനാരിയിൽ വൈദികാർത്ഥികളെ എടുക്കുന്ന സമയം കഴിഞ്ഞുപോയെന്നായിരുന്നു വികാരിയച്ചന്റെ മറുപടി. ഉച്ചവെയിലിൽ നിന്ന് പെട്ടന്ന് അകത്തേക്കു കയറിയതു പോലെയായിരുന്നു ചാക്കോയ്ക്ക് ഈ വാക്കുകൾ അനുഭവപ്പെട്ടത്. കുറച്ചു സമയത്തേക്ക് ആകെയൊരു ഇരുട്ട്. എങ്കിലും ഏതൊരു ഇരുട്ടിന്റെയും അറ്റത്ത് ഒരു വെളിച്ചമുണ്ടല്ലോ. “ഇനിയിപ്പോൾ ആകെയൊരു മാർഗ്ഗം ചങ്ങനാശ്ശേരിയിൽ പോയി ജെയിംസ് കാളാശേരി പിതാവിനെ കാണുകയാണ്” – വികാരിയച്ചൻ പറഞ്ഞു.

“അങ്ങനെ പിതാവിനെ കാണാൻ പോകാൻ തീരുമാനിച്ചു. പക്ഷേ, പോകാനുള്ള വണ്ടിക്കൂലി ഇച്ചാച്ചൻ തരാൻ സാധ്യത കുറവാണ്. നേരെ അമ്മയുടെ അടുക്കലേക്കു പോയി. ഞാനൊരു അച്ചനാകണമെന്ന അമ്മയുടെ മൗനസമ്മതം അന്ന് അമ്മ തന്നുവിട്ട വണ്ടിക്കൂലിയിൽ ഉണ്ടായിരുന്നു. എങ്കിലും പിതാവിനെ കാണാതെ തന്നെ എനിക്ക് സെമിനാരിയിൽ ചേരാൻ സാധിക്കണേ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചത്. അൽഫോൻസാമ്മയോടും ഞാൻ പ്രത്യേകമായി ഇതേ കാര്യം തന്നെ പറഞ്ഞു.

അങ്ങനെ ബിഷപ്‌സ് ഹൌസിലെത്തിയപ്പോൾ അവിടെ പിതാവില്ല. അക്കാലത്ത് സെമിനാരിയുടെ വൈസ് റെക്ടർ ആയിരുന്ന, പിന്നീട് തലശേരി രൂപതയുടെ ബിഷപ്പായി അഭിഷിക്തനായ ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അന്ന് അവിടെയുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടു. എനിക്ക് ചെറിയ തോതിലൊക്കെ സന്തോഷമായി. ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട്. പിതാവിനെ കാണാതെ സാധിച്ചല്ലോ. അങ്ങനെ എന്റെ വരവിന്റെ ഉദ്ദേശം അറിഞ്ഞ വള്ളോപ്പള്ളി അച്ചൻ, സെമിനാരി പ്രവേശനത്തിനുള്ള പ്രത്യേക ഫോം ഒക്കെ പൂരിപ്പിച്ചു. എന്റെ പേര് ചോദിച്ചപ്പോൾ ഞാൻ ‘ചാക്കോ’ എന്നു പറഞ്ഞു. പിതാവ് അന്ന് അത് ഇംഗ്ലീഷിൽ ആക്കി ജേക്കബ് തൂങ്കുഴി എന്നാക്കി.” വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ പിതാവ് ഓർമ്മിക്കുകയാണ്.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും ഇച്ചാച്ചൻ – പിതാവിന്റെ ചാച്ചൻ – തന്റെ രണ്ട് ആണ്മക്കൾക്കും കൂടി ഒരേ കോളേജിൽ പഠനത്തിനായി അഡ്മിഷൻ എടുത്തു വന്നിരുന്നു. എങ്കിലും മകന്റെ ഇഷ്ടത്തിന് ഒടുവിൽ അദ്ദേഹം സമ്മതം മൂളി. ആ സമ്മതത്തിലൂടെ, സ്വർഗ്ഗത്തിന്റെ വലിയൊരു ദൈവികപദ്ധതിക്കാണ് താൻ അനുവാദം നൽകിയതെന്ന് അന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.

പിന്നീട് സെമിനാരിയിലേയ്ക്കുള്ള യാത്ര. വിളക്കുമാടത്തു നിന്ന് കാൽനടയായിട്ടായിരുന്നു സെമിനാരിയിലേയ്ക്ക് പോയത്. സെമിനാരി ജീവിതത്തിന് ആവശ്യമായ സാധനങ്ങള്‍ അടങ്ങിയ പെട്ടി തലയില്‍ ചുമന്ന് ആ അപ്പനും മകനും ചങ്ങനാശേരിക്ക് നടന്നു. അബ്രഹവും ഇസഹാക്കും പണ്ട് നടന്നതുപോലെ ഒരു യാത്ര. അബ്രാഹത്തിന് മകനെയും കൊണ്ട് തിരികെ പോകാന്‍ ഇടയായി. എന്നാല്‍ ഈ പിതാവ് മകനെ നിത്യമായി ദൈവത്തിനു നല്‍കി ഒറ്റയ്ക്ക് മടങ്ങി.

ചങ്ങനാശേരിയിലെ മൈനർ സെമിനാരിയിൽ എത്തിച്ചേർന്ന ‘ജേക്കബ് തൂങ്കുഴി’ അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു. പ്രായം കുറഞ്ഞവരെ സെമിനാരിയിൽ ബെഞ്ചമിൻ എന്നായിരുന്നു അന്ന് വിളിച്ചിരുന്നത്‌. ആ ബാച്ചിലെ ‘ബെഞ്ചമിൻ’ എന്ന പേരും വിശേഷണവും അങ്ങനെ ബ്രദർ ജേക്കബ് തൂങ്കുഴിക്കു സ്വന്തമായി. രണ്ടു വർഷത്തെ മൈനർ സെമിനാരി പഠനത്തിനു ശേഷം അദ്ദേഹം മേജർ സെമിനാരിയിലേക്ക് പഠനത്തിനായി അയക്കപ്പെട്ടു.

‘തൂങ്കുഴിക്ക് ഇത്രയും കിട്ടിയാൽ പോരായിരുന്നു’

“മേജർ സെമിനാരിയിലെത്തിയപ്പോഴും പഠിക്കണം എന്ന ഒരു ചിന്ത എനിക്ക് വരുന്നില്ല. ഒരു ഉഴപ്പ് മനോഭാവമായിരുന്നു. ആ സമയത്താണ് സുറിയാനി, ലത്തീൻ, ഇംഗ്ലീഷ് ഭാഷകളൊക്കെ പഠിക്കാൻ ആരംഭിക്കുന്നത്. അങ്ങനെ ഒരിക്കൽ ഒരു പരീക്ഷയുടെ ഉത്തരക്കടലാസ് കിട്ടിയപ്പോൾ 50-ൽ 25 മാർക്കായിരുന്നു ലഭിച്ചത്. എല്ലാവരുടെയും മുൻപിൽ വച്ച് വള്ളോപ്പള്ളി അച്ചൻ “തൂങ്കുഴിക്ക് ഇത്രയും കിട്ടിയാൽ പോരായിരുന്നു” എന്നു പറഞ്ഞു. അത് എന്നെ വല്ലാതെ സ്പർശിച്ചു. എനിക്ക് പഠിക്കാൻ കഴിവുണ്ട് എന്ന ഒരു തിരിച്ചറിവിൽ പിന്നീട് ഞാൻ നന്നായി പഠിക്കാൻ തുടങ്ങി.

അതിനു ശേഷം സെമിനാരിയിലെ അക്കാദമിക മികവിൽ ഒന്നോ, രണ്ടോ സ്ഥാനത്ത് എപ്പോഴും ഉണ്ടായിരുന്നു. എങ്കിലും മംഗലപ്പുഴ സെമിനാരിയിൽ നിന്ന് തുടർപഠനത്തിനായി ഒരാൾക്കു സിലോണിൽ പോയി പഠിക്കാമെന്നു പറഞ്ഞപ്പോൾ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു. മറ്റൊരിടത്തു പോയി പഠിക്കുക എന്നൊക്കെ പറഞ്ഞാൽ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ലല്ലോ. ഞാൻ വളരെ പ്രതീക്ഷയോടെ കാത്തിരുന്നു. എങ്കിലും എന്നെയല്ലായിരുന്നു അതിനായി തിരഞ്ഞെടുത്തത്. അത് എനിക്ക് വലിയ ആഘാതമായിരുന്നു. എന്നാലും പരാതിയൊന്നും കൂടാതെ ഞാൻ ഫിലോസഫി പഠനം പൂർത്തിയാക്കി.

അതിനു ശേഷം തിയോളജി പഠിക്കുന്ന കാലത്താണ് തലശേരി രൂപത രൂപംകൊണ്ടത്. മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവായിരുന്നു പ്രഥമ രൂപതാദ്ധ്യക്ഷൻ. അങ്ങനെ രൂപതയിലേക്കുള്ള ക്ഷണം കിട്ടുകയും അവിടെ നിന്ന് എന്നെ റോമിലേക്ക് പഠിക്കാൻ അയയ്ക്കുകയും ചെയ്തു. “നമുക്ക് ഒരു നിരാശ വരുമ്പോൾ, അതിലും മെച്ചപ്പെട്ടത് കരുതിവച്ചിട്ടാണ് നമ്മെ അതിലേക്ക് കടത്തിവിടുന്നത് എന്ന പാഠമൊക്കെ ഞാൻ ഇതിലൂടെ പഠിച്ചു.” ജീവിതവഴികളിൽ പഠിച്ച നന്മയുടെയും വിശ്വാസത്തിന്റെയും പാഠങ്ങൾ പിതാവിന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുകയാണ്.

റോമിൽ നിന്നും പൗരോഹിത്യ സ്വീകരണം

റോമിൽ പഠനം തുടരുന്നതിനാൽ അവിടെ വച്ചു തന്നെയായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. അന്നത്തെ സാഹചര്യത്തിൽ വീട്ടുകാർക്ക് ഇന്ത്യയിൽ നിന്ന് റോമിൽ വന്ന് ഇത്തരം ചടങ്ങുകൾക്ക് പങ്കെടുക്കാനുള്ള സാഹചര്യമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ നിന്നും ആരും വന്നില്ല.

1956 ഡിസംബർ 22-നായിരുന്നു പുരോഹിതനായി അഭിഷിക്തനായത്. പൗരോഹിത്യസ്വീകരണത്തിനു ശേഷം പിന്നീട് നാലു വർഷം കൂടി റോമിൽ പഠനം തുടരുകയും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. അങ്ങനെ ഏഴു വർഷത്തിനു ശേഷം തിരികെ കേരളത്തിൽ എത്തിച്ചേർന്നു.

‘ഇടവക ഭരിക്കാനറിയാഞ്ഞിട്ടാണോ വികാരിയച്ചൻ ആകാത്തത്?’

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രമായി തലശ്ശേരി രൂപതയിലെ കുണ്ടുതോട് എന്ന ഇടവകയിൽ വിശുദ്ധ കുർബാനയ്ക്കായി പോകുമായിരുന്നു. അന്ന് വള്ളോപ്പള്ളി പിതാവിന്റെ സെക്രട്ടറിയും രൂപതയുടെ ചാൻസലറും ഒക്കെയായി സേവനം ചെയ്യുന്നതുകൊണ്ടായിരുന്നു ഇത്തരത്തിലൊരു താത്കാലിക നിയമനം.

ഇടവകജീവിതത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് പിതാവ് സരസമായി ഒരു സംഭവം പറഞ്ഞത്. അത് ഇപ്രകാരമായിരുന്നു: “ഒരു ഞായറാഴ്ച ഇടവകയിലെ ഒരു ചെറുപ്പക്കാരൻ എന്നെ കാണാനെത്തി. യാതൊരു മറയുമില്ലാതെ അന്ന് അദ്ദേഹം എന്നോട് ചോദിച്ചു: ‘ഇടവക ഭരിക്കാനറിയാഞ്ഞിട്ടാണോ അച്ചനെ ഒരു വികാരിയച്ചനായി എവിടെയും നിയമിക്കാത്തേ?” സത്യത്തിൽ എനിക്ക് ചിരിയായിരുന്നു വന്നത്. എങ്കിലും “ഇക്കാലമത്രയുമുള്ള എന്റെ അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ ഇടവകയിൽ ശുശ്രൂഷ ചെയ്തിട്ടുള്ളത് വളരെ കുറച്ചു നാളുകൾ മാത്രമാണ്. എങ്കിലും ഞാൻ ശുശ്രൂഷ ചെയ്ത ഇടങ്ങളൊന്നും എനിക്ക് മറക്കാൻ സാധിക്കില്ല” – പിതാവ് പറയുന്നു.

മിഷൻ പ്രദേശത്ത് പോകാതെ മിഷനറിയായപ്പോൾ

ഇടവക അനുഭവങ്ങൾ കുറവെങ്കിലും പിതാവ് തന്റെ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്ന ഒരു ഇടവകയാണ് തലശ്ശേരി രൂപതയിലെ വിളക്കന്നൂർ ഇടവക. “ആ വർഷത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കാനാണ് എന്നെ അങ്ങോട്ട് അയച്ചത്. എന്നാൽ യാതൊരു സൗകര്യങ്ങളുമില്ലാത്ത ഒരു ഇടവകയായിരുന്നു അന്ന് അത്. ഒരു കൊച്ചുപള്ളി. പള്ളിയുടെ പുറകുവശത്ത് മുറി പോലുള്ള ഒരിടം. പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ വേണ്ട സൗകര്യങ്ങൾ അവിടെ ഇല്ലായിരുന്നു. എങ്കിലും ഒരു വലിയ മിഷൻ മനസ്സോടെയായിരുന്നു ആ ഒരാഴ്ചക്കാലം ഞാൻ അവിടെ ആയിരുന്നത്. മിഷൻ പ്രദേശത്ത് പോകാതെ എങ്ങനെ ഒരു മിഷനറിയായിരിക്കാം എന്ന് എന്നെ പഠിപ്പിച്ച ഒരിടമാണത്” – പിതാവ് സന്തോഷത്തോടെ ലൈഫ് ഡേയോട് പങ്കുവയ്ക്കുന്നു.

“ഒന്ന് നിർത്താവോ അച്ചാ”

ലാളിത്യത്തിന്റെ ഒരു മിഷൻ മനോഭാവം പിതാവിന്റെ ജീവിതത്തിലുടനീളം നമുക്ക് കാണാവുന്നതാണ്. ഏതൊരു കാര്യവും നമുക്ക് ആവശ്യമുള്ളതു മതി എന്നത് പിതാവിന്റെ നിർബന്ധങ്ങളിൽ ഒന്നാണ്. ധരിക്കുന്ന വസ്ത്രം, എഴുതുന്ന പേന, കഴിക്കുന്ന ഭക്ഷണം എന്തിനേറെ, പറയുന്ന വചനവ്യാഖ്യാനം പോലും ഏറ്റവും ലളിതമായിരിക്കാനാണ് ഈ ഇടയൻ ആഗ്രഹിക്കുന്നത്. അതിനായി പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

എങ്ങനെ ഇത്ര ലളിതമായി ജീവിക്കാനും ചിന്തിക്കാനും സാധിക്കുന്നു എന്നു ചോദിച്ചപ്പോൾ, അതിനു പിന്നിലെ രസകരവും ചിന്തോദ്ധീപകവുമായ ഒരു സംഭവം പിതാവ് പറയുകയുണ്ടായി.

“വൈദികനായിരിക്കുമ്പോൾ ഒരു ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ മീറ്റിംഗിൽ പങ്കെടുക്കാനിടയായി. പ്രസംഗിക്കാൻ എന്നെ വിളിച്ചു. വലിയ സ്ഥിതിവിവരക്കണക്കുകളൊക്കെ വിവരിച്ച് ഞാൻ ഒരു വൻപ്രസംഗം തന്നെ തുടങ്ങി. എന്റെ മുന്നിലിരിക്കുന്നത് കുറേ കൊച്ചുകുഞ്ഞുങ്ങളാണ്. കുറച്ചു സമയം കഴിഞ്ഞപ്പോൾ മുന്നിലിരുന്ന ഒരു കൊച്ചു പെൺകുട്ടി എഴുന്നേറ്റു നിന്ന് ഉറക്കെ പറഞ്ഞു: “ഒന്ന് നിർത്താവോ അച്ചാ?” വേദിയും സദസ്സും ഞാനും ആദ്യം ഒരുപോലെ സ്തംഭിച്ചു. പിന്നീട് ചിരിയായി. സത്യത്തിൽ ഞാൻ പറഞ്ഞതൊന്നും അവർക്ക് ദഹിക്കാവുന്ന ഒന്നായിരുന്നില്ല എന്ന് ആ കുഞ്ഞാണ് അന്ന് എനിക്ക് പഠിപ്പിച്ചുതന്നത്. അന്നു മുതൽ ഞാൻ എന്റെ പ്രസംഗങ്ങളൊക്കെ ഏറ്റവും ലളിതമായി പറയാൻ പ്രത്യേകം ശ്രദ്ധിക്കാൻ തുങ്ങി.

‘അമ്മ കൂടെയുണ്ടെങ്കിൽ ബിഷപ്പാകാം’

1973 മെയ് മാസം ഒന്നാം തീയതിയാണ് മലബാറിൽ മാനന്തവാടി രൂപത സ്ഥാപിതമാകുന്നത്. രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായത് തൂങ്കുഴി പിതാവായിരുന്നു. ഒരു രൂപതയെ, അതിന്റെ ആരംഭത്തിൽ വഴിനടത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. അതിനും പിതാവിന് പറയാൻ ഒരു കഥയുണ്ട്.

“എന്നെക്കൊണ്ട് സാധിക്കുമോ എന്ന ഭയം നല്ലതുപോലെ ഉണ്ടായിരുന്നു. എങ്കിലും പ്രാർത്ഥിച്ചു. അപ്പോഴാണ് ഒരു കഥ ഓർമ്മ വരുന്നത്. എവിടെയോ വായിച്ചത് മനസ്സിലേക്കു പെട്ടെന്ന് വന്നതായിരുന്നു. സന്ധ്യയായപ്പോൾ ഒരു അമ്മ മകനെ സാധനം വാങ്ങാൻ കടയിൽ വിട്ടു. പോകാനൊരുങ്ങുന്ന മകനോട് അമ്മ ചോദിച്ചു: “മോനേ നിനക്ക് പേടിയുണ്ടോ?”

“ഇല്ലമ്മേ” എന്ന് മറുപടി.

“എന്നിട്ട് നീയെന്തേ പോകാത്തത്?” മറുചോദ്യം.

“അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് പേടിയില്ല” എന്ന് മകന്റെ മറുപടി.

സത്യത്തിൽ മകന് പേടിയായിരുന്നു. ഇതു തന്നെയായിരുന്നു എന്റെയും അവസ്ഥ. അതിനാൽ എല്ലാ കാര്യങ്ങളിലും പരിശുദ്ധ അമ്മയുടെ സഹായം തേടിയാണ് മുന്നോട്ടു പോകാറുള്ളത്. ബിഷപ്പാകുന്നതു സംബന്ധിച്ചുള്ള എല്ലാ വിഷമതകളും ഭയവുമൊക്കെ പരിശുദ്ധ അമ്മയെ കൂട്ടു പിടിച്ചാണ് പരിഹരിച്ചു കൊണ്ടിരുന്നത്.” പിതാവ് തന്റെ ഇടയവഴിയുടെ തുടക്കം ഓർമ്മിക്കുകയാണ്.

പിന്നീട് തന്റെ ലാളിത്യവും പ്രവർത്തനമികവും കൊണ്ട് മാനന്തവാടി രൂപതയെ പടുത്തുയർത്താൻ നല്ല രീതിയിൽ പരിശ്രമിച്ചു. ചുരം കയറി വന്ന്, കാട്ടുമൃഗങ്ങളോടും അസുഖങ്ങളോടും മല്ലടിച്ച കുടിയേറ്റ ജനതയുടെ വിശ്വാസജീവിതത്തിന് അടിത്തറ പാകിയത് പിതാവിന്റെ അജപാലനമികവും പ്രാർത്ഥനയുമായിരുന്നു. എങ്കിലും എല്ലാ ഇടവകകളിലും സമർപ്പിതരുടെ സേവനം അക്കാലത്ത് ഇല്ലായിരുന്നു. അതുണ്ടായിരുന്ന ഇടങ്ങളിലൊക്കെ വളർന്നുവരുന്ന തലമുറയിൽ പ്രകടമായ സ്വഭാവവ്യത്യാസങ്ങൾ അറിയാൻ തുടങ്ങി. അങ്ങനെയാണ് വയനാട്ടിലേക്ക് കൂടുതൽ സമർപ്പിതരുടെ ആവശ്യത്തെക്കുറിച്ച് പിതാവും മറ്റു വൈദികരും മനസ്സിലാക്കുന്നത്.

വിദേശത്തുള്ള നിരവധി സന്യാസ സഭയിലെ സിസ്റ്റർമാരോട് സംസാരിച്ചെങ്കിലും രോഗവും കാട്ടുമൃഗങ്ങളും ചുരവുമുള്ള വയനാട്ടിലേക്ക് കടന്നുവരാൻ ആരും തയ്യാറായില്ല. എങ്കിലും വിൻസെൻഷ്യൻ സന്യാസ സഭ മാനന്തവാടിയിൽ ഒരു സന്യാസഭവനം സ്ഥാപിച്ചു. എങ്കിലും അതുകൊണ്ടൊന്നും ആത്മീയ ആവശ്യങ്ങൾ പൂർത്തീകരിക്കാനായില്ല. ഓരോ ഇടവകയുടെയും അവിടുത്തെ കുഞ്ഞുങ്ങളുടെയും ആത്മീയവളർച്ചയിൽ സന്യാസിനിമാർ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് ഒടുവിൽ 1977-ൽ ക്രിസ്തുദാസി സന്യാസ സഭയ്ക്ക് തുടക്കം കുറിക്കുന്നത്.

അപേക്ഷ നൽകിയ 90 പെൺകുട്ടികളിൽ നിന്നും 15 അർത്ഥിനികളെ തിരഞ്ഞെടുത്തു. മറ്റു സന്യാസ സഭകളിലെ സിസ്റ്റർമാരെയും രൂപതാ വൈദികരെയും സമന്വയിപ്പിച്ചുകൊണ്ട് ഇവർക്ക് മികച്ച ട്രെയിനിങ് നൽകി. ഒരോ വർഷവും 15 പേരെ വീതമായിരുന്നു സമർപ്പിതജീവിതത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്.

അങ്ങനെ ആ പ്രശ്നം പരിഹരിച്ചു. ഇപ്പോഴും വയനാട്ടിലെ നിരവധി ഇടവകകളിലും കേരളം, കർണാടക, ആന്ധ്രപ്രദേശ് പോലുള്ള വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വ്യത്യസ്‍തങ്ങളായ മിഷൻ പ്രവർത്തനങ്ങൾ ക്രിസ്തുദാസി സന്യാസ സഭ നടത്തിവരുന്നു. എങ്കിലും രൂപത ആ സമയത്ത് സാമ്പത്തികമായി വലിയ ഞെരുക്കത്തിലായിരുന്നു. അതൊക്കെ പല വിധത്തിൽ അതിജീവിക്കാൻ തമ്പുരാൻ സഹായിച്ചുവെന്നും പിതാവ് പറയുന്നു.

മാനന്തവാടി രൂപതയിലെ സ്തുത്യർഹമായ അജപാലന ശുശ്രൂഷക്കു ശേഷം പിതാവ് താമരശ്ശേരി രൂപതാദ്ധ്യക്ഷനായി നിയമിതനായി. അവിടെ നിന്നും പിന്നീട് തൃശൂർ അതിരൂപതയുടെ ആർച്ചുബിഷപ്പായി അഭിഷിക്തനായി. 2007 ജനുവരി 22-നായിരുന്നു തൽസ്ഥാനത്തു നിന്ന് വിരമിച്ചത്. എങ്കിലും പിതാവ് ഇപ്പോഴും കർമ്മനിരതനാണ്. തന്റെ 91-ആം വയസ്സിലും വളരെ ഊർജ്ജസ്വലതയോടെയാണ് പിതാവ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.

കുടുംബങ്ങൾക്കായി ഇടയമൊഴി

ഇപ്പോൾ കുടുംബങ്ങളിൽ മക്കളുടെ എണ്ണം കുറയുന്നതിനോടൊപ്പം ദൈവവിളികളുടെ എണ്ണവും കുറയുന്നുണ്ട്. ഇതിനെക്കുറിച്ച് പിതാവിന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. “ഗാർഹികസഭ എന്നത് ക്രൈസ്തവസഭയുടെ അവിഭാജ്യഘടകമാണ്. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ ഒരുപാട് തിരഞ്ഞെടുപ്പുകളാണ് നമ്മുടെ മക്കൾക്ക്. അതുകൊണ്ടു തന്നെ വിളവധികം ഉണ്ട്. അതിനാൽ വേലക്കാർക്ക് വേണ്ടി പ്രാത്ഥിക്കേണ്ടതുണ്ട്. പിന്നെ ഒരു കാര്യമുള്ളത്, നമ്മുടെ മക്കളുടെ ആദ്യത്തെ സെമിനാരിയും സന്യാസഭവനങ്ങളുമെല്ലാം സ്വന്തം കുടുംബങ്ങൾ തന്നെയാണ്. അതിനാൽ തന്നെ കുടുംബപ്രേഷിതത്വം വളരെ പ്രാധാന്യമർഹിക്കുന്നു. പഠനങ്ങളും ധ്യാനങ്ങളുമെല്ലാം പ്രത്യേകമായി നമ്മുടെ കുടുംബങ്ങൾക്ക് നൽകേണ്ടതുണ്ട്. കുടുംബങ്ങൾക്ക് സഭ നൽകുന്ന പ്രാധാന്യം പോലെ തന്നെ വിശ്വാസജീവിതത്തിൽ വളർന്നുവരുവാൻ കുടുംബങ്ങളും വലിയ ഉത്തരവാദിത്വവും താത്പര്യവും കാണിക്കണം” – പിതാവ് നിർദ്ദേശിക്കുന്നു.

പ്രാർത്ഥനയിൽ ഐക്യപ്പെടുക 

എപ്പോഴും ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നും പിതാവ് തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നുണ്ട്. ദിവ്യകാരുണ്യ സന്നിധിയിലായിരിക്കാൻ പിതാവ് ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അതുപോലെ തന്നെ പരിശുദ്ധ അമ്മയുമായും അഗാധമായ ബന്ധം ഈ ഇടയനുണ്ട്. പ്രാർത്ഥനയോടെ മാത്രമേ പിതാവ് ഓരോ നിമിഷവും കാര്യങ്ങൾ ചെയ്യുകയുള്ളൂ. അതിനാൽ തന്നെ ‘പ്രാർത്ഥനയുടെ ഒരു പുരോഹിതശ്രേഷ്ഠൻ’ എന്ന് കൂടുതൽ അടുപ്പമുള്ളവർ പിതാവിനെ വിശേഷിപ്പിക്കാറുണ്ട്.

മെത്രാഭിഷേകത്തിന്റെ അൻപതാം വാർഷിക ആരംഭം

പിതാവായിട്ട് അൻപതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എന്താണ് മനസ്സിൽ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു.

“പണ്ട് ഗോൾഡൻ ജൂബിലിയെക്കുറിച്ച് കേൾക്കുമ്പോഴൊക്കെ, എന്റെ ജീവിതത്തിൽ അത് സംഭവിക്കുമോ എന്ന സംശയമൊക്കെയുണ്ടായിരുന്നു. എന്നാൽ അൻപതാം  വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ എനിക്ക് അത്ഭുതമാണ്. ഇത് വളരെ അസാധാരണമായ ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ, ഇത് ദൈവത്തിന്റെ പ്രത്യേക കാരുണ്യവും അനുഗ്രഹവുമാണെന്നു മനസ്സിലാക്കി ദൈവത്തെ സ്തുതിച്ചുകൊണ്ട്, നന്ദി പറഞ്ഞുകൊണ്ട് ജീവിക്കുക. ഇനി എന്താണോ അവിടുന്ന് ചെയ്യാൻ ആവശ്യപ്പെടുന്നത് അത് ചെയ്യുക, അതിനു വേണ്ടിയാണ് ഇപ്പോൾ പ്രാർത്ഥിച്ചു കൊണ്ടും ശ്രമിച്ചു കൊണ്ടുമിരിക്കുന്നത്. ക്രിസ്തുദാസി സന്യാസ സഭയ്ക്ക് നൽകിയ മോട്ടോ ‘ഇതാ കർത്താവിന്റെ ദാസി’ എന്നതാണ്. അതു തന്നെയാണ് എന്റെ ജീവിതം കൊണ്ടും എനിക്ക് പറയാനുള്ളത്. ‘ഇതാ കർത്താവിന്റെ ദാസൻ; അവിടുത്തെ ഹിതം എന്നിൽ നിറവേറട്ടെ.’ കർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുക എന്ന ആഗ്രഹം വളരെയധികമായിട്ടുണ്ട്. എന്നെക്കുറിച്ചുള്ള അവിടുത്തെ പദ്ധതിയെക്കുറിച്ചു കേൾക്കാൻ എപ്പോഴും അവിടുത്തോടൊപ്പമായിരിക്കാൻ ആഗ്രഹമുണ്ട്” – പിതാവിന്റെ വാക്കുകളിൽ കൃതജ്ഞത നിറഞ്ഞുനിൽക്കുന്നു.

ഒരു നല്ല പുരോഹിതനായി ഇടയനായി ജീവിതം കൊണ്ട് തന്നെ സന്ദേശം നൽകിക്കൊണ്ടിരിക്കുന്ന പുരോഹിതശ്രേഷ്ഠനാണ് ബിഷപ്പ് ജേക്കബ് തൂങ്കുഴി. 91-ആം വയസ്സിലും കർമ്മനിരതനായിരിക്കുക എന്നത് ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹവും കൃപയും ലഭിച്ചവർക്കു മാത്രമേ സാധിക്കുകയുള്ളൂ. പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓർമ്മിച്ചുവയ്ക്കുകയും അത് പറയുകയും ചെയ്യുന്ന ഒരു വലിയ മനസ്സാണ് പിതാവിനുള്ളത്.

ഇടയജീവിതത്തിന്റെ അൻപതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ തീക്ഷ്ണതയാർന്ന വിശ്വാസവും ആ കരങ്ങളിലൂടെ പൂർത്തീകരിക്കാനുള്ള കാര്യങ്ങൾ സാധ്യമാകാനും നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം. ക്രിസ്തുവിനു വേണ്ടി ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടേണ്ടതുണ്ടെന്ന് എപ്പോഴും തിരക്കിലായിരിക്കുന്ന പിതാവിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

ദൈവസ്നേഹത്തിന്റെ ജ്വലിക്കുന്ന പ്രകാശമായ, ക്രിസ്തുവിന്റെ സുവിശേഷത്തെ ജീവിതത്തിൽ പകർത്തിയ അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിന് മെത്രാഭിഷേകത്തിന്റെ സുവർണ്ണ നിറമാർന്ന ജൂബിലിയാശംസകൾ…!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.