
വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയ്‌ക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായി ‘ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക്’ (Two-State Solution) നീങ്ങാൻ അന്താരാഷ്ട്ര സമൂഹം മുൻകൈയെടുക്കണമെന്നും പാപ്പ അടിയന്തിരമായി അഭ്യർഥിച്ചു.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളുടെ അടിസ്ഥാനത്തിലുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് വിശുദ്ധ നാട്ടിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള ഏക വഴിയെന്ന് പരിശുദ്ധ സിംഹാസനം (Holy See) നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. ശക്തിപ്രയോഗത്തിലൂടെയല്ല, മറിച്ച് ക്ഷമയോടെയുള്ള സംവാദത്തിലൂടെയും സഹകരണത്തിലൂടെയുമാണ് ശാശ്വതമായ പുരോഗതി കൈവരിക്കാനാകുന്നതെന്നും വത്തിക്കാൻ ഓർമ്മിപ്പിക്കുന്നു.
തെക്കൻ ഇറ്റലിയിലെ തരാന്റോ (Taranto) നഗരത്തിൽ ആരംഭിച്ച മെഡിറ്ററേനിയൻ ഗെയിംസിനെക്കുറിച്ചും മാർപാപ്പ പരാമർശിച്ചു. മെഡിറ്ററേനിയൻ കടലുമായി അതിർത്തി പങ്കിടുന്ന ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന ഈ കായിക മാമാങ്കത്തിൽ വത്തിക്കാന്റെ ഔദ്യോഗിക സ്പോർട്സ് അസോസിയേഷനായ ‘അത്‌ലറ്റിക്ക വത്തിക്കാന’യിൽ നിന്നുള്ള നാലു കായികതാരങ്ങളും മത്സരിക്കുന്നുണ്ട്.
ഈ കായികമേള ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചക തുല്യമായ അടയാളമായി മാറട്ടെയെന്ന് മാർപാപ്പ ആശംസിച്ചു.




