
ഇന്തോനേഷ്യ – ഡച്ച്, ജപ്പാൻ – ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് 1950 ആഗസ്റ്റ് 17 നായിരുന്നു. 17-ാം നൂറ്റാണ്ടിലാണ് ഇന്തോനേഷ്യയിൽ ഡച്ചുകാർ അധിനിവേശം ആരംഭിച്ചത്. 1942 മുതൽ 1945വരെ ജപ്പാൻ ദ്വീപുകൾ കൈവശം വച്ചിരുന്നു. ജപ്പാൻ കീഴടങ്ങുന്നതിനു തൊട്ടുമുമ്പായാണ് ഇന്തോനേഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. എന്നാൽ ജപ്പാൻ കീഴടങ്ങിയതിനു ശേഷവും ഡച്ച് ആധിപത്യം ദ്വീപിൽ തുടർന്നു. പിന്നീട് നടത്തിയ സമരപോരാട്ടങ്ങൾക്കും സമവായ ശ്രമങ്ങൾക്കും, ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥശ്രമങ്ങൾക്കും ഒടുവിലാണ് ഡച്ചുകാർ 1949 ൽ ഇന്തോനേഷ്യയ്ക്ക് പരമാധികാരം അനുവദിച്ചുനൽകിയത്.
പാക്ക്-ഇന്ത്യ അതിർത്തിരേഖയായ റാഡ്ക്ലിഫ് രേഖ ഔദ്യോഗികമായി പുറത്തുവന്നത് ഇരുരാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ച് 36 മണിക്കൂറുകൾക്കു ശേഷം 1947 ആഗസ്റ്റ് 17 നായിരുന്നു. ബംഗാൾ പഞ്ചാബ് വിഭജനത്തിനായി രണ്ട് അതിർത്തി സമിതികൾ രൂപവത്കരിച്ചത് 1947 ജൂൺ 30 നായിരുന്നു. ബ്രിട്ടീഷ് നിയമജ്ഞനായ സർ സിറിൽ റാഡ്ക്ലിഫായിരുന്നു സമിതികളുടെ അധ്യക്ഷൻ. ജൂലൈ എട്ടിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. അഞ്ച് ആഴ്ചകളായിരുന്നു ദൗത്യം പൂർത്തിയാക്കാൻ അനുവദിച്ചിരുന്ന സമയം. ആവശ്യത്തിനു പഠനങ്ങളോ, സർവേകളോ നടത്താൻ കഴിഞ്ഞില്ലെങ്കിലും നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ സമിതി അതിന്റെ ദൗത്യം പൂർത്തിയാക്കി.
ഒരേ മത്സരയിനത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടുന്ന താരം എന്ന റെക്കോർഡ് അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കിൾ ഫെല്പ്സ് സ്വന്തമാക്കിയത് 2008 ആഗസ്റ്റ് 17 നായിരുന്നു. എട്ടു സ്വർണ്ണ മെഡലുകളാണ് അദ്ദേഹം നേടിയത്. ബെയ്ജിംഗ് ഒളിമ്പിക്സിൽ 4×100 മീറ്റർ റിലേ റേസിൽ സ്വർണ്ണം സ്വന്തമാക്കിയതോടെയാണ് ഫെൽപ്സ് ചരിത്രമെഴുതിയത്. അമേരിക്കയുടെ തന്നെ നീന്തൽതാരമായിരുന്ന മാർക്ക് സ്പിറ്റ്സിന്റെ റെക്കോർഡാണ് ഫെൽപ്സ് മറികടന്നത്. 15-ാമത്തെ വയസ്സിലാണ് ഫെൽപ്സ് തന്റെ ആദ്യ ഒളിമ്പിക് സ്വർണ്ണം നേടുന്നത്. ആകെ 23 സ്വർണ്ണ മെഡലുകളാണ് വിവിധ ഇനങ്ങളിലായി ഒളിമ്പിക് മത്സരങ്ങളിൽ നിന്ന് ഫെൽപ്സ് നേടിയത്.
സുനീഷ വി എഫ്




