
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച 22 വയസ്സുള്ള യുവതിയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും, അവരെ നിർബന്ധിത വിവാഹത്തിന് ഇരയാക്കുന്നതിൽ നിന്നും നൈജീരിയയിലെ കാനോ സ്റ്റേറ്റിലെ ഇസ്ലാമിക മത സന്മാർഗിക പൊലീസായ ഹിസ്ബയെ ഫെഡറൽ ഹൈക്കോടതി വിലക്കി. തങ്ങളുടെ അധികാരപരിധി മറികടന്ന് വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ മതപൊലീസിന് അവകാശമില്ലെന്ന് വ്യക്തമാക്കുന്ന സുപ്രധാന വിധിയാണിത്.
സുരക്ഷാകാരണങ്ങളാൽ ‘സാറ’ എന്ന് പേര് മാറ്റി വിളിക്കുന്ന യുവതിയുടെ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക വിധി. മാതാപിതാക്കളുടെ മരണശേഷം സഹോദരങ്ങൾ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതിനെ തുടർന്നാണ് സാറ, കാനോയിലെ വീട്ടിൽ നിന്ന് ഓടിപ്പോയത്. തുടർന്ന് ഒരു ക്രിസ്ത്യൻ കുടുംബത്തിൽ അഭയം തേടിയ സാറ സ്വന്തം ഇഷ്ടപ്രകാരം ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.
എന്നാൽ, സാറയെ കണ്ടെത്താൻ സഹോദരങ്ങൾ ഇസ്ലാമിക മതപൊലീസായ ഹിസ്ബയുടെ സഹായം തേടി. ഇതിനെത്തുടർന്ന് അവർ സാറയെ നാല് ദിവസത്തോളം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദിക്കുകയും നിർബന്ധിത വിവാഹത്തിന് വഴങ്ങാൻ സമ്മർദം ചെലുത്തുകയും ചെയ്തു. പിന്നീട് ക്രിസ്ത്യൻ കുടുംബത്തിന്റെ സഹായത്തോടെ സാറ സുരക്ഷിത താവളത്തിലേക്ക് മാറിയെങ്കിലും, സാറയെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവ കുടുംബത്തിനെതിരെ മതപൊലീസ് കേസെടുത്തു. തുടർന്ന് നിയമസഹായം നൽകുന്ന ‘എ.ഡി.എഫ്. ഇന്റർനാഷണൽ’ (ADF International) എന്ന സംഘടനയുടെ സഹായത്തോടെ സാറ കോടതിയെ സമീപിക്കുകയായിരുന്നു.
സാറയുടെ മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യന്റെ അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശവും ഹിസ്ബ പൊലീസ് ലംഘിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിസ്ത്യാനികളുടെയോ, മറ്റ് ഇസ്ലാം ഇതര മതസ്ഥരുടെയോ മേൽ അധികാരം പ്രയോഗിക്കാൻ ഹിസ്ബ പൊലീസിന് അവകാശമില്ലെന്നും, മതം മാറാനും നിർബന്ധിത വിവാഹം നിരസിക്കാനും യുവതിക്ക് പൂർണ്ണ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ, യുവതി അനുഭവിച്ച മനുഷ്യാവകാശ ലംഘനങ്ങൾ പരിഗണിച്ച് അവർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.




