
ഇന്തോനേഷ്യയിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെ തുർന്ന്, ദുരന്തബാധിതരെ സഹായിക്കുന്നതിനായി കത്തോലിക്കാ ദുരിതാശ്വാസ ഏജൻസിയായ ‘കാരിത്താസ് ഇന്തോനേഷ്യ’ രാജ്യത്തുടനീളം സന്നദ്ധപ്രവർത്തനങ്ങളും സഹായങ്ങളും ഏകോപിപ്പിച്ചു. ആഗസ്റ്റ് 15 ശനിയാഴ്ച പുലർച്ചെ ഈസ്റ്റ് നുസ തെങ്കാരയിലെ (NTT) ഫ്ലോറസിൽ ഉണ്ടായ ഭൂകമ്പം സുനാമിക്കും വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങൾക്കും കാരണമായി.
ഫ്ലോറസ്, സുംബ, അഡോനാര, സൊളോർ എന്നീ പ്രദേശങ്ങളിൽ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു. ദുരന്തനിവാരണ ഏജൻസിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം, 53 പേർ മരണപ്പെടുകയും തുറമുഖങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ‘ഒറ്റ സഭ, ഒറ്റ പ്രതികരണം’ (One Church, One Response) എന്ന തത്വത്തിലൂന്നി കത്തോലിക്കാ സഭയുടെ വിവിധ രൂപതകളെയും സന്നദ്ധപ്രവർത്തകരെയും ഒന്നിച്ച് അണിനിരത്തിയാണ് കാരിത്താസ് ഇന്തോനേഷ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്.
കാരിത്താസ് ഇന്തോനേഷ്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഫ്രെഡി റാന്റെ തരുക്കിന്റെ നേതൃത്വത്തിൽ പ്രാദേശിക രൂപതകളുമായി സഹകരിച്ച് അടിയന്തര സഹായങ്ങൾ എത്തിക്കുന്നുണ്ട്. അതേസമയം, ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാനും താൽക്കാലിക ടെന്റുകൾ സ്ഥാപിക്കാനും കാരിത്താസ് സംഘം മുൻകൈയെടുത്തു.
ആളുകളിലേക്ക് വേഗത്തിൽ സഹായം എത്തിക്കുന്നതിനായി ദേശീയ അടിയന്തര ദുരിതാശ്വാസ ഫണ്ട് സജീവമാക്കിയതായും വ്യാജവാർത്തകൾ തടയാൻ രൂപതാ- ഇടവക തലങ്ങളിൽ വിവരശേഖരണം ശക്തമാക്കിയതായും കാരിത്താസ് ഇന്തോനേഷ്യ വ്യക്തമാക്കി.




