
വെനസ്വേലൻ ജനതയുടെ മധ്യസ്ഥയും രാജ്യത്തിന്റെ സംരക്ഷകയുമായ കൊറോമോട്ടോ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെയും കാനോനിക കിരീടധാരണത്തിന്റെയും വാർഷികാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നു. പോർച്ചുഗീസ് സംസ്ഥാനത്തിലെ ഗ്വാനാരെ രൂപതയുടെ നേതൃത്വത്തിൽ വിപുലമായ തിരുനാൾ ആഘോഷങ്ങളും ആത്മീയ പരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ എട്ടിന് മാതാവിന്റെ രണ്ടാം പ്രത്യക്ഷീകരണത്തിന്റെ വാർഷികവും, സെപ്റ്റംബർ 11-ന് കൊറോമോട്ടോ മാതാവിനെ വെനസ്വേലയുടെ സംരക്ഷകയായി ഔദ്യോഗികമായി കിരീടമണിയിച്ചതിന്റെ വാർഷികവുമാണ് ഭക്തിനിർഭരമായി ആഘോഷിക്കുന്നത്.
ചരിത്രവും വിശ്വാസപാരമ്പര്യവും
1650-കളിൽ വെനസ്വേലയിലെ ഗ്വാനാരെ പ്രദേശം കേന്ദ്രീകരിച്ച് സ്പാനിഷ് ഭരണാധികാരികൾ പ്രേഷിതപ്രവർത്തനം നടത്തുകയായിരുന്നു. എന്നാൽ ആ പ്രദേശത്തെ തദ്ദേശീയരായ കോസ്പെസ് ഗോത്രവിഭാഗക്കാർ സ്വന്തം ആവാസവ്യവസ്ഥയും കാടുകളും ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരാൻ വിസമ്മതിച്ചു. അങ്ങനെ മുന്നോട്ട് പോകുന്നതിനു ഇടയിലാണ് 1651 സെപ്റ്റംബർ എട്ടിന് ഗ്വാനാരെയിലെ കൊസ്പെസ് ഗോത്രത്ത തലവനായ കൊറോമോട്ടോയ്ക്കും കുടുംബത്തിനും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും ജ്ഞാനസ്നാനം സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. ആദ്യം മാമ്മോദീസ സ്വീകരിക്കുവാൻ വിമുഖത കാട്ടിയ കൊറോമോട്ടോയുടെ വീട്ടിൽ 1652 സെപ്റ്റംബർ എട്ടിന് മാതാവ് രണ്ടാം പ്രാവശ്യവും പ്രത്യക്ഷപ്പെടുകയും ഒരു ചെറിയ ചിത്രം നൽകുകയും ചെയ്തു. ഈ ചെറിയ ചിത്രം ഇന്നും ഗ്വാനാരെയിലെ ബസിലിക്കയിൽ അതിവിശിഷ്ടമായി സൂക്ഷിച്ചുപോരുന്നു. 1952-ൽ പീയൂസ് പന്ത്രണ്ടാം മാർപാപ്പ കൊറോമോട്ടോ മാതാവിന് കാനോനിക കിരീടധാരണം നൽകി വെനസ്വേലയുടെ ഔദ്യോഗിക സംരക്ഷകയായി പ്രഖ്യാപിച്ചു.
കൊറോമോട്ടോ മാതാവ് ഗോത്രത്തലവന്റെ കൈയിൽ നൽകിയ ചിത്രം 2.5 സെന്റീമീറ്റർ മാത്രം ഉയരമുള്ള വളരെ ചെറിയൊരു മരിയൻ രൂപമാണ്. സിംഹാസനത്തിലിരിക്കുന്ന മാതാവിന്റെ മടിയിൽ ഉണ്ണീശോ ഇരിക്കുന്ന രീതിയിലാണ് ചിത്രം. മാതാവിന്റെയും ഈശോയുടെയും ശിരസ്സിൽ കിരീടങ്ങളുമുണ്ട്. 2002-ൽ ചിത്രത്തിന്റെ സംരക്ഷണാർഥം നടത്തിയ പുനരുദ്ധാരണ പരിശോധനകളിൽ (Microscopic Examination) അദ്ഭുതകരമായ വസ്തുതകൾ കണ്ടെത്തുകയുണ്ടായി. മാതാവിന്റെ കണ്ണുകൾ പരിശോധിച്ച് സൂം ചെയ്തപ്പോൾ മനുഷ്യന്റെ കണ്ണിന്റെ വിഷ്വൽ റെറ്റിന പോലെയുള്ള ഭാഗങ്ങളും, കണ്ണിനുള്ളിൽ മാതാവിന്റെ മുന്നിൽ നിൽക്കുന്ന കൊറോമോട്ടോ ഗോത്രത്തലവന്റെ പ്രതിബിംബവും കാണാൻ സാധിച്ചതായി പഠനങ്ങൾ അവകാശപ്പെടുന്നു.
വെനസ്വേലൻ ക്രൈസ്തവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് കൊറോമോട്ടോ മാതാവിനോടുള്ള ഭക്തി. രാജ്യം രാഷ്ട്രീയമായോ സാമ്പത്തികമായോ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴെല്ലാം വെനസ്വേലൻ ജനത പ്രത്യാശയ്ക്കായി ഓടിയെത്തുന്നത് തങ്ങളുടെ ‘അമ്മയായ’ കൊറോമോട്ടോ മാതാവിന്റെ പക്കലേക്കാണ്.




