
യുവജനങ്ങൾ സ്നേഹിക്കപ്പെടുന്നവരാണെന്നും കാണപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്ന ഇടങ്ങളായി കത്തോലിക്കാ സ്കൂളുകളും സർവകലാശാലകളും മാറണമെന്നും അതുവഴി സമാധാനപരവും നീതിയുക്തവുമായ ഒരു ലോകം നിർമ്മിക്കാൻ അവർക്ക് സാധിക്കുമെന്നും ലെയോ പാപ്പ പറഞ്ഞു. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ ഒക്ടോബർ 22 മുതൽ 23 വരെ നടക്കുന്ന സ്കൂൾ-സർവകലാശാല പാസ്റ്ററൽ ശുശ്രൂഷാ അന്താരാഷ്ട്ര കോൺഗ്രസിൽ പങ്കെടുക്കവെയാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
“കഷ്ടപ്പാടുകളിൽ നിന്ന് രക്ഷനേടാൻ കൗമാരക്കാർ തങ്ങൾക്കു ചുറ്റും തീർക്കുന്ന കവചങ്ങൾക്കടിയിൽ സ്നേഹിക്കപ്പെടാനും സ്നേഹം പങ്കുവയ്ക്കാനുമുള്ള ആഗ്രഹമുണ്ട്. നിങ്ങൾ കണ്ടുമുട്ടുന്ന യുവജനങ്ങളെ ലോകത്തിൽ ജീവിക്കാനുള്ള പുതിയൊരു രീതിയുടെ നായകരാകാനും സാഹോദര്യത്തിന്റെയും നീതിയുക്തമായ ഒരു സമൂഹത്തിന്റെയും നിർമ്മാതാക്കളാകാനും സഹായിക്കുക,” പാപ്പ കൂട്ടിച്ചേർത്തു.



