നാം ഭൂമിയിൽ ദൈവത്തിന്റെ അംബാസിഡർമാരാണ്: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്

ക്രൈസ്തവർ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധികളാണെന്നും വിശ്വാസവും രാഷ്ട്രീയവും സാമുദായികവുമായ നന്മയ്ക്കായി ഒത്തുപോകണമെന്നും യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഇ.ഡബ്ല്യു.ടി.എൻ (EWTN) ന്യൂസിന്റെ ‘ദി വേൾഡ് ഓവർ’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ജെ.ഡി. വാൻസ് ഇക്കാര്യം പറഞ്ഞത്.

അനിശ്ചിതത്വങ്ങൾക്ക് മുന്നിൽ വിനയമുള്ളവരായിരിക്കാനാണ് ദൈവം ക്രൈസ്തവരോട് ആഹ്വാനം ചെയ്യുന്നതെന്ന് വാൻസ് അഭിമുഖത്തിൽ പറഞ്ഞു. വൻ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു കാർ അപകട അനുഭവം ഓർത്തെടുത്ത വാൻസ്, അത് തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് വ്യക്തമാക്കി. ക്രൈസ്തവർ ചെയ്യുന്ന നല്ല കാര്യങ്ങളിലൂടെയാണ് ദൈവത്തിന്റെ സാന്നിധ്യം ലോകം അറിയുന്നത്. നാം ഭൂമിയിലെ ദൈവത്തിന്റെ അംബാസഡർമാരായി ജീവിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫ്രാൻസിലെ നിലവിലെ സാമൂഹിക അസ്വസ്ഥതകളെക്കുറിച്ചുള്ള ചോദ്യത്തിന്, കുടിയേറ്റം അനിയന്ത്രിതമാകുമ്പോൾ സംസ്കാരവും സുരക്ഷയും അപകടത്തിലാകുമെന്ന് വാൻസ് ചൂണ്ടിക്കാട്ടി. അപരിചിതരെ സ്വീകരിക്കാൻ സഭ ആഹ്വാനം ചെയ്യുമ്പോഴും, സ്വന്തം അതിർത്തികളും സംസ്കാരവും സംരക്ഷിക്കാൻ രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തകർച്ചകളിൽ തളരാതെ ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാൻ ക്രിസ്തീയ വിശ്വാസം നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും ഫ്രാൻസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ ക്രിസ്തീയ പാരമ്പര്യത്തിലേക്ക് മടങ്ങിയെത്തിയാൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതോടൊപ്പം സ്വന്തം സംസ്കാരം സംരക്ഷിക്കാനും സാധിക്കുമെന്നും വാൻസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.