
ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുന്ന ആഗോള യുവജന സംഗമത്തിന് (WYD) ഒരു വർഷത്തിൽ താഴെ മാത്രം സമയം ശേഷിക്കെ, രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. ഒക്ടോബർ 22 ന് ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കായി അയച്ച വീഡിയോ സന്ദേശത്തിൽ, യുവജന സംഗമത്തിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ യുവജനങ്ങളോടും പാപ്പ ആഹ്വാനം ചെയ്തു.
“പതിനേഴാമത് അന്താരാഷ്ട്ര ആഗോള യുവജന സംഗമമാണിത്. ലോകമെമ്പാടുമുള്ള യുവജനങ്ങൾ ഒരിടത്ത് ഒത്തുകൂടാനും ഭാഷകളുടെയും സംസ്കാരങ്ങളുടെയും മനോഹരമായ വൈവിധ്യം പ്രകടമാക്കാനും ഇത് വേദിയാകും. ഒരു പുതിയ നഗരം കാണാൻ മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശയുടെയും തീർഥാടനത്തിന് ഇറങ്ങിത്തിരിക്കാനുള്ള ക്ഷണമാണിത്. വ്യത്യസ്ത സ്ഥലങ്ങളിലെ ക്രിസ്തീയകേന്ദ്രങ്ങൾ കണ്ടെത്താനും വ്യക്തിപരമായും സഭയ്ക്കുള്ളിൽ കൂട്ടായും ദൈവത്തെ കൂടുതൽ ആഴത്തിൽ കണ്ടുമുട്ടാനുള്ള സമയവും ഇടവും ഈ തീർഥാടനം നൽകുന്നു,” പാപ്പ വ്യക്തമാക്കി.
സിയോളിൽ എല്ലാവരെയും കാണാൻ താൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ലെയോ മാർപാപ്പ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്. തുടർന്ന്, എല്ലാ യുവജനങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും പാപ്പ തന്റെ ആശംസകളും പ്രാർഥനകളും നേർന്നു.




