ലെയോ പതിനാലാമൻ മാർപാപ്പയ്ക്കായി ‘സദുപദേശത്തിന്റെ മാതാവിന്റെ’ (Our Lady of Good Counsel) ഐക്കൺ വരയ്ക്കാൻ ഷിക്കാഗോയിലെ ഒരു ഐക്കണോഗ്രാഫർക്ക് ലഭിച്ചത് കേവലം ഒരാഴ്ച്ച മാത്രമാണ്. ജോസഫ് മൽഹാം എന്ന ഐക്കണോഗ്രാഫർ ആണ് ഇത് വരച്ചത്. വത്തിക്കാനിൽ എത്തിച്ച ഈ ചിത്രം ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ മാർപാപ്പയ്ക്ക് നൽകുകയും ചെയ്തു. പാപ്പ അത് വാങ്ങി കിടപ്പുമുറിയിൽ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഷിക്കാഗോയിൽ നിന്നുള്ള അഭിഭാഷകനായ മൈക്കൽ എയർഡോയാണ് ചിത്രകാരനായ ജോസഫ് മൽഹാമിന് ഈ ചിത്രം നിർമ്മിക്കാനുള്ള ചുമതല നൽകിയത്. മാർപാപ്പയെ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്ന എയർഡോ, അദ്ദേഹത്തിന് ഒരു പ്രത്യേക സമ്മാനം നൽകാൻ ആഗ്രഹിച്ചിരുന്നു. അഗസ്റ്റീനിയൻ സന്ന്യാസ സമൂഹവുമായുള്ള മാർപാപ്പയുടെ ബന്ധം കണക്കിലെടുത്താണ് അഗസ്റ്റീനിയൻ പാരമ്പര്യത്തിൽ വളരെ പ്രാധാന്യമുള്ള ‘സദുപദേശത്തിന്റെ മാതാവിന്റെ’ ചിത്രം സമ്മാനമായി നൽകാൻ എയർഡോ തീരുമാനിച്ചത്.
ഇറ്റലിയിലെ ജെനസാനോയിലുള്ള ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രത്തിലാണ് സദുപദേശത്തിന്റെ മാതാവിനോടുള്ള ഭക്തിയുടെ ഉറവിടം കിടക്കുന്നത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, റോമിൽ നിന്ന് 64 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജെനസാനോയിലെ ബസിലിക്ക സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ഈ ചിത്രത്തിന് മുന്നിൽ പ്രാർഥിച്ചിരുന്നു.
ചിത്രം കണ്ടപ്പോൾ മാർപാപ്പ വളരെയധികം വികാരാധീനനായെന്നും, അത് തന്റെ കിടപ്പുമുറിയിലെ റാക്കിൽ അത് സൂക്ഷിക്കുമെന്ന് പറഞ്ഞതായും എയർഡോ മൽഹാമിനെ അറിയിച്ചു. മാർപാപ്പയുമായി ഒരു വലിയ ആത്മീയ ബന്ധം അനുഭവപ്പെട്ടതിനാൽ മൽഹാം പാപ്പയ്ക്ക് ഒരു കത്തും എഴുതിയിരുന്നു.
“മാർപാപ്പയ്ക്ക് എഴുതിയ കത്തിൽ എന്റെ അവസ്ഥ ഞാൻ വ്യക്തമാക്കി. ദയവായി എന്നെ പ്രാർഥനയിൽ ഓർക്കണമെന്ന് അഭ്യർഥിച്ചു. കാരണം ഒരു സ്വതന്ത്ര ചിത്രകാരനായും ഐക്കണോഗ്രാഫറായും തുടരുക എന്നത് പ്രയാസമേറിയതും നീണ്ടതുമായ ഒരു പാതയാണ്. എന്നാൽ ഏത് ദൈവവിളിയുടെ കാര്യത്തിലും ഇത് സത്യമാണെന്ന് ഞാൻ പാപ്പയോട് പറഞ്ഞു. വിവാഹജീവിതത്തിലും, പൗരോഹിത്യത്തിലും, സന്ന്യാസജീവിതത്തിലും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയാകുന്നതിലും ഇതേ പ്രയാസങ്ങളുണ്ട്. നമ്മളെല്ലാവരും ഇതിൽ ഒരുമിച്ചാണ്. ഇതാണ് വിശുദ്ധരുടെ സഹഭാഗിത്വം. അത് ഞങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുകയും കൂടുതൽ അടുപ്പിക്കുകയും ചെയ്തതായി എനിക്ക് തോന്നി,” അദ്ദേഹം പറഞ്ഞു.
മറുപടിയിൽ, മൽഹാമിനും അദ്ദേഹത്തിന്റെ ദൈവവിളിക്കും വേണ്ടി പ്രാർഥിക്കുമെന്ന് വ്യക്തമാക്കിയ മാർപാപ്പ, തനിക്കു വേണ്ടിയും പ്രാർഥിക്കണമെന്ന് ഐക്കണോഗ്രാഫറോട് അഭ്യർഥിച്ചു.
“വിശുദ്ധ പത്രോസിന്റെ പിൻഗാമി എന്റെ ഐക്കൺ കൈവശം വച്ചിരിക്കുന്നു എന്ന് മാത്രമല്ല, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രാർഥനാ ജീവിതത്തിൽ കൂടെയുണ്ടാകുകയും അടുത്തു സൂക്ഷിക്കുകയും ചെയ്യും എന്നറിയുന്നത് വാക്കുകൾക്കതീതമായ ഒരു അനുഭൂതിയാണ്,” മൽഹാം സന്തോഷത്തോടെ വെളിപ്പെടുത്തി.




