
സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 26 പേർ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തു. കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തുറന്ന 418 ദുരിതാശ്വാസ ക്യാമ്പുകളിൽ 18,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അതീവജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനിടെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരവും വള്ളങ്ങൾ കടലിൽ ഇറക്കുന്നതും പൂർണ്ണമായി വിലക്കി. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങൾ മാറിത്താമസിക്കണമെന്നും നിർദേശമുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ നദീതീരങ്ങളിലും മലയോര മേഖലകളിലുമുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.




