
അയർലന്റിലെ വാട്ടർഫോർഡ് കൗണ്ടിയിലുള്ള ഹോളി ക്രോസ് ദൈവാലയത്തിൽ പ്രാർഥന നടന്നുകൊണ്ടിരിക്കെ അജ്ഞാതന്റെ കുത്തേറ്റ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ മുപ്പതു വയസ് പ്രായമുള്ള യുവാവിനെ അയർലന്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ട്രമോറിലെ (Tramore) സമ്മർഹില്ലിൽ സ്ഥിതി ചെയ്യുന്ന ദൈവാലയത്തിൽ രാവിലെ പത്തുമണിയുടെ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി ജപമാല പ്രാർഥന നടക്കുമ്പോഴായിരുന്നു ആക്രമി കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ മുറിവുകൾ ആഴത്തിലുള്ളതാണെങ്കിലും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവ സ്ഥലത്തിന് തൊട്ടടുത്തുള്ള വീടുകളിലൊന്നിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് വീണ്ടെടുത്തു. സംഭവത്തിൽ വാട്ടർഫോർഡ് ആൻഡ് ലിസ്മോർ രൂപത കടുത്ത ഞെട്ടൽ രേഖപ്പെടുത്തി. ഭയപ്പെടുത്തുന്ന ഈ സാഹചര്യത്തിലും പരിക്കേറ്റ സ്ത്രീയെ സഹായിക്കാൻ മുന്നോട്ടുവന്ന ഇടവകക്കാരുടെ ധൈര്യത്തെ രൂപത പ്രശംസിച്ചു. പെട്ടെന്നുണ്ടായ ഈ അക്രമസംഭവം പ്രദേശവാസികളിലും ഇടവകാംഗങ്ങളിലും വലിയ ഭീതി പരത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.




