
‘ഇൻകകളുടെ നഷ്ടപ്പെട്ട നഗരം’ എന്നു വിളിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ മാച്ചു പിക്ച്ചുവിനെ അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം പുറംലോകത്തിനു പരിചയപ്പെടുത്തിയത് 1911 ജൂലൈ 24 നാണ്. അന്നുമുതൽ ഈ പ്രദേശം വിനോദസഞ്ചാരികളുടെയും ചരിത്രകാരൻമാരുടെയും ആകർഷണമേഖലയായി മാറി. പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവതശിഖരത്തിൽ 2,430 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1460 ൽ ഇൻകൻ സാമ്രാജ്യം അതിന്റെ ഉന്നതികളിലെത്തിയ കാലത്താണ് മാച്ചു പിക്ച്ചുവിന്റെ നിർമ്മാണം നടന്നത്. മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ ഇൻകൻ രീതിയിലാണ് മാച്ചു പിക്ച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന കെട്ടിടങ്ങൾ ഇൻതി ഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ്. സ്പാനിഷ് അധിനിവേശക്കാർ ഈ മേഖലയിലെത്തുന്നതിനു മുൻപുതന്നെ പടർന്നുപിടിച്ച വസൂരിബാധയെ തുടർന്ന് മാച്ചു പിക്ച്ചു പൂർണ്ണമായും നശിച്ചു എന്നാണ് കരുതപ്പെടുന്നത്. 1981 ൽ പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിക്കുകയും 1983 ൽ യുനെസ്കൊ ഇതിനെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഡൽഹി സുൽത്താനേറ്റിന്റെ ആദ്യ സുൽത്താനായ കുത്തബ്ദിൻ ഐബക്കിന്റെ കിരീടധാരണം നടന്നത് 1206 ജൂലൈ 24 നായിരുന്നു. ലാഹോറിൽ വച്ചായിരുന്നു കിരീടധാരണം. മധ്യ ഏഷ്യയിൽ ജനിച്ച് അടിമയായി വിൽക്കപ്പെട്ട ഐബക് പിന്നീട് മുഹമ്മദ് ഗോരിയുടെ സൈന്യത്തിലെ പ്രമുഖനായി മാറി. 1193 ൽ ഡൽഹി ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ഗോരി ആ പ്രദേശത്തിന്റെ മേൽനോട്ടം ഐബക്കിനെ ഏൽപിച്ചു. രജപുത്ര രാജാക്കന്മാർക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് ഗംഗ-യമുന നദികൾക്കിടയിലുള്ള പ്രദേശവും ബീഹാർ, ബംഗാൾ പ്രദേശങ്ങളും ഡൽഹി സുൽത്താനേറ്റിനോടു കൂട്ടിച്ചേർത്തു. 1206 ൽ മുഹമ്മദ് ഗോരി കൊല്ലപ്പെട്ടപ്പോൾ ഐബക് ഡൽഹി പ്രദേശങ്ങളുടെ ഭരണാധികാരിയായി മാറുകയായിരുന്നു. ഉത്തരേന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി കൂടിയായിരുന്നു ഐബക്.
ഇന്ത്യയിൽ ആദായനികുതി ചുമത്തിത്തുടങ്ങിയത് 1860 ജൂലൈ 24 മുതലായിരുന്നു. സർ ജെയിംസ് വില്യംസിന്റെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കിയത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മൂലം ബ്രിട്ടീഷുകാർക്കുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിനായാണ് ആദായനികുതി ഏർപ്പെടുത്തിയത്. വസ്തുവകകൾ, ജോലി, വ്യവസായം തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന ലാഭത്തിന്മേലായിരുന്നു നികുതി ചുമത്തിയിരുന്നത്. ആദായനികുതി സമ്പ്രദായം ആരംഭിച്ചതിന്റെ 150-ാം വർഷമായ 2010 മുതൽ ഈ ദിനം ആദായനികുതി ദിനമായാണ് ഭാരതസർക്കാർ ആചരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ വനിതാ ചെസ് ഗ്രാൻ്മാസ്റ്ററായി സുബ്ബരാമൻ വിജയലക്ഷ്മി മാറിയത് 2000 ജൂലൈ 24 നായിരുന്നു. എതിരാളിയായിരുന്ന വിപ്രോയുടെ വി. ഹരികൃഷ്ണയുമായി സമനില പാലിച്ചതോടെയാണ് വിജയലക്ഷ്മിക്ക് ഈ അതുല്യബഹുമതി ലഭിച്ചത്. ഹൈദരാബാദിലെ താജ് റസിഡൻസിയിൽവച്ചു നടന്ന വിപ്രോ ഗ്രാന്റ്മാസ്റ്റർ അന്താരാഷ്ട്ര ചെസ് ചാമ്പ്യൻഷിപ്പിൽവച്ച് ഈ ചരിത്രനേട്ടം സ്വന്തമാക്കുമ്പോൾ 20 വയസ്സായിരുന്നു അവരുടെ പ്രായം. ചെറുപ്രായത്തിലേ ചെസ് കളിയിൽ തൽപരയായിരുന്ന വിജയലക്ഷ്മി ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്.
സുനീഷ വി എഫ്




