
സഭയ്ക്കു നൽകുന്ന പിന്തുണയ്ക്ക് ഇറ്റാലിയൻ പ്രസിഡന്റിന് ലെയോ പതിനാലാമൻ പാപ്പ നന്ദി അറിയിച്ചു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുടെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് മാർപാപ്പ തന്റെ പ്രാർഥനകൾ ഉറപ്പുനൽകുകയും രാജ്യത്തിന്റെ സംരക്ഷണ വിശുദ്ധരായ ഫ്രാൻസിസ് അസ്സീസിയുടെയും സിയന്നയിലെ കാതറിന്റെയും സംരക്ഷണത്തിന് അദ്ദേഹത്തെ ഭാരമേൽപിക്കുകയും ചെയ്തത്.
2025 ഒക്ടോബർ 14 ന് ഇറ്റാലിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്വിരിനാലെ കൊട്ടാരം സന്ദർശിച്ച മാർപാപ്പ, ബഹുരാഷ്ട്ര സഹകരണത്തെക്കുറിച്ചും യൂറോപ്പിലെ കുടുംബങ്ങൾക്ക് നൽകേണ്ട പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. യൂറോപ്പിൽ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവരുന്ന കാര്യവും അന്ന് പാപ്പ ചൂണ്ടിക്കാട്ടി.
മനുഷ്യരുടെ വ്യക്തിത്വത്തിന്റെ പ്രാധാന്യത്തിനും സംവാദങ്ങൾക്കും ലെയോ പതിനാലാമൻ മാർപാപ്പ നൽകുന്ന പ്രതിബദ്ധതയെ പ്രസിഡന്റ് മാറ്ററെല്ല എടുത്തുപറഞ്ഞു. പാപ്പയുടെ ശുശ്രൂഷയുടെ ഒന്നാം വാർഷികത്തിലും ഈസ്റ്റർ സന്ദേശത്തിലുമടക്കം വിവിധ സന്ദർഭങ്ങളിൽ പ്രസിഡന്റ് ഈ കാര്യങ്ങൾ പ്രശംസിച്ചിട്ടുണ്ട്.




