“നമ്മൾ എന്തിനാണ് നന്മനിറഞ്ഞ മറിയമേ പത്ത് തവണ ചൊല്ലുന്നത്?” കുട്ടിയുടെ ചോദ്യവും ആർച്ചുബിഷപ്പിന്റെ മറുപടിയും

ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സൗഖ്യത്തിനായി സംഘടിപ്പിച്ച വെർച്വൽ ജപമാല പ്രാർഥനയിൽ പങ്കെടുത്ത 9,000 -ത്തിലധികം വിദ്യാർഥികൾക്ക് ലഭിച്ചത് പ്രാർഥനയുടെയും ഒപ്പം രസകരമായ ഒരു കണക്കിന്റെയും പാഠം. സൗത്ത് ലണ്ടനിലെയും കെന്റിലെയും 80 -ലധികം കത്തോലിക്കാ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് സൗത്ത്‌വാർക്ക് ആർച്ചുബിഷപ്പ് ജോൺ വിൽസനൊപ്പം തത്സമയ പ്രാർഥനയിൽ പങ്കുചേർന്നത്.

​സെന്റ് ജോർജ്സ് കത്തീഡ്രൽ പ്രൈമറി സ്കൂളിൽ നേരിട്ടും മറ്റ് സ്കൂളുകളിൽ നിന്ന് ഓൺലൈനായുമാണ് കുട്ടികൾ പ്രാർഥനയിൽ അണിനിരന്നത്. പ്രാർഥനയ്ക്ക് ശേഷമുള്ള ചോദ്യോത്തര വേളയിൽ ഒരു കൊച്ചു വിദ്യാർഥി ചോദിച്ച ചോദ്യമാണ് എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്.

“നമ്മൾ എന്തിനാണ് നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന പത്ത് തവണ ചൊല്ലുന്നത് ?” എന്നായിരുന്നു കുട്ടിയുടെ ചോദ്യം.

​”10 തവണയല്ല 53 തവണയാണ് നമ്മൾ അത് ചൊല്ലുന്നത് !” എന്ന ആർച്ചുബിഷപ്പിന്റെ മറുപടി കേട്ടതോടെ ക്ലാസ് മുറികളിൽ ആശ്ചര്യത്തിന്റെ അലയൊലികളുയർന്നു. ഒരു ജപമാലയിലെ മുഴുവൻ മണികളുടെയും എണ്ണത്തെക്കുറിച്ച് അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിവരിച്ചു നൽകി.

​ആവർത്തിച്ചുള്ള പ്രാർഥന ഒരു വിരസമായ കടമയല്ലെന്നും അത് നമ്മുടെ ശ്വാസോച്ഛ്വാസം പോലെ സ്വാഭാവികമായി മാറേണ്ട ഒന്നാണെന്നും ആർച്ചുബിഷപ്പ് കുട്ടികളെ ഓർമ്മിപ്പിച്ചു. “നല്ല പ്രാർഥനകൾ എത്ര ചൊല്ലിയാലും മതിയാകില്ല. പരിശുദ്ധ അമ്മയോട് നമുക്കുവേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്ന ഈ മനോഹരമായ വാക്കുകൾ ആവർത്തിച്ച് ചൊല്ലുമ്പോൾ അവ നമ്മുടെ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലും,” അദ്ദേഹം പറഞ്ഞു.

​സ്വന്തം പ്രാർഥനാ ജീവിതത്തെക്കുറിച്ചും, കുട്ടിക്കാലത്ത് വൈദികനാകാൻ തനിക്കുണ്ടായ പ്രചോദനത്തെക്കുറിച്ചും ആർച്ചുബിഷപ്പ് കുട്ടികളുമായി പങ്കുവച്ചു. ലോകമെമ്പാടുമുള്ള സഭയെന്ന വലിയ കുടുംബത്തിന്റെ ഭാഗമാണ് തങ്ങളെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാൻ ഈ സംഗമത്തിലൂടെ സാധിച്ചതായി സ്കൂൾ അധികൃതരും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.