ലത്തീൻ നവംബർ 21 ലൂക്കാ 20: 27-40 മരിച്ചവരുടെ ഉത്ഥാനം

“പുനരുത്ഥാനത്തിന്റെ മക്കളെന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്‌. ആകയാല്‍, അവര്‍ക്ക്‌ ഇനിയും മരിക്കാന്‍ സാധിക്കുകയില്ല” (ലൂക്കാ 20:36).

‘മരിച്ചവരുടെ ഉത്ഥാനം’ ക്രൈസ്തവ യുഗാന്ത്യ ദൈവശാസ്ത്രത്തിലെ വിശ്വാസ സത്യങ്ങളിൽ ഒന്നാണ്. മരണത്തെ ഒരു അന്ത്യമായി കാണാതെ ഒരു ഇടനാഴി, അവസ്ഥാന്തരം അല്ലെങ്കിൽ കവാടമായി കാണുന്നതിനാൽ മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം വളരെ ഭാവാത്മകമാണെന്നു പറയാം. ആത്മാവിന്റെ അനശ്വരതയിലും ദൈവവുമായുള്ള സംസർഗത്തിലും സഭ വിശ്വസിക്കുന്നു.

മരിച്ചവരുടെ ഉയർപ്പിൽ വിശ്വാസമില്ലാത്ത സദുക്കായർ ഉത്ഥാനത്തിലുള്ള വിശ്വാസത്തെ പരിഹസിക്കാൻ യുക്തിഹീനമായ ഒരു ഉദാഹരണവുമായി യേശുവിന്റെ അടുക്കലെത്തുന്നു. ഏഴു സഹോദരങ്ങളെ ഓരോരുത്തരെ ആയി അവരുടെ മരണശേഷം വിവാഹം ചെയ്യുന്ന ഒരു സ്ത്രീ മരണശേഷം ആരുടെ ഭാര്യയായിരിക്കും എന്ന ചോദ്യം. കുടുംബം മനുഷ്യകുലത്തിന്റെ നിലനിൽപ്പിനു വേണ്ടി ദൈവം സ്ഥാപിച്ച സംവിധാനമാണ്. മരണശേഷം അവർ മാലാഖമാരെ പോലെയാണ്.

രണ്ടുതരത്തിലുള്ള മനുഷ്യരുണ്ട്; ‘യുഗാന്ത്യ മനുഷ്യരും’ (Eschatological Life) ‘ഭൗമിക മനുഷ്യരും’ (Empirical Life). ഭൂമിയിൽ കാലുറപ്പിച്ച് സ്വർഗത്തിലേക്ക് കണ്ണുംനട്ടു ജീവിക്കുന്ന യുഗാന്ത്യ മനുഷ്യരാണ് മരിച്ചവരുടെ ഉത്ഥാനം മരണശേഷം സ്വന്തമാക്കുകയെങ്കിൽ, ഭൂമിയിൽ കണ്ണുംനട്ടിരിക്കുന്നവരാണ് ഭൗമിക മനുഷ്യർ. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.