പാറമുകളിൽ പണിത പള്ളി: പാറേല്‍ മരിയന്‍ തീർഥാടന കേന്ദ്രത്തിന്റെ ചരിത്രം

മരിയ ജോസ്

ചങ്ങനാശേരി അതിരൂപതയുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു ആത്മീയകേന്ദ്രമാണ് പാറേൽ സെന്റ് മേരീസ് ദൈവാലയം. ‘പാറേൽ പള്ളി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ദൈവാലയത്തിന്റെ നാളിതുവരെയുള്ള വളർച്ചയുടെ ചരിത്രം ആത്മീയമായ അനേകം അനുഭവങ്ങളാൽ സമ്പുഷ്ടമാണ്. പുതിയ ബസിലിക്ക പള്ളിയായി ഉയർത്തപ്പെടുകയും കൂദാശാകർമ്മത്തിനായി ഒരുങ്ങുകയും ചെയ്യുന്ന ഈ ദൈവാലയത്തിന്റെ വളർച്ചയുടെ വിവിധ കാലഘട്ടങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

പാറക്കൂട്ടത്തിനു മുകളിലെ ദൈവാലയം

പാറേൽ സെന്റ് മേരീസ് ദൈവാലയത്തിന്റെ ചരിത്രവും വളർച്ചയും പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ ജൂബിലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാറേൽ പള്ളിയുടെ സ്ഥാപനത്തിന് ആധാരമായ സംഭവം നടക്കുന്നത് 1805 ലാണ്. കാരണം, അതേവർഷം ഡിസംബർ എട്ടാം തീയതിയാണ് ഒൻപതാം പീയൂസ് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അതിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ലോകമെമ്പാടും ആഘോഷങ്ങളും സ്മാരകങ്ങളും ഉണ്ടാകണമെന്ന് പത്താം പീയൂസ് മാർപാപ്പ ആഹ്വാനം ചെയ്തു.

അക്കാലത്ത് ചങ്ങനാശേരി അതിരൂപതയായിരുന്നില്ല, മറിച്ച് ചങ്ങനാശേരി  വികാരിയാത്തായിരുന്നു. വികാരി ജനറൽ ആയിരുന്ന മോൺസിഞ്ഞോർ സിറിയക് കണ്ടങ്കരി, ചെത്തിപ്പുഴ കർമ്മലീത്താ ആശ്രമശ്രേഷ്ഠനായിരുന്ന ഫാ. എസ്തപ്പാനോസ് തയ്യിൽ എന്നീ രണ്ടംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂബിലി സ്മാരക കപ്പേള പണിയാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ചങ്ങനാശേരി വികാരി അപ്പസ്തോലിക്ക ധന്യൻ മാർ മാത്യു മാക്കീൽ കപ്പേള പണിയാൻ അനുവദിച്ച് കൽപന പുറപ്പെടുവിച്ചു (1904 ഓഗസ്റ്റ് 24). എസ്തപ്പാനോസച്ചൻ ഫ്രാൻസിൽ നിന്നും വരുത്തിയ മൂന്ന് തിരുസ്വരൂപങ്ങളിൽ ഏറ്റവും കമനീയമായ തിരുസ്വരൂപം ചെത്തിപ്പുഴ ആശ്രമത്തിലും മെത്രാപ്പോലീത്തൻ പള്ളിയിലും വച്ചതിനു ശേഷം 1905 മാർച്ച് അഞ്ചിന് പ്രദക്ഷിണമായി കൊണ്ടുവന്ന് പാറേൽ ഒരു താൽക്കാലിക ഷെഡിൽ സ്ഥാപിച്ചു. 1906 ഡിസംബർ ഏഴിന് മാർ മാക്കീൽ പിതാവ് പാറേൽ അമലോദ്ഭവ കപ്പേള കൂദാശ ചെയ്തു.

പാറേൽ പള്ളി എന്ന പേര്‌ വന്ന വഴി

ധാരാളം പാറക്കെട്ടുകൾ ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. അക്കാലത്ത് ‘പാറയ്ക്കൽ’ എന്നും ‘പാറായിൽ’ എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നതായി ചില രേഖകളിൽ കാണാം. ഈ പേരുകൾ ലോപിച്ചാണ് ‘പാറേൽ’ എന്ന സ്ഥലനാമം ഉണ്ടായത്. പാറക്കെട്ടുകളിൽ പണിതുയർത്തിയ ആദ്യ പള്ളി ‘പാറപ്പള്ളി’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പള്ളി നിർമ്മണത്തിന് ആവശ്യമായ കല്ലുകൾ വെട്ടിയെടുത്തത് ഈ പാറകളിൽ നിന്നായിരുന്നു. ആ വിളിയിൽ നിന്നാണ് ‘പാറേൽ പള്ളി’ എന്ന പേരിലേക്ക് ഈ ദൈവാലയം എത്തപ്പെട്ടതെന്ന് പറയപ്പെടുന്നു.

സ്വാഭാവികമായി വളർന്നുവന്ന പള്ളിയും ഇടവക സമൂഹവും

ഭക്തജനങ്ങളുടെ സൗകര്യാർഥം 1937 ൽ കപ്പേളയുടെ നീളം വർധിപ്പിച്ച് മോണ്ടളം പണികഴിപ്പിച്ചു. തീർഥാടകരുടെയും പാറേൽ പ്രദേശത്തെ വർധിച്ച ക്രൈസ്തവസാന്നിധ്യവും പരിഗണിച്ച് നിർമ്മിച്ച രണ്ടാമത്തെ പള്ളി 1974 ഡിസംബർ അഞ്ചിന് മാർ ആന്റണി പടിയറ മെത്രാപ്പോലീത്ത കൂദാശ ചെയ്തു. 1977 ൽ മരിയൻ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ച ദൈവാലയത്തെ 1981 ൽ സ്വതന്ത്ര ഇടവകയാക്കി ഉയർത്തി. ഫാ. ലൂക്കാ പീടിയേക്കൽ ആയിരുന്നു പ്രഥമ വികാരി.

വിശ്വാസികളുടെ എണ്ണത്തിലും തീർഥാടകരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായതോടെയാണ് വീണ്ടും പുതുക്കിപ്പണിയേണ്ട സാഹചര്യം ഉണ്ടാകാത്ത വിധത്തിൽ ഒരു ദൈവാലയം പണിയുക എന്ന ആശയം രൂപപ്പെട്ടത്. ഇത് പ്രകാരം ഒരു ദൈവാലയം നിർമ്മിക്കാൻ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആയിരുന്ന മാർ ജോസഫ് പെരുന്തോട്ടം പിതാവ് അനുമതി നൽകി.

2014 ൽ ഫ്രാൻസിസ് മാർപാപ്പയാണ് പുതിയ ദൈവാലയത്തിനായുള്ള അടിസ്ഥാനശില ആശീർവദിച്ചത്. വത്തിക്കാനിൽ വച്ച് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന അവസരത്തിലാണ് ഈ ദൈവാലയത്തിന്റെ മൂലക്കല്ലും പിതാവ് ആശീർവദിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏകദേശം 51,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണത്തിലാണ് ബൃഹത്തായ ഈ ദൈവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സീറോമലബാർ സഭയുടെ പൗരസ്ത്യ പാരമ്പര്യവും ഭാരതീയകലയും സംസ്കാരവും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന ഒരു വലിയ ആത്മീയകേന്ദ്രമായി ഈ ദൈവാലയം ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതിന്റെ നിർമ്മാണം മുന്നോട്ടു കൊണ്ടുപോയത്.

ആ ദീർഘവീക്ഷണം അന്വർഥമാക്കികൊണ്ട് പണി പൂർത്തിയാക്കിയ പാറേൽ തീർഥാടനകേന്ദ്രം ഇന്ന് കൂദാശയ്ക്കായി ഒരുങ്ങിയിരിക്കുകയാണ്. പുതിയ പള്ളിയുടെ കൂദാശയ്ക്കു മുൻപേ, ചങ്ങനാശേരി പാറേൽ സെൻറ് മേരീസ് പള്ളിയെ വത്തിക്കാൻ, ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതും വിശ്വാസ സമൂഹത്തിന്  ആനന്ദത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഈ ദൈവാലയത്തിൽ നിന്ന് ആത്മീയതയും ആശ്വാസവും എല്ലാവരും നുകരട്ടെ.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.