
കാത്തിരിപ്പ് എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും കഠിനമായ കാര്യമാണ്. ഒരു രോഗശാന്തിക്കായുള്ള കാത്തിരിപ്പ്, തകർന്ന ഒരു ബന്ധം വിളക്കിച്ചേർക്കാനുള്ള കാത്തിരിപ്പ്, ഒരു പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാനുള്ള കാത്തിരിപ്പ് – ഇവയെല്ലാം നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്നവയാണ്. കാത്തിരിപ്പ് നീളുമ്പോൾ വിരഹവേദന കൂടുകയും പ്രതീക്ഷകൾ മങ്ങുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
സാമുവൽ ബെക്കറ്റിന്റെ പ്രശസ്തമായ ‘വെയ്റ്റിംഗ് ഫോർ ഗോദോ’ (Waiting for Godot) എന്ന നാടകം കാത്തിരിപ്പിന്റെ ഈ അനിശ്ചിതത്വത്തെ വരച്ചുകാട്ടുന്നു. വ്ലാഡിമിറും എസ്ട്രഗോണും ‘ഗോദോ’ എന്ന ഒരാളെ കാത്ത് വിജനമായ ഒരു വഴിയോരത്ത് നിൽക്കുകയാണ്. അവർക്ക് അയാൾ എപ്പോൾ വരുമെന്നോ, വരുമോ എന്ന് തന്നെയോ ഉറപ്പില്ല. എങ്കിലും അവർ കാത്തിരിപ്പ് തുടരുന്നു. മനുഷ്യജീവിതത്തിലെ ലക്ഷ്യമില്ലാത്ത കാത്തിരിപ്പുകളുടെയും വിരഹത്തിന്റെയും പ്രതീകമായി ഈ നാടകം മാറി. എന്നാൽ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമ്മുടെ കാത്തിരിപ്പ് അജ്ഞാതനായ ഒരാൾക്കു വേണ്ടിയല്ല, മറിച്ച് വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിനു വേണ്ടിയാണ്.
അമേരിക്കൻ കവി ഹെൻറി വാഡ്സ്വർത്ത് ലോംഗ്ഫെലോ തന്റെ ‘ദി റെയ്നി ഡേ’ (The Rainy Day) എന്ന കവിതയിൽ കാത്തിരിപ്പിന്റെയും നിരാശയുടെയും ദിനങ്ങളെക്കുറിച്ച് എഴുതുന്നു: “നിശ്ശബ്ദമായിരിക്കുക, ദുഃഖിതമായ ഹൃദയമേ! വിലപിക്കുന്നത് നിർത്തുക; മേഘങ്ങൾക്കു പിന്നിൽ സൂര്യൻ ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.” പുറത്തു പെയ്യുന്ന മഴയും കൊഴിഞ്ഞുവീഴുന്ന ഇലകളും നമ്മുടെ ഉള്ളിലെ വിഷമങ്ങളെയും തകർന്ന പ്രതീക്ഷകളെയും ഓർമ്മിപ്പിക്കാം. ആ നിമിഷങ്ങളിൽ നിരാശ സ്വാഭാവികമാണ്. എന്നാൽ, മഴമേഘങ്ങൾ ആകാശത്തെ മറയ്ക്കുമ്പോൾ സൂര്യൻ ഇല്ലാതാകുന്നില്ല; അത് അവിടെത്തന്നെ പ്രകാശിക്കുന്നുണ്ട്. കാത്തിരിപ്പിന്റെ ഇരുണ്ട ദിനങ്ങളിലും തിരശീലയ്ക്കു പിന്നിൽ നമ്മുടെ നന്മയ്ക്കായി ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യം നാം മറക്കരുത്. പരാതികളും വിലാപങ്ങളും മാറ്റി, ഹൃദയത്തെ ശാന്തമാക്കുന്നിടത്താണ് പ്രതീക്ഷയുടെ തുടക്കം. വിത്ത് മണ്ണിൽ വീണ് മുളപൊട്ടാൻ സമയമെടുക്കുന്നതുപോലെ, എല്ലാ നല്ല കാര്യങ്ങൾക്കും അതിന്റേതായ ഒരു സമയമുണ്ട്.
“ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല” (ഏശയ്യാ 40:31) എന്ന വചനം നമുക്ക് ശക്തി നൽകട്ടെ.
കാത്തിരിപ്പ് വെറുതെയിരിക്കലല്ല; അതൊരു ഒരുക്കമാണ്. പ്രിയപ്പെട്ട ഒരാളുടെ വരവിനായി നാം വീട് വൃത്തിയാക്കി ഒരുക്കുന്നതുപോലെ, ദൈവത്തിന്റെ ഇടപെടലിനായി നാം നമ്മുടെ ഹൃദയത്തെ ഒരുക്കുകയാണ് കാത്തിരിപ്പിലൂടെ ചെയ്യുന്നത്. വിരഹത്തിന്റെ വേദന നമ്മെ കൂടുതൽ പക്വതയുള്ളവരാക്കി മാറ്റുന്നു.
പ്രായോഗികം
നിങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ഓർക്കുക. അതിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ ഒഴിവാക്കി, ഇന്ന് ആ കാര്യം ദൈവത്തിന്റെ സമയത്തിനായി വിട്ടുകൊടുക്കുക. കാത്തിരിപ്പിന്റെ ഈ സമയത്ത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ചിന്ത
ദൈവത്തിന്റെ ഘടികാരം നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല, മറിച്ച് നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് ചലിക്കുന്നത്. അതിനാൽ കാത്തിരിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS




