ഉക്രൈൻ യുദ്ധം: നയതന്ത്ര ചർച്ചകൾ അടിയന്തരമാണെന്ന് ആർച്ച്ബിഷപ്പ് ഗാല്ലഗർ

ഉക്രൈനിലെ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും എന്നാൽ സൈനിക നടപടികളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാകില്ലെന്നും വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ. വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

“വത്തിക്കാന്റെ നിലപാട് വ്യക്തമാണ് – ഈ സംഘർഷം സൈനികശക്തി ഉപയോഗിച്ച് പരിഹരിക്കാൻ കഴിയില്ല. ഗൗരവമേറിയ രാഷ്ട്രീയ, നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് പ്രധാനം. ഏതൊരു സാഹചര്യത്തിലും ഈ യുദ്ധം അവസാനിച്ചേ തീരൂ. ശത്രുത അവസാനിപ്പിച്ച് ഭാവിബന്ധങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” ആർച്ച്ബിഷപ്പ് ഗാല്ലഗർ പറഞ്ഞു.

മനുഷ്യത്വപരമായ വിഷയങ്ങളിൽ പരസ്പരം സഹകരിക്കുന്നത് യുദ്ധത്തിന്റെ കെടുതികൾ കുറയ്ക്കാനും ഇരുപക്ഷവും തമ്മിലുള്ള അവിശ്വാസം ഇല്ലാതാക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

അതേസമയം, വത്തിക്കാന്റെ സമാധാനശ്രമങ്ങളെയും സമഗ്രമായ നിലപാടുകളെയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പ്രശംസിച്ചു. മാനുഷിക കാര്യങ്ങളിൽ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ആർച്ച്ബിഷപ്പ് ഗാല്ലഗർ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവുമായും കൂടിക്കാഴ്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.