നീതിക്കായുള്ള നിലവിളികൾക്ക് സഭയും സമൂഹവും ചെവികൊടുക്കണം: ലെയോ പാപ്പ

നീതിക്കായുള്ള സാധാരണക്കാരുടെ നിലവിളികൾ ഉത്തരമില്ലാതെ തുടരുന്നത് സഭയ്ക്കും സമൂഹത്തിനും ഒരുപോലെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പെറുവിലെ തന്റെ മുൻ രൂപതയായ ചിക്ലായോയിലെ സാന്താ ക്രൂസ് ഡി സുച്ചബാംബയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സംസാരിക്കുകയായിരുന്നു പാപ്പ.

“അനേകം മനുഷ്യരുടെ ഹൃദയങ്ങളിൽ നിന്നുയരുന്ന നീതിക്കായുള്ള നിലവിളികൾക്കു നേരെ കണ്ണടയ്ക്കരുത്. സ്വാർഥതയെയും അനീതിയെയും പ്രാർഥനയിലൂടെയും ക്ഷമയിലൂടെയും തിന്മയ്‌ക്കെതിരായ നിരന്തരമായ പോരാട്ടത്തിലൂടെയും മറികടക്കണം,” പാപ്പ പറഞ്ഞു.

ജനങ്ങൾക്ക് അന്തസ്സുള്ള തൊഴിൽ നൽകാനും അതുവഴി സമഗ്രമായ മനുഷ്യവികസനം സാധ്യമാക്കാനും പരിശ്രമിക്കുന്നവരെ പാപ്പ പ്രത്യേകം അഭിനന്ദിച്ചു. പ്രദേശത്ത് വിശ്വാസം വളർത്തിയ ആദ്യകാല മിഷനറിമാരെയും വൈദികരുടെ അഭാവത്തിലും വിശ്വാസികൾക്ക് ആത്മീയനേതൃത്വം നൽകുന്ന മതബോധന അധ്യാപകരെയും അൽമായരെയും മാർപാപ്പ നന്ദിയോടെ സ്മരിച്ചു.

​ആൻഡീസ് പർവതനിരകളിലെ ഗ്രാമീണമേഖലകളിൽ നിന്ന് ദീർഘദൂരം യാത്ര ചെയ്ത് ‘എൽ സെന്യോർ ഡെൽ കോസ്റ്റാഡോ’ തിരുനാളിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ തീർഥാടനത്തെ പാപ്പ പ്രകീർത്തിച്ചു. പ്രതിസന്ധികളിൽ തളരാതെ കർത്താവിൽ പ്രത്യാശയർപ്പിക്കാനും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വക്താക്കളാകാനും ആഹ്വാനം ചെയ്താണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.