ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കർശന നിയന്ത്രണങ്ങളുമായി ഓസ്ട്രിയൻ കത്തോലിക്കാ സഭ

സഭയുടെ പ്രവർത്തനങ്ങളിലും കൂദാശകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഉപയോഗത്തിന് കർശന മാർഗനിർദേശങ്ങളും നിയമങ്ങളും പുറത്തിറക്കി ഓസ്ട്രിയൻ കത്തോലിക്കാ സഭ. സാൽസ്ബർഗിൽ നടന്ന ഓസ്ട്രിയൻ ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് ചരിത്രപരമായ നീക്കത്തിന് തുടക്കം കുറിച്ചത്. മനുഷ്യബന്ധങ്ങൾക്കോ, ഇടവക സംഭാഷണങ്ങൾക്കോ, സഭയുടെ കൂദാശകൾക്കോ പകരമായി എഐ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയോടെയാണ് സഭാനേതൃത്വം പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

കൂദാശകളുടെ ആഘോഷം, പ്രസംഗം, ആരാധനക്രമം അല്ലെങ്കിൽ ഇടവക ശുശ്രൂഷ എന്നിവയിൽ എഐയുടെ ഉപയോഗം പിന്തുണ നൽകുന്നതിനു മാത്രമായിരിക്കണമെ ന്നും പുതിയ നിയമങ്ങളിൽ പ്രത്യേകം പറയുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ബിഷപ്പുമാർ പുതിയ നിബന്ധനകൾ പ്രസിദ്ധീകരിച്ചത്. രേഖയുടെ പൂർണ്ണരൂപത്തിലുള്ള ഭാഗത്തിന് ‘ഓസ്ട്രിയയിലെ കത്തോലിക്കാ സഭയിലും അതിന്റെ സ്ഥാപനങ്ങളിലും എഐ സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച ചട്ടക്കൂട് നിയന്ത്രണം’ എന്നാണ് പേരിട്ടിരിക്കുന്നത്. ബിഷപ്സ് കോൺഫറൻസിന്റെ അടുത്ത ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും.

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിന്റെ കൂടുതൽ മേഖലകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ടുവരുന്ന അവസരങ്ങൾക്കൊപ്പം തന്നെ ഉയർന്ന അപകടസാധ്യതകളുമുണ്ട്. സഭയുടെ പ്രവർത്തനങ്ങൾക്കും ദൗത്യത്തിനുമായി എഐ പുതിയ സാധ്യതകൾ തുറന്നുതരുന്നുണ്ട്. ഇതിന്റെ ഉപയോഗം പുതിയ ധാർമ്മിക, നിയമ, സാമൂഹിക വെല്ലുവിളികൾ ഉയർത്തുന്നു. അതിനാൽ ഉത്തരവാദിത്വത്തോടെയുള്ള കൈകാര്യം ചെയ്യൽ ആവശ്യമാണ്. മനുഷ്യനെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാട്, ഓരോ വ്യക്തിയുടെയും അലംഘനീയമായ അന്തസ്സ്, അവരുടെ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനം എന്നിവയിലൂന്നിയാണ് ഈ നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നത്,” ബിഷപ്പുമാർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.