
പെറു സന്ദർശനത്തിനിടെ, താൻ മുൻപ് ബിഷപ്പായി സേവനമനുഷ്ഠിച്ച ചിക്ലായോ രൂപതയിലെ നൂറ്റിനാൽപതോളം വൈദികർക്കൊപ്പം അത്താഴവിരുന്നിൽ ലെയോ പതിനാലാമൻ പാപ്പ പങ്കെടുത്തു. വൈദികർക്കൊപ്പം അത്താഴം കഴിക്കാൻ മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് സാന്റോ ടൊറിബിയോ ഡി മൊഗ്രോവെജോ സ്കൂളിൽ വച്ചായിരുന്നു സ്നേഹവിരുന്ന് നടത്തപ്പെട്ടത്.
തങ്ങളോടൊപ്പമായിരിക്കുന്നതിൽ മാർപാപ്പ “വളരെ സന്തോഷവാനായിരുന്നു” എന്ന് അത്താഴവിരുന്നിൽ പങ്കെടുത്ത ഒരു വൈദികൻ വെളിപ്പെടുത്തി. തങ്ങളുടെ മുൻ ഇടയനെ പാപ്പയായി വീണ്ടും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു നൂറ്റിനാൽപതോളം വരുന്ന വൈദികരും. എല്ലാവരോടുമൊപ്പം ആയിരിക്കാൻ സാധിച്ചതിൽ പാപ്പയ്ക്കും ഒപ്പം ഞങ്ങൾക്കും അതിയായ സന്തോഷമുണ്ടെന്ന്,ലെയോ പാപ്പ ചിക്ലായോ ബിഷപ്പായിരുന്ന കാലത്ത് കത്തീഡ്രൽ വികാരിയായിരുന്ന ഫാ. ജോർജ് മില്ലൻ വെളിപ്പെടുത്തി.
“ഞങ്ങൾ അദ്ദേഹത്തോട് ഒരു ഫോട്ടോ ചോദിക്കുന്നതിനു പകരം, “നിങ്ങളിൽ ഓരോരുത്തരോടുമൊപ്പം എനിക്ക് ഫോട്ടോയെടുക്കണം” എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഓരോരുത്തരായി പാപ്പയുടെ അടുത്തേക്ക് ചെന്നു; വളരെ ക്ഷമയോടും സ്നേഹത്തോടും കൂടെ ഹൃദ്യമായ ഭാവത്തോടെ ഞങ്ങളുടെ പേരുകൾ വിളിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ അഭിവാദ്യം ചെയ്തു. അദ്ദേഹത്തിന് എല്ലാവരെയും ഓർമ്മയുണ്ടായിരുന്നു. അദ്ദേഹം വളരെ സംതൃപ്തനും സന്തുഷ്ടനുമായിരുന്നു,” ഫാ. ജോർജ് മില്ലൻ വെളിപ്പെടുത്തി.
“ഇടവകകളെ സജീവമായി നിലനിർത്താനും പരസ്പരം വളരെയധികം സ്നേഹിക്കാനും ഒരുമിച്ചുനിൽക്കാനും സുവിശേഷവൽക്കരണത്തിനും ദൈവസ്നേഹത്തിനുമായി എപ്പോഴും പ്രവർത്തിക്കാനും” മാർപാപ്പ വൈദികരെ പ്രോത്സാഹിപ്പിച്ചതായി ഫാ. മിലാൻ പറഞ്ഞു. ഒരു കുടുംബത്തിലെ ആളുകൾ ഒരുമിച്ചുകൂടിയതു പോലെയുള്ള അനുഭവമായിരുന്നു അതെന്നു പറഞ്ഞ ഫാ. മിലാൻ, പാപ്പയാണ് തങ്ങളുടെ കൂടെയുള്ളത് എന്ന് ഇടയ്ക്കിടെ ഓർത്തെടുക്കേണ്ട അവസ്ഥ ഉണ്ടായതായും കൂട്ടിച്ചേർത്തു.



