
പെറു സന്ദർശനത്തിന്റെ നാലാം ദിനത്തിൽ ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലിലെത്തിയ ലെയോ പതിനാലാമൻ പാപ്പ അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടധാരണം നടത്തുകയും തന്റെ ജീവിതവും ശുശ്രൂഷയും പരിശുദ്ധ മറിയത്തിന് സമർപ്പിക്കുകയും ചെയ്തു.
2015 ൽ റോബർട്ട് പ്രെവോസ്റ്റ് എന്ന പേരിൽ തന്റെ മെത്രാൻ ശുശ്രൂഷ ആരംഭിച്ച അതേ കത്തീഡ്രലിലേക്കാണ് പാപ്പ വീണ്ടുമെത്തിയത്. 2023 ൽ ഫ്രാൻസിസ് പാപ്പ വത്തിക്കാനിലേക്ക് വിളിക്കുന്നതുവരെ പാപ്പ ചിക്ലായോ രൂപതയുടെ മെത്രാനായിരുന്നു.
തിരുക്കർമ്മങ്ങളോടനുബന്ധിച്ചു നൽകിയ സന്ദേശത്തിൽ തന്റെ മുൻ കത്തീഡ്രലിൽ വിശ്വാസികളോടൊപ്പം പ്രാർഥിക്കാൻ സാധിച്ചതിൽ പാപ്പ ദൈവത്തിന് നന്ദി പറഞ്ഞു. ചിക്ലായോയുടെ മധ്യസ്ഥയും സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയുമായ മാതാവിനോടുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും പ്രതീകമായാണ് തിരുസ്വരൂപത്തിൽ കിരീടമണിയിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി.
ലോകമെമ്പാടും അക്രമങ്ങളും ദുരിതങ്ങളും നിലനിൽക്കുമ്പോഴും, പ്രത്യാശയുടെ വെളിച്ചമായ യേശുക്രിസ്തുവിലേക്ക് നമ്മെ നയിക്കാൻ പരിശുദ്ധ മറിയത്തിനു സാധിക്കുമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഒരു മെത്രാനെന്ന നിലയിൽ വിശ്വാസികളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കാൻ തന്നെ പഠിപ്പിച്ചതിന് മാതാവിന് നന്ദി പറഞ്ഞ പാപ്പ, ‘പത്രോസിന്റെ പിൻഗാമിയായുള്ള എന്റെ ജീവിതവും ശുശ്രൂഷയും ഇന്ന് അങ്ങയുടെ വിമലഹൃദയത്തിന് ഞാൻ സമർപ്പിക്കുന്നു’ എന്ന് പ്രാർഥിച്ചു.
ചിക്ലായോയിലെ വിശ്വാസികളെ സംരക്ഷിക്കണമെന്നും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വക്താക്കളായി മാറാൻ എല്ലാവരെയും അനുഗ്രഹിക്കണമെന്നും പ്രാർഥിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.


